ബോളിവുഡിലും തമിഴിലും തെലുങ്കിലും മലയാളത്തിലും തുടങ്ങി രാജ്യത്തെ ഒട്ടുമിക്ക ഭാഷകളിലും നായികയായി തിളങ്ങിയ നടിയാണ് ശ്രീദേവി.ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിലേക്ക് പോയ ശ്രീദേവി 2018 ഫെബ്രുവരി 24 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുന്നത്. ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇതിനെ കുറിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.
തന്റെ ഭാര്യയും നടിയുമായ ശ്രീദേവിയുടെ ദാരുണമായ മരണത്തെ കുറിച്ചും അവസാന കാലത്തെ പറ്റിയും ബോണി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.എപ്പോഴും സുന്ദരിയായിരിക്കാനും തന്റെ ഭംഗിയെ കുറിച്ചും ശ്രീദേവി എല്ലായിപ്പോഴും ശ്രദ്ധിച്ചിരുന്നു. മാത്രമല്ല സിനിമയിലെ തന്റെ കഥാപാത്രങ്ങള്‍ക്ക് ഒരു പ്രത്യേക രൂപം ഉണ്ടായിരിക്കണമെന്നും അവള്‍ ആഗ്രഹിക്കാറുണ്ട്. എന്നും സ്‌ക്രീനില്‍ സുന്ദരിയായി കാണപ്പെടുന്നതിന് വേണ്ടി അവള്‍ കടുത്ത നിയന്ത്രണങ്ങള്‍ എടുത്തിരുന്നു. ശ്രീദേവി പലപ്പോഴും ഭക്ഷണം ക്രമീകരിച്ചുള്ള ഡയറ്റുകള്‍ പിന്തുടരുമായിരുന്നു. ചിലപ്പോള്‍ ആഗ്രഹിച്ച രീതിയിലേക്ക് ശരീരം എത്തുന്നതിനായി ഭക്ഷണം കഴിക്കുന്നത് പോലും ഉപേക്ഷിക്കുമായിരുന്നു.
കൂടുതല്‍ സുന്ദരിയാകാനുള്ള അവളുടെ ശ്രമം ആശങ്കകള്‍ക്ക് കാരണമായി. ചിലപ്പോള്‍ അത് അവളുടെ ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ടാവാം. എന്നെ വിവാഹം കഴിച്ചതിന് ശേഷം ശ്രീദേവിക്ക് ബിപി കുറവായിരുന്നു. കര്‍ശനമായ ഭക്ഷണ നിയന്ത്രണം അവളുടെ ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി. അവള്‍ പലപ്പോഴും ഉപ്പ് ഇല്ലാതെയാണ് ഭക്ഷണം കഴിച്ചത്. പുറത്തുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചെങ്കിലും അത്താഴത്തിന് പോലും ഉപ്പില്ലാത്ത ഭക്ഷണം വേണമെന്നായിരുന്നു അവളുടെ ആവശ്യം.
ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം അറിയിക്കാന്‍ വീട്ടിലെത്തിയ നാഗാര്‍ജുന സംസാരിച്ചതിനെ കുറിച്ചും ബോണി കപൂര്‍ പറഞ്ഞിരുന്നു. നാഗര്‍ജുനയ്ക്കൊപ്പം അഭിനയിച്ച സിനിമയുെട ഷൂട്ടിങ്ങിനിടെ ശ്രീദേവി ബോധരഹിതയായി വീണൊരു സംഭവം ഉണ്ടായിരുന്നതിനെ പറ്റിയാണ് നാഗര്‍ജുന പറഞ്ഞത്. അന്നും ശ്രീദേവി കടുത്ത ഡയറ്റിലായിരുന്നു. സിനിമാ ജീവിതത്തോടുള്ള പ്രതിബദ്ധത അവളുടെ ആരോഗ്യത്തെ ബാധിച്ചുവെന്ന് പറയാം.
അവളുടേത് സ്വാഭാവിക മരണമല്ലെന്നും അപകടമരണമാണെന്നും തുടങ്ങി മാധ്യമങ്ങളില്‍ പലതരം വാര്‍ത്തകളാണ് വന്നത്. ശ്രീദേവിയുടെ മരണത്തിന് ശേഷം 48 മണിക്കൂര്‍ ദുബായ് പൊലീസിന്റെ ചോദ്യം ചെയ്യല്‍ ഉണ്ടായിരുന്നുവെന്നും ബോണി കപൂര്‍ പറയുന്നു.