വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ റിലിസിനൊരുങ്ങുകയാണ്.ഒരു വര്‍ഷത്തെ ഗ്യാപ്പിന് ശേഷം ദുല്‍ഖറിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് ലക്കി ഭാസ്‌കര്‍.ഒക്ടോബര്‍ 31ന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്‍ പങ്ക് വച്ച വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്.
കമല്‍ ഹാസന്റെ തഗ് ലൈഫ് അടക്കം മൂന്ന് ചിത്രങ്ങള്‍ ദുല്‍ഖര്‍ കമ്മിറ്റ് ചെയ്തിരുന്നു. എന്നാല്‍, മൂന്നില്‍ നിന്നും താരം പിന്മാറുകയായിരുന്നു. ഇതിന് കാരണം നടന്‍ പങ്ക് വച്ചതിങ്ങനെ:
പകുതി ഷൂട്ട് ചെയ്തതുകൊണ്ട് മാത്രമാണ് ലക്കി ഭാസ്‌കര്‍ താന്‍ പൂര്‍ത്തിയാക്കിയതെന്നും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് താന്‍ വല്ലാതെ കഷ്ടപ്പെട്ടുവെന്നും ദുല്‍ഖര്‍ പറയുന്നു. ലക്കി ഭാസ്‌കര്‍ ഇത്രയും താമസിക്കാന്‍ കാരണം, താന്‍ ആണെന്നും ദുല്‍ഖര്‍ പറഞ്ഞു. ഇനി സിനിമകളില്‍ സജീവമാകുമെന്നാണ് ദുല്‍ഖര്‍ പറയുന്നത്.
കാന്താ എന്ന തമിഴ് ചിത്രമാണ് ദുല്‍ഖര്‍ ഇനി ചെയ്യാനിരിക്കുന്നത്. അതിനുശേഷം ഒരു തെലുങ്ക് ചിത്രവും ഉണ്ട്. ശേഷമാകും മലയാളത്തിലേക്ക് തിരിച്ച് വരിക എന്നാണ് താരം തന്നെ വെളിപ്പെടുത്തുന്നത്. സിനിമയില്‍ എത്തിയശേഷം ആദ്യമായിട്ടാണ് ഒരു വര്‍ഷത്തോളം ഗ്യാപ് എടുക്കുന്നതെന്നും വേണമെന്ന് വിചാരിച്ചിട്ടല്ലെന്നും ദുല്‍ഖര്‍ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വല്ലാതെ ബുദ്ധിമുട്ടിയെന്നാണ് ദുല്‍ഖര്‍ പറയുന്നത്.
ഒരുപാട് പണം തന്നത് കൊണ്ട് സിനിമ ചെയ്യില്ലെന്നും നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് ആഗ്രഹം എന്നും നടന്‍ വ്യക്തമാക്കി.വലിയ പ്രതിഫലത്തിന് ഒരു ഒടിടി എന്നെ ഹിന്ദിയില്‍ ഒരു ഷോ ചെയ്യാനായി സമീപിച്ചിരുന്നു. അതൊരു റീമേക്കായിരുന്നു. വലിയ പ്രതിഫലമാണ് അതിനായി എനിക്ക് അവര്‍ ഓഫര്‍ ചെയ്തത്.
പക്ഷേ ഞാന്‍ അവരോട് നോ പറഞ്ഞു. ഞാന്‍ പരസ്യങ്ങളും നിക്ഷേപങ്ങളും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ പണത്തിന് വേണ്ടി സിനിമ ചെയ്യില്ല. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ പിന്തുടരുന്ന ഒരു റൂള്‍ ആണത്. എന്റെ പ്രേക്ഷകരുടെ മനസില്‍ എപ്പോഴും ഞാന്‍ എന്റെ അച്ഛന്റെ മകനാണ് എന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
അതേസമയം, വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കര്‍ ആണ് ദുല്‍ഖറിന്റേതായി പുറത്തെത്താനുള്ള ചിത്രം. മീനാക്ഷി ചൗധരി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യര്‍ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം.
സെല്‍വമണി സെല്‍വരാജ് ഒരുക്കുന്ന 'കാന്ത' എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ഈ വമ്പന്‍ ബഹുഭാഷാ ചിത്രം നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി താരത്തിന്റേതായി ഒരു സിനിമയും പുറത്തിറങ്ങിയിട്ടില്ല. കിങ് ഓഫ് കൊത്തക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ ചിത്രമാണ് ലക്കി ഭാസ്‌കര്‍.