Latest News

ശ്രീനഗറിലെ സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചില്‍ അണുബാധ; യുവ ഛായാഗ്രാഹക കെ.ആര്‍.കൃഷ്ണ അന്തരിച്ചു; പെരുമ്പാവൂര്‍ സ്വദേശിനിയുടെ മരണം തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിനിടെ; മരണം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉണ്ടായ ഹൃദയസ്തംഭനം മൂലം

Malayalilife
ശ്രീനഗറിലെ സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചില്‍ അണുബാധ; യുവ ഛായാഗ്രാഹക കെ.ആര്‍.കൃഷ്ണ അന്തരിച്ചു; പെരുമ്പാവൂര്‍ സ്വദേശിനിയുടെ മരണം തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിനിടെ; മരണം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉണ്ടായ ഹൃദയസ്തംഭനം മൂലം

യുവ ഛായാഗ്രാഹക കെ ആര്‍ കൃഷ്ണ അന്തരിച്ചു. 30 വയസ്സായിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നു ശ്രീനഗറില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. പെരുമ്പാവൂര്‍ സ്വദേശിയാണ്. വിമന്‍ ഇന്‍ സിനിമ കളക്ടീവ് ( ഡബ്ല്യുസിസി) അംഗവുമാണ്.

പെരുമ്പാവൂര്‍ സ്വദേശികളായ മുടക്കുഴ കണ്ണഞ്ചേരിമുകള്‍ കോടമ്പ്രം വീട്ടില്‍ രാജന്റെയും ഗിരിജയുടെയും മകളാണ് കൃഷണ.പ്രശസ്ത സംവിധായകന്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ 'ഹിറ്റ്' സീരീസിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു കൃഷ്ണ. മലയാളി ഛായാഗ്രാഹകന്‍ സാനു വര്‍ഗീസാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ അസോഷ്യേറ്റായി കൃഷ്ണ പ്രവര്‍ത്തിക്കുകയായിരുന്നു.


രാജസ്ഥാന്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഷൂട്ടിങ്ങിനു ശേഷം ജമ്മു കശ്മീരില്‍ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കെയാണ് കൃഷ്ണ അസുഖ ബാധിതയാകുന്നത്. രോഗത്തെ തുടര്‍ന്ന് ഈ മാസം 23 ന് കൃഷ്ണയെ ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് ശ്രീനഗര്‍ ഗവ. മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തിനുള്ളില്‍ ആരോഗ്യം വീണ്ടെടുക്കുകയും വീട്ടുകാരോട് സംസാരിക്കുകയും ചെയ്തിരുന്നു. അസുഖ വിവരമറിഞ്ഞ് സഹോദരന്‍ ഉണ്ണി ശ്രീനഗറിലെത്തിയിരുന്നു. ഇന്ന് വാര്‍ഡിലേക്ക് മാറ്റാനിരിക്കെ പെട്ടെന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം.

മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ ഛായാഗ്രാഹക സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള കൃഷ്ണ ഇടക്കാലത്ത് സ്വതന്ത്ര ഛായാഗ്രാഹകയായും ജോലി ചെയ്തിട്ടുണ്ട്. സാനു വര്‍ഗീസ് ഛായാഗ്രഹണവും ജ്യോതിഷ് ശങ്കര്‍ സംവിധാനവും നിര്‍വഹിച്ച പുറത്തിറങ്ങാനിരിക്കുന്ന ബേസില്‍ ജോസഫ് ചിത്രം 'പൊന്മാനി'ലാണ് ഒടുവില്‍ മലയാളത്തില്‍ പ്രവര്‍ത്തിച്ചത്. കോവിഡിനു മുമ്പ് ദുബായിലും സ്വതന്ത്ര ഛായാഗ്രാഹകയായി പ്രവര്‍ത്തിച്ചിരുന്നു. വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. കൃഷ്ണയുടെ മൃതദേഹം നാളെ വൈകിട്ട് കൊച്ചിയില്‍ എത്തിക്കും. ജനുവരി ഒന്നിനാണ് സംസ്‌കാരം.

cinematographer k r krishna passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES