തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ടയും അദ്ദേഹത്തിന്റെ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് 'ഫാമിലി സ്റ്റാര്‍.' എന്നാല്‍ വെള്ളിയാഴ്ച തിയേറ്ററിലെത്തിയ ചിത്രത്തിന് മറ്റു വിജയ് ചിത്രങ്ങളെ അപേക്ഷിച്ച് മിത പ്രതികരണങ്ങളും മോശം അവലോകനവുമാണ് ഉണ്ടായത്. തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ പുറത്തിറങ്ങിയ ഫാമിലി സ്റ്റാര്‍, താരത്തിന്റെ സ്റ്റാര്‍ വാല്യുവിനെ തന്നെ ബാധിക്കുന്ന ഒരു നിര്‍ണ്ണായക ചിത്രമാണ്. എന്നാല്‍ വലിയ രീതിയിലുള്ള ട്രോളുകളാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത്.
ഇപ്പോഴിതാ, വിജയ് ദേവരകൊണ്ട ചിത്രങ്ങള്‍ക്കെതിരെ നിരന്തരമായി നെഗറ്റീവ് ഓണ്‍ലൈന്‍ കാമ്പെയ്നുകള്‍ നടക്കുന്നതായി ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്, നടന്റെ മാനേജരും ഫാന്‍ ക്ലബ്ബ് പ്രസിഡന്റും. ഹൈദരാബാദിലെ മദാപൂര് പൊലീസിനാണ് ട്രോളുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്.
പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും, വ്യാജ പ്രചരണം നടത്തുന്ന ഫേക്ക് ആക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുക്കുമെന്നും താരത്തിന്റെ പ്രതിനിധി എക്‌സിലൂടെ അറിയിച്ചു. 'ആസൂത്രിത നെഗറ്റീവ് കാമ്പെയ്നുകള്‍ നടത്തുന്ന വ്യക്തികള്‍ക്കെതിരെ സൈബര്‍ ക്രൈം പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ നടപടി തുടങ്ങി, വ്യാജ ഐഡികളെയും ഉപയോക്താക്കളെയും സമയബന്ധിതമായി കണ്ടെത്തുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്' പരാതി നല്‍കുന്ന ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.
ചിത്രം റിലീസു തെയ്യുന്നതിന് മുന്‍പ് തന്നെ ചിത്രിത്തിനെതിരെ ട്രോളിങ് ആരംഭിച്ചിരുന്നു. ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ, മിഡില്‍ ക്ലാസ് കുടുംബത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ കൂടുതലും ആഡംബര ക്രമീകരണങ്ങളാണെന്നായിരുന്ന പ്രധാന വിമര്‍ശനം. ആളുകള്‍ ആശയക്കുഴപ്പത്തിലാണോ അതോ, ഞങ്ങളെ ട്രോളാന്‍ വേണ്ടി അങ്ങനെ ചെയ്യുന്നതാണോ എന്ന്, പത്രസമ്മേളനത്തിനിടെ, വിജയ് ദേവരകൊണ്ട പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെയും അക്കൗണ്ടുകളുടെയും വിവരങ്ങളും, സ്‌ക്രീന്‍ ഷോട്ടുകളും ഉള്‍പ്പെടെയാണ് വിജയ് ദേവരകൊണ്ടയുടെ മാനേജര്‍ അനുരാഗ് പര്‍വ്വതനേനിയും, ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് നിശാന്ത് കുമാറും പരാതി രജിസ്റ്റര്‍ ചെയ്തത്. വിജയ്യുടെ ഗോവിന്ദ് എന്ന കഥാപാത്രം, വിലകൂടിയ ചെരുപ്പുകള്‍ ധരിച്ചെതിനെ ഓണ്‍ലൈനില്‍ നിരവധി ആളുകള്‍ ട്രോളുന്നതായി ചിത്രത്തിന്റെ നിര്‍മ്മാതാവ് ദില്‍ രാജു പറഞ്ഞു.