തമിഴ് സിനിമയില്‍ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ. നിരവധി തമിഴ് ചിത്രങ്ങളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു കൊമ്പയ്യ. ഇപ്പോഴിതാ കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത്മലയാള സിനിമയാണ്. ഒരു മലയാള ചിത്രം സംവിധാനം ചെയ്തു കൊണ്ട് സംവിധായക നിരയിലേക്ക് കടന്നു വരുന്നു. ശ്രീ വന്ദ് ക്രിയേഷന്‍സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഒക്ടോബര്‍ പതിമൂന്നിന് ഞായറാഴ്ച്ച കൊച്ചിയിലെ ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ വച്ചു ലളിതമായ ചടങ്ങില്‍ നടന്നു. സംവിധായകന്‍ കൊമ്പയ്യ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്.
തുടര്‍ന്ന് നടന്‍ മണികണ്ഠന്‍ ആചാരി സ്വിച്ചോണ്‍കര്‍മ്മവും നിര്‍വ്വഹിച്ചു. ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും, നായിക അഷികാ അശോകനും പങ്കെടുത്ത ആദ്യ രംഗവും ചിത്രീകരിക്കപ്പെട്ടു. സമ്പന്നനായ ഒരു യുവാവിന്റെ ജീവിതവും, വെറും സാധാരണക്കാരനായ ഒരു യുവാവിന്റെ ജീവിതവുമാണ് തികഞ്ഞ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സമ്പന്നനെ വിഷ്ണു ഉണ്ണി കൃഷ്ണനും, സാധാരണക്കാരനായ യുവാവിനെ പുതുമുഖം ശിവാനന്ദും അവതരിപ്പിക്കുന്നു.
സാജ്യ ( പാഷാണം ഷാജി)യാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റഭിനേതാക്കളുടെ നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു. തിരക്കഥ - കൊമ്പയ്യ, സംഭാഷണം - ശ്യാം. പി.വി., ഛായാഗ്രഹണം -ഷെന്റോ വി. ആന്റോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ശശികുമാര്‍ ഒറ്റപ്പാലം. നവംബര്‍ ആദ്യവാരത്തില്‍ പാലക്കാട്ട് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്ടും കൊച്ചിയിലുമായി പൂര്‍ത്തിയാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.