Latest News

വീട്ടില്‍ നിര്‍ത്തിയിട്ട ജീപ്പ് കത്തിച്ചത് മുന്‍വൈരാഗ്യത്തിന്റെ പേരില്‍; സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് കത്തിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍; പ്രതികളെ പിടികൂടിയത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍

Malayalilife
 വീട്ടില്‍ നിര്‍ത്തിയിട്ട ജീപ്പ് കത്തിച്ചത് മുന്‍വൈരാഗ്യത്തിന്റെ പേരില്‍; സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് കത്തിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍; പ്രതികളെ പിടികൂടിയത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍

ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് കത്തിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഗുരുവായൂര്‍ പടിഞ്ഞാറേ നട മല്ലിശ്ശേരിപറമ്പ് സ്വദേശി ആദര്‍ശ് (22), ഗുരുവായൂര്‍ സ്വദേശി അസ്ലം (21) എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കേസില്‍ നേരിട്ട് പങ്കുള്ള മുഖ്യപ്രതി ചാവക്കാട് പാലയൂര്‍ സ്വദേശി ഷാനില്‍ (37) ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു. 

ഷാനിലും സംവിധായകന്‍ വിജീഷ് മണിയും തമ്മിലുണ്ടായിരുന്ന മുന്‍വൈരാഗ്യമാണ് വാഹനത്തിന് തീയിടുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ജൂലൈ 30-ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. തൃശൂര്‍ മുതുവട്ടൂര്‍ ആലുംപടിയിലുള്ള വിജീഷ് മണിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് പ്രതികള്‍ തീയിടുകയായിരുന്നു. 

തീ കൊളുത്തിയ ശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടുപേര്‍ വിജീഷ് മണിയുടെ വീടിന്റെ ഭാഗത്തേക്ക് നടന്നുപോകുന്നതും ജീപ്പിന് തീപ്പിടിച്ച ഉടന്‍ തന്നെ അവിടെനിന്ന് ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ജീപ്പ് പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഒളിവിലുള്ള ഷാനിലിനെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Read more topics: # വിജീഷ് മണി
director vijeesh manis jeep

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES