യുപിയിലെ പ്രയാഗ് രാജില്‍ മഹാകുംഭമേളയ്ക്കിടെ 'മൊണാലിസ'എന്ന പേരില്‍ വൈറലായ യുവതിയാണ് മോണി ഭോസ്ലെ. വൈറല്‍ മൊണാലിസയ്ക്ക് സിനിമ വാഗ്ദാനം ചെയ്ത സംവിധായകന്‍ സനോജ് മിശ്ര ബലാത്സംഗക്കേസില്‍ അറസ്റ്റില്‍. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദനംനല്‍കി തുടര്‍ച്ചയായി തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മറ്റൊരു യുവതി നല്‍കിയ പരാതിയിന്മേലാണ് നടപടി.
ഇന്‍സ്റ്റഗ്രാമും ടിക്ക് ടോക്കും അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സംവിധായകന്‍ സനോജ് മിശ്രയുമായി 28 കാരിയായ യുവതി പരിചയപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. പിന്നാലെ ഇരുവരും തമ്മിലുള്ള സൗഹൃദം വളരുകയും നിരന്തരം സംസാരിക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തു. 2021 ജൂണില്‍ പരാതിക്കാരിയോട് ഝാന്‍സി റെയില്‍വെ സ്റ്റേഷനിലേക്ക് എത്താന്‍ സനോജ് മിശ്ര ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇത് വിസമ്മതിച്ചതോടെ സംസാരം ഭീഷണിയുടെ സ്വരത്തിലായെന്നും പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് വിവാഹം കഴിക്കാമെന്നും സിനിമകളില്‍ അഭിനയിപ്പിക്കാമെന്നും വാഗ്ദാനം നല്‍കി മിശ്ര കഴിഞ്ഞ 4 വര്‍ഷമായി നിരന്തരം പീഡനം തുടര്‍ന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതിയെ ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 18 നു ലഭിച്ച പരാതിയില്‍ വിശദമായ അന്വേഷണത്തിന് ശേഷം മാര്‍ച്ച് ആറിനാണ് ഡല്‍ഹി പോലീസ് FIR രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ ബലാത്സംഗം, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം, ഭീഷണിപ്പെടുത്തല്‍, ഗര്‍ഭഛിദ്ര നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുസഫര്‍നഗറില്‍ നിന്ന് അബോര്‍ഷനുമായി ബന്ധപ്പെട്ട മെഡിക്കല്‍ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. 2025 ഫെബ്രുവരി 18 ന് നബി കരീമിലെ ഹോട്ടലായ ശിവയിലേക്ക് യുവതിയെ മിശ്ര കൂട്ടിക്കൊണ്ടുപോയതാണ് പരാതിക്ക് കാരണമായ സംഭവം.