ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സിനിമയില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് സഹ സംവിധായികയും നടിയുമായ ദേവകി ഭാഗി. അന്ന് അഭിനയിക്കാന്‍ വിളിച്ച സിനിമയുടെ സഹ സംവിധായകന്‍ മോശമായി പെരുമാറിയതോടെ അഭിനയിക്കാതെ പിന്മാറി. പിന്നീട് പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ വീണ്ടും സിനിമയിലേക്ക് അവസരം വന്നു. അപ്പോഴും സംവിധായകന്‍ മോശമായി സംസാരിച്ചു. കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും ഓഡിഷന്‍ കഴിയുമ്പോള്‍ പേടി മാറുമെന്നും സംവിധായകന്‍ പറഞ്ഞെന്നും ദേവകി ഭാഗി പറയുന്നു. ഇതാണ് ഇപ്പോഴും സിനിമ മേഖലയില്‍ തുടരുന്നതെന്നും ഭാഗി വ്യക്തമാക്കി.
സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന വ്യക്തിയില്‍നിന്നാണ് ദുരനുഭവമുണ്ടായതെന്നും കോഴിക്കോട്ട് നടന്ന ഒരു പരിപാടിയില്‍ അവര്‍ പറഞ്ഞു. ''ഏഴാം ക്ലാസില്‍ പഠിക്കുന്ന ചെറിയൊരു കുട്ടിക്ക് അങ്ങനെയൊരു അനുഭവമുണ്ടാകുകയെന്ന് പറഞ്ഞാല്‍ മനസ്സിലാക്കേണ്ടത് സിനിമയില്‍ അത്തരം ക്രിമിനല്‍ മനസ്സുള്ള ഒരു ഗ്രൂപ്പുണ്ടെന്ന് തന്നെയാണ്. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ സിനിമയില്‍ വീണ്ടും അവസരം ലഭിച്ചു. അന്നു സംവിധായകനാണ് മോശമായി പെരുമാറിയത്. അന്ന് സംവിധായകന്‍ പറഞ്ഞത് സിനിമയിലെ എല്ലാ സ്ത്രീകളും കാസ്റ്റിങ് കൗച്ചിലൂടെ കടന്നുവന്നിട്ടുള്ളതാണെന്നാണ്. മോളുടെ പേടിയൊക്കെ സ്‌ക്രീന്‍ ടെസ്റ്റ് കഴിയുമ്പോ മാറുമെന്നും അയാള്‍ പറഞ്ഞു.
കുറേ നേരത്തേക്ക് അതിന്റെ ഷോക്ക് വിട്ടുമാറിയിരുന്നില്ല, എന്നാല്‍, ഞാനയളോട് താല്‍പര്യമില്ലെന്ന് പറഞ്ഞു. വീണ്ടും വീണ്ടും അച്ഛനെ വിളിച്ച് ശല്യം ചെയ്തപ്പോള്‍ മകളെ സിനിമയിലേക്ക് അയക്കുന്നില്ലെന്ന് ദേഷ്യത്തോടെ പറയുകയായിരുന്നു. ഈ അടുത്തകാലത്ത് 'ആഭാസം' എന്ന സിനിമയില്‍ അഭിനയിച്ച പുതിയ കുട്ടികളെ പരിചയപ്പെട്ടപ്പോള്‍ മനസസ്സിലായത് ഇപ്പോഴും സിനിമയുടെ ഈ ഭീകരവശം ശക്തമായി മുന്നോട്ടുപോകുന്നുണ്ടെന്നാണെന്നും അവര്‍ പറഞ്ഞു.
അതോടെ സിനിമയിലേക്കുള്ള പ്രയത്‌നം അവസാനിച്ചു. പിന്നീട് കുട്ടിയുണ്ടായ ശേഷം ഉണ്ടായ ഡിപ്രഷനെ മറികടക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത് ഏറ്റവും ഇഷ്ടമുള്ളതെന്തോ അത് ചെയ്യാനായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് സിനിമയില്‍ അഭിനയിക്കാനും നൃത്തം ചെയ്യാനുമായിരുന്നു. ഞാന്‍ വീണ്ടും ശ്രമിച്ചുതുടങ്ങി. നൃത്തം പുനരാരംഭിച്ചു, ഓഡിഷനില്‍ പങ്കെടുക്കാന്‍ തുടങ്ങി. അപ്പോള്‍ എനിക്ക് 28 വയസ്സുണ്ട്.
'ആഭാസം' എന്ന എന്റെ ആദ്യ സിനിമയില്‍ ചെറിയൊരു റോളാണ് ചെയ്തത്. ആ സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് കൂടെ വര്‍ക്ക് ചെയ്യുന്ന കുട്ടികളില്‍നിന്നും ഓഡിഷന് പോകുമ്പോള്‍ പരിചയപ്പെടുന്ന കുട്ടികളില്‍നിന്നും ഞാന്‍ മനസ്സിലാക്കിയത്, ഞാന്‍ കുട്ടിക്കാലത്ത് കണ്ട സിനിമയുടെ ഒരു ഭീകരവശം വളരെ ശക്തമായി അപ്പോഴും മുന്നോട്ടുപോകുന്നു എന്നാണ്' -എന്നിങ്ങനെയായിരുന്നു ദേവകി ഭാഗിയുടെ വാക്കുകള്‍.