ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു എന്ന സിനിമയില്‍ അമല്‍ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സംഗീത് പ്രതാപ്. ഒരു എഡിറ്റര്‍ കൂടിയായ സംഗീത് നിരവധി സിനിമകളില്‍ തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂര്‍വ്വം എന്ന സിനിമയിലാണ് ഇപ്പോള്‍ സംഗീത് പ്രതാപ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ ചിത്രത്തിന്റെ സെറ്റില്‍ ജന്മദിനം ആഘോഷിക്കുന്ന നടന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. കേക്ക് വൈകിയപ്പോള്‍ മോഹന്‍ലാലും സത്യന്‍ അന്തിക്കാടും പഴംപൊരി നല്‍കിയാണ് സംഗീതിന്റെ ജന്മദിനം ആഘോഷിച്ചത്. ആദ്യം മോഹന്‍ലാലാണ് സംഗീതിന് പഴംപൊരി നല്‍കിയത്. പിന്നാലെ സത്യന്‍ അന്തിക്കാടും പഴംപൊരി നല്‍കി ജന്മദിന സന്തോഷത്തില്‍ പങ്കാളിയായി.
'കേക്ക് വൈകിയപ്പോള്‍ അവന്റെ ജന്മദിനം ആഘോഷിക്കാന്‍ ഞങ്ങള്‍ പഴംപൊരി മുറിച്ചു' എന്ന കുറിപ്പോടെയാണ് സംവിധായകനായ അനൂപ് സത്യന്‍ സെറ്റില്‍ നടന്ന ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, ഹൃദയം, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവതാരമാണ് സംഗീത് പ്രതാപ്. വിവിധസിനിമകളില്‍ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട് താരം. മലയാളികളുടെ പ്രിയപ്പെട്ട മോഹല്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന് നവാഗതനായ സോനു ടി.പിയാണ് തിരക്കഥയെഴുതുന്നത്.