ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12500 പേര്‍ ചേര്‍ന്ന് കലൂര്‍ സ്റ്റേഡിയത്തില്‍ അവതരിപ്പിച്ച ഭരതനാട്യം ലോക റെക്കോര്‍ഡ് നേടിയത് ഇക്കഴിഞ്ഞ ദിവസമാണ്. 12500 നര്‍ത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു റെക്കോര്‍ഡ് നേടിയത്. തന്റെ ഏറെനാളത്തെ സ്വപ്നം ആയിരുന്നു ഇതെന്നാണ് ദിവ്യ ഉണ്ണി പറഞ്ഞത്.
മൃദംഗ നാദം സംഘടിപ്പിച്ച പരിപാടിക്കു ഗിന്നസ് അധികൃതര്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറി. സിനിമ സീരിയല്‍ താരങ്ങളായ ദേവി ചന്ദന, ഉത്തര ഉണ്ണി, വിദ്യ ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും നൃത്തമാടി. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്കു ദീപാങ്കുരന്‍ സംഗീതം നല്‍കി പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ ആലപിച്ച ഗാനത്തിന് അനുസൃതമായാണു ഭരതനാട്യം അവതരിപ്പിച്ചത്.
ഇപ്പോഴിതാ ഏറെ കലാകാരന്മാരുടെയും, ഒരുപാട് വ്യക്തികളുടെയും വിയര്‍പ്പിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇതെന്ന് പറയുകയാണ് ദിവ്യ ഉണ്ണി. 12500 സാരികള്‍ ആണ് കല്യാണ്‍ ഈ നൃത്ത വിരുന്നിനു വേണ്ടി നെയ്ത് എടുത്തത് എന്നാണ് ദിവ്യ പറയുന്നത്.
മൃദംഗ നാദം 2024 വലിയ ഒരു സ്വപ്നമായിരുന്നു. നമ്മള്‍ ഏറെ നാളായി കാത്തിരുന്ന നിമിഷം. ഈ ഗാനം ഇതിനുവേണ്ടി എഴുതിയതാണ്. ഞങ്ങളുടെ കോസ്‌റ്യൂം പാര്‍ട്ണറും മെയിന്‍ സ്‌പോണ്‍സറും കല്യാണ്‍ ആയിരുന്നു. 12500 സാരികള്‍ ആണ് നര്‍ത്തകര്‍ക്ക് വേണ്ടി കല്യാണ്‍ നെയ്തത്. പരിപാടിയുടെ ലോഗോ ഒക്കെ വച്ചാണ് ഇതിന്റെ നിര്‍മ്മാണം. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇതൊരു ഓര്‍മ്മയാണ്. ഈ ഇവന്റ് കഴിഞ്ഞാലും ഞങ്ങള്‍ക്ക് മാത്രം ഓര്‍ക്കാവുന്ന ഞങ്ങള്‍ക്ക് മാത്രം കിട്ടിയ ഭാഗ്യമാണ്.
ഇത് കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടില്ല., ഇതിനുവേണ്ടി പ്രത്യേകമായി സൃഷ്ടിച്ചെടുത്തതാണ്. കൊറിയോഗ്രാഫി ചെയ്യാനുള്ള ഭാഗ്യം എനിക്ക് കിട്ടി. ഇതിന്റെ ഗാനം ഭഗവന്‍ ശിവന്റെ താണ്ഡവത്തെ വര്‍ണ്ണിക്കുന്ന ഒരു ഗാനം ആണ്. അതുകൊണ്ടാണ് കൈലാസത്തിന്റെ നിറങ്ങള്‍ വച്ചുകൊണ്ടുള്ള വേഷവും തെരെഞ്ഞെടുത്തത്- ദിവ്യ ഉണ്ണി പറയുന്നു.
മലയാളികളുടെ പ്രിയ താരമാണ് ദിവ്യ ഉണ്ണി. ബാലതാരമായി സിനിമയില്‍ എത്തിയ താരം, ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ആദ്യമായി നായികയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യ, സോഷ്യല്‍ മീഡിയയിലും നൃത്തലോകത്തും വളരെ സജീവമാണ്. ഇപ്പോഴിതാ തന്റെ നൃത്ത കരിയറില്‍ പുത്തന്‍ ചരിത്രം കൂടി രചിച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി.
അരവിന്ദാക്ഷ മെമ്മോറിയല്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ദിവായ നൃത്തത്തിലൂടെ സ്വന്തമാക്കിയിട്ടുണ്ട്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഇന്ത്യന്‍ നാടോടിനൃത്തം തുടങ്ങിയ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ നൃത്ത കലാരൂപങ്ങള്‍ ദൂരദര്‍ശനിലും ദിവ്യ അവതരിപ്പിച്ചിട്ടുണ്ട്.
2002ല്‍ സുധീര്‍ ശേഖരനെ ദിവ്യാ ഉണ്ണി വിവാഹം കഴിച്ചു. പിന്നീട് 2017ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് എഞ്ചിനീയറായ അരുണ്‍ കുമാറിനെ വിവാഹം കഴിച്ചു. ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്ന ദിവ്യ അവിടെ നൃത്ത വിദ്യാലയം നടത്തുകയാണ്.