ദുല്‍ഖര്‍ സല്‍മാന് തിരിച്ചു വരവ് നല്‍കിയ ചിത്രമാണ് വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തില്‍ എത്തിയ ലക്കി ഭാസ്‌കര്‍. ചിത്രത്തിന്റെ വിജയത്തോട് അനുബന്ധിച്ച് ഛായാഗ്രാഹകന്‍ നിമിഷ് രവിക്ക് ലക്ഷങ്ങള്‍ വിലയുള്ള ആഡംബര വാച്ച് സമ്മാനം നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
കാര്‍ട്ടിയര്‍ കമ്പനിയുടെ വാച്ചാണ് നിമിഷ് രവിക്കു സമ്മാനമായി നല്‍കിയത്. വാച്ചിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് എക്കാലവും തന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന സമ്മാനത്തിന് ദുല്‍ഖറിനോട് നന്ദിയുണ്ടെന്ന് നിമിഷ് രവി കുറിച്ചു.
ചില കാര്യങ്ങള്‍ നമുക്ക് ഒരുപാട് സ്‌പെഷ്യലായിരിക്കും, പ്രത്യേകിച്ചും അതിനൊരു മനോഹരമായ ഓര്‍മകളുണ്ടെങ്കില്‍. അതുപോലെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സമ്മാനമായി നല്‍കിയ ഈ വാച്ചും. ഞാനിതു കാണുമ്പോഴെല്ലാം, കിങ് ഓഫ് കൊത്ത സിനിമയെക്കുറിച്ച് ഓര്‍ക്കും. ഞങ്ങളുടെ ജീവിതത്തിലെ ഒരു മോശം അവസ്ഥയിലൂടെയായിരുന്നു പോയിക്കൊണ്ടിരുന്നത്. അവിടെ നിന്ന് ഞങ്ങളുടെ കഠിനാധ്വാനവും കൂട്ടപ്രയത്നത്തിലൂടെയും ഒരു സിനിമയിലേക്ക് എത്തി, അത് ഒടുവില്‍ ഞങ്ങളുടെ ഏറ്റവും അവിസ്മരണീയമായ ചിത്രമായി മാറി.
അതിനാല്‍, ഈ മനോഹരമായ വാച്ചിലേക്ക് നോക്കുമ്പോഴെല്ലാം, വെളിച്ചവും ഒരുപാട് പ്രതീക്ഷകളുമാകും ഞാന്‍ നോക്കി കാണുക. നന്ദി ദുല്‍ഖര്‍, ഈ സമ്മാനം ഞാന്‍ എപ്പോഴും ഹൃദയത്തോട് ചേര്‍ത്തു പിടിക്കും' നിമിഷ് രവി കുറിച്ചു.
ടൊവിനോ തോമസ് നായകനായ 'ലൂക്ക'എന്ന ചിത്രമാണ് നിമിഷ് രവി ആദ്യമായി ക്യാമറ ചലിപ്പിച്ച ചിത്രം. പിന്നീട് സാറാസ്, കുറുപ്പ്, മമ്മൂട്ടിയുടെ റോഷാക്ക്, ദുല്‍ഖര്‍ നായകനായ കിങ് ഓഫ് കൊത്ത, ലക്കി ഭാസ്‌കര്‍ തുടങ്ങിയ സിനിമകളില്‍ നിമിഷ് പ്രവര്‍ത്തിച്ചു. മമ്മൂട്ടിയുടെ ബസൂക്കയാണ് നിമിഷിന്റെ അടുത്ത ചിത്രം.