മീടൂ ക്യാംപയിനിനെ ശക്തമായി പിന്തുണച്ചും തൊഴിലിടങ്ങളില്‍ സ്ത്രീകളെ ബഹുമാനിക്കണമെന്നും കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്‍ ട്വിറ്റ് ചെയ്തിരുന്നു. എന്നാല്‍ ബോളിവുഡിനെ പിടിച്ചു കുലുക്കിയ മീ ടൂ ക്യാംപയിനിനെ ശക്തമായി പിന്തുണച്ച ബിഗ്ബിക്കു നേരെയും മീടൂ ആരോപണം ഉയരുന്നു.അമിതാഭ് ബച്ചനെക്കുറിച്ചുളള സത്യങ്ങളും ഉടന്‍ പുറത്തു വരുമെന്ന സിനിമാ പ്രവര്‍ത്തക സ്പന ഭവാനിയുടെ പ്രതികരണമാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
തനുശ്രീ ദത്തയ്ക്കു പിന്നാലെ നായികമാരും ഗായികമാരും ഉള്‍പ്പെടെ ഉളളവര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവത്തെക്കുറിച്ചുളള വെളിപ്പെടുത്തലുമായി മീ ടൂവില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തുടക്കത്തില്‍ അമിതാഭ് ബച്ചന്‍ ഇതിനോടു പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് പിറന്നാള്‍ ദിനത്തില്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മീടൂവിനെ ശക്തമായി പിന്തുണച്ച് ബച്ചന്‍ സംസാരിച്ചിരുന്നു.
''ഒരു സ്ത്രീയ്ക്കും എവിടെ വച്ചും ഒരു തരത്തിലുള്ള മോശം പെരുമാറ്റങ്ങളും നേരിടേണ്ട അവസ്ഥ വരരുത്. പ്രത്യേകിച്ച് അവളുടെ തൊഴിലിടത്തില്‍. അത്തരം അതിക്രമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം'' എന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് നമ്മുടെ സമൂഹത്തില്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്. അതിനാല്‍ അവര്‍ക്ക് പ്രത്യേക സുരക്ഷ നല്‍കണമെന്നും ഇതിന് പിന്നാലെ ബച്ചന്‍ ട്വീറ്റ് ചെയ്യ്തു. എന്നാല്‍ അമിതാഭ് ബച്ചന്റെ വാക്കുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് ബോളിവുഡിലെ തിരക്കേറിയ ഹെയര്‍ സ്റ്റെലിസ്റ്റായ സപ്ന ഭവാനിയാണ് രംഗത്തെത്തിയത്.
ഇതു വരെ കേട്ട ഏറ്റവും വലിയ നുണയാണ് ഇതെന്നാണ് സപ്ന ട്വീറ്റ് ചെയ്തത്. പിങ്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന പരിവേഷം താങ്കള്‍ക്ക് ലഭിച്ചത്. എന്നാല്‍ നിങ്ങളെക്കുറിച്ചുള്ള സത്യവും ഉടന്‍ പുറത്തു വരും. അപ്പോള്‍ മാനസിക സമ്മര്‍ദ്ദം മറികടക്കാന്‍ നഖങ്ങള്‍ മാത്രം കടിച്ചാല്‍ മതിയാവില്ല കൈകള്‍ മുഴുവന്‍ കടിക്കേണ്ട അവസ്ഥയാവുമെന്നും സ്വപ്ന ട്വീറ്റ് ചെയ്തു. ഇതൊടെ ഇന്ത്യന്‍ സിനിമയുടെ കാരണവര്‍ സ്ഥാനം അലങ്കരിക്കുന്ന അമിതാഭ് ബച്ചന് നേരെയും ആരോപണം ഉയരാന്‍ പോകുന്നുവെന്നതിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ ആരാധകര്‍.