Latest News

വിഷാദരോഗത്തെ അപകീര്‍ത്തിപ്പെടുത്തി: നടി കൃഷ്ണ പ്രഭയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി; അറിവില്ലെങ്കില്‍ അതിനെ പറ്റി പറഞ്ഞു പരിഹസിക്കാതിരിക്കാനുള്ള വകതിരിവ് കാണിക്കാമെന്ന കുറിപ്പുമായി സൗമ്യ സരിനും

Malayalilife
വിഷാദരോഗത്തെ അപകീര്‍ത്തിപ്പെടുത്തി: നടി കൃഷ്ണ പ്രഭയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി; അറിവില്ലെങ്കില്‍ അതിനെ പറ്റി പറഞ്ഞു പരിഹസിക്കാതിരിക്കാനുള്ള വകതിരിവ് കാണിക്കാമെന്ന കുറിപ്പുമായി സൗമ്യ സരിനും

മലയാള സിനിമ നടി കൃഷ്ണ പ്രഭ ഒരു യൂട്യൂബ് അഭിമുഖത്തില്‍ വിഷാദരോഗത്തെ (Depression) നിസ്സാരവല്‍ക്കരിച്ചുകൊണ്ട് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ, പൊതുജനാരോഗ്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, കേരള മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ പരാതി സമര്‍പ്പിച്ചതായി പരാതി നല്‍കിയ ധനഞ്ജയ് അറിയിച്ചു . 

പ്രമുഖ യൂട്യൂബ് ചാനലായ 'YES 27'-ന് നല്‍കിയ അഭിമുഖത്തിലാണ് (വീഡിയോ ലിങ്ക്: https://youtu.be/55tMAU8mgqk) നടി കൃഷ്ണ പ്രഭ, വിഷാദരോഗത്തെ 'പണ്ടത്തെ വട്ട് ഇപ്പോഴത്തെ ഡിപ്രഷന്‍' എന്ന് തമാശ രൂപേണ പരാമര്‍ശിച്ചത്. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരെ കൂടുതല്‍ ഒറ്റപ്പെടുത്താനും ചികിത്സ തേടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനും സാധ്യതയുള്ള അശാസ്ത്രീയമായ ഈ പ്രസ്താവന, പൊതുസമൂഹത്തില്‍ വലിയ സ്വാധീനമുള്ള ഒരു വ്യക്തിയുടെ ഭാഗത്തുനിന്ന് വന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരാതിയിലെ പ്രധാന ആവശ്യങ്ങള്‍:
വിവാദപരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ ഭാഗം യൂട്യൂബില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടുക.
നടി കൃഷ്ണ പ്രഭ, പൊതുജനങ്ങളോട് നിരുപാധികം ക്ഷമ ചോദിക്കുകയും മാനസികാരോഗ്യത്തെക്കുറിച്ച് ശരിയായ അവബോധം നല്‍കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക നടപടി സ്വീകരിക്കുക.

സുപ്രീം കോടതിയുടെ മുന്‍ നിരീക്ഷണങ്ങളെ (പ്രത്യേകിച്ചും Samay Raina vs. Union of India കേസിലെ) പരാമര്‍ശിച്ചുകൊണ്ട്, ദുര്‍ബല വിഭാഗങ്ങളെയും രോഗാവസ്ഥകളെയും പരിഹസിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ല എന്ന നിയമപരമായ വസ്തുതയും പരാതിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

'മാനസികാരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുമ്പോള്‍, ഇത്തരം പ്രസ്താവനകള്‍ നമ്മുടെ എല്ലാ ബോധവല്‍ക്കരണ ശ്രമങ്ങളെയും തകര്‍ക്കുന്നതാണ്. വിഷാദം എന്നത് കളിയാക്കേണ്ട ഒന്നല്ല, കൃത്യമായ ചികിത്സ ആവശ്യമുള്ള ഒരു രോഗാവസ്ഥയാണ്,' പരാതിക്കാരന്‍ പ്രസ്ഥാനവയില്‍ പറഞ്ഞു . മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിഷയത്തില്‍ അടിയന്തിരമായ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ധനഞ്ജയ് കൂട്ടി ചേര്‍ത്തു. 

വിഷാദവും മൂഡ് സ്വിങ്സും പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളെ പലരും ഗൗരവത്തിലെടുക്കുന്നില്ലെന്നും, അവ വെറും വാക്കുകളല്ലെന്നും ഡോ.സൗമ്യ സരിന്‍ കുറിച്ചു. ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് അവരുടെ ഈ പ്രതികരണം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഡോ. സൗമ്യ സരിന്‍ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഒട്ടുമിക്ക ആളുകള്‍ക്കും 'ഡിപ്രഷന്‍' എന്ന വാക്ക് ഒരു തമാശയായി മാത്രമേ തോന്നുന്നുള്ളൂ എന്നും, എന്നാല്‍ സ്വയം ഈ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴോ അല്ലെങ്കില്‍ പ്രിയപ്പെട്ട ഒരാള്‍ക്ക് ഇത് സംഭവിക്കുമ്പോഴോ മാത്രമേ അതിന്റെ യഥാര്‍ത്ഥ തീവ്രത മനസ്സിലാകൂ എന്നും ഡോ. സൗമ്യ സരിന്‍ അഭിപ്രായപ്പെട്ടു. അറിവില്ലാത്ത പക്ഷം, ഇത്തരം വിഷയങ്ങളെക്കുറിച്ച് പരിഹസിച്ച് സംസാരിക്കാതിരിക്കാനുള്ള വിവേകമെങ്കിലും കാണിക്കണമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. വിഷാദവും മൂഡ് സ്വിങ്സും യാഥാര്‍ത്ഥ്യമാണെന്നും അവ നിലവിലുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സൗമ്യ സരിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം: ഡിപ്രെഷന്‍ എന്ന വാക്ക് ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഒരു തമാശയാണ്... ഒന്നുകില്‍ സ്വയം അതനുഭവിക്കണം... അല്ലെങ്കില്‍ ഏറ്റവും പ്രിയപ്പെട്ടൊരാളെ നഷ്ടപ്പെടണം... എങ്കിലേ ആ വാക്കിന്റെ ശെരിക്കുമുള്ള ആഴം നമ്മള്‍ മനസ്സിലാക്കൂ... അറിവില്ലാത്ത പക്ഷം ഏറ്റവും കുറഞ്ഞത് അതിനെ പറ്റി പറഞ്ഞു പരിഹസിച്ചു അട്ടഹസിക്കാതിരിക്കാനുള്ള വകതിരിവ് എങ്കിലും കാണിക്കാം നമുക്ക്... വിഷാദം ഒരു വെറും വാക്കല്ല! മൂഡ് സ്വിങ്‌സ് ഒരു വെറും വാക്കല്ല! 

They do exist! മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്ന ഈ കാലഘട്ടത്തില്‍, ഡോ. സൗമ്യ സരിന്റെ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. പലപ്പോഴും തെറ്റായ ധാരണകളോ അജ്ഞതയോ കാരണം ഇത്തരം അവസ്ഥകളിലുള്ളവരെ സമൂഹം അവഗണിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാറുണ്ട്. 

ഇത്തരം വിഷയങ്ങളില്‍ പൊതുസമൂഹത്തില്‍ അവബോധം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് അവരുടെ വാക്കുകള്‍ അടിവരയിടുന്നത്. മാനസികാരോഗ്യ പ്രശ്‌നങ്ങളെ പുച്ഛിച്ചുതള്ളുന്നതിനു പകരം, അവയെ തിരിച്ചറിഞ്ഞ് പിന്തുണ നല്‍കേണ്ടതിന്റെ പ്രാധാന്യമാണ് ഈ വിഷയത്തില്‍ ഡോ. സൗമ്യ സരിന്‍ പറഞ്ഞു.
 

Read more topics: # കൃഷ്ണ പ്രഭ
complaint against krishna praba

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES