സ്ത്രീധനം സീരിയലില്‍ ചാളമേരിയായി എത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് മോളി കണ്ണമാലി. മോളി എന്നാണ് പേരെങ്കിലും ചാള മേരി എന്നു പറഞ്ഞാലേ മേരിയെ നാലാള്‍ അറിയൂ. അമര്‍, അക്ബര്‍ ആന്റണി ഉള്‍പെടെയുള്ള ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് താരം ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലാണ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് അവശനിലയിലായ താരത്തിന്റെ വാര്‍ത്ത ആരാധകരെ സങ്കടപെടുത്തിയിരുന്നു. എന്നാലിപ്പോള്‍ മേരിയുടെ ചികിത്സ നടന്‍ മമ്മൂട്ടി ഏറ്റെടുത്തെന്നാണ് റിപ്പോര്‍ട്ട്.
മിനിസ്‌ക്രീനിലൂടെയും ബിഗ്സ്‌ക്രീനിലൂടെയും കോമഡി കഥാപാത്രങ്ങളും ഡയലോഗുകളും കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് ചാളമേരി എന്ന മോളി കണ്ണമാലി. സിനിമയിലെ വെളളിവെളിച്ചത്തില്‍ എത്തിയെങ്കിലും താരത്തിന്റെ ദയനീയാവസ്ഥ മുന്‍പും ചര്‍ച്ചയായിരുന്നു. പ്രളയം വന്ന് പോയ ശേഷം അടിഞ്ഞു കൂടിയ മാലിന്യ കൂമ്പാരത്തിന് നടുവില്‍ ദുരിത ജീവിതം നയിക്കുന്ന താരത്തിന്റെ അവസ്ഥ ഏവരെയും കണ്ണീരണിയിച്ചിരുന്നു. ഇപ്പോള്‍ ഹൃദ്രോഗത്തിന്റെ അവശതകളിലാണ് മോളി. ആറുമാസത്തോളമായി പുറത്തിറങ്ങാന്‍ കൂടി കഴിയാത്ത വിധം അവസ്ഥയിലാണ് താരം.. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കായംകുളത്ത് സ്റ്റേജ് ഷോയ്ക്കുളള റിഹേഴ്സലിനിടെയിലാണ് മോളിക്ക് ഹൃദയാഘാതമുണ്ടായത്. വാല്‍വിന് തകരാറുണ്ടെന്നും മൂന്ന് ബ്ലോക്കുണ്ടെന്നും മോളി പറയുന്നു. പണമില്ലാത്തതിനാല്‍ ശസ്ത്രകിയ ചെയ്യാനാകാത്ത സാഹചര്യത്തിലായിരുന്നു മോളി. എന്നാലിപ്പോള്‍ താരത്തിന്റെ അവസ്ഥ അറിഞ്ഞ് ചികിത്സ നടന്‍ മമ്മൂട്ടി ചികിത്സ ഏറ്റെടുത്തിരിക്കയാണ് എന്നാണ് വിവരം.
ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സഹായവുമായി മമ്മൂട്ടി സാര്‍ എത്തുന്നതെന്നും മമ്മൂട്ടിയുടെ പിഎ വീട്ടില്‍ വന്ന് സംസാരിച്ചുവെന്നും മോളിയുടെ മൂത്ത മകന്‍ മനോര ന്യൂസിനോടാണ് വെളിപ്പെടുത്തിയത്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികില്‍സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സഹായവുമായി മമ്മൂട്ടി എത്തുന്നത്. അദ്ദേഹത്തിന്റെ പി.എ വീട്ടില്‍ വന്നു സംസാരിച്ചു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞുവെന്നും മോളിയുടെ മകന്‍ വ്യക്തമാക്കി. ഇപ്പോള്‍ ചികില്‍സിക്കുന്ന ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ കിട്ടിയാല്‍ ഉടന്‍ അമ്മച്ചിയെ അങ്ങോട്ടുമാറ്റും. ചികില്‍സയുടെ ചെലവൊക്കെ അദ്ദേഹം നോക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പലരും വിളിച്ച് അന്വേഷിച്ചതല്ലാതെ ഒരു സഹായവും കിട്ടിയിരുന്നില്ലെന്നും അമ്മയുടെ ചികില്‍സയാണ് ഞങ്ങള്‍ക്ക് മുഖ്യമെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ ഓപ്പറേഷനായി അമ്മച്ചിയെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും മോളിയുടെ മകന്‍ വ്യക്തമാക്കി.
'ട്രേസിങ്' എന്ന സിനിമയിലാണ് മോളി ഒടുവില്‍ അഭിനയിച്ചത്. പിന്നീട് സുഖമില്ലാതായി. കട്ടിലില്‍ തന്നെയാണ്. നിരവധി സിനിമകളില്‍ അഭിനയിച്ച മോളിയുടെ സാമ്പത്തിക സ്ഥിതി ഇപ്പോഴും മോശമാണ്. മത്സ്യത്തൊഴിലാളി കുടുംബമാണ് ഇവരുടേത്. രോഗബാധിതയായ വിവരമറിഞ്ഞ് ചലച്ചിത്ര ലോകത്തെ ചില സുഹൃത്തുക്കള്‍ മോളിയെ വിളിച്ചിരുന്നു. അതൊരു ആശ്വാസമാണെന്ന് മോളി പറയുന്നു.