Latest News

കേസെടുക്കാന്‍ ഒന്നുമില്ലെന്ന ബോച്ചെയുടെ ആത്മവിശ്വാസം പൊളിച്ച് വയനാട്ടിലെ ആയിരം ഏക്കര്‍ റിസോര്‍ട്ടിലേക്ക് പോലീസ് കുതിച്ചെത്തി; സ്വര്‍ണ്ണക്കട മുതലാളിയെ വളഞ്ഞിട്ട് പിടിച്ച് കേരളാ പോലീസ്; ഹണി റോസിന്റെ പരാതി കുടുക്കായതോടെ ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്; 'വലിയ ആശ്വാസവും സമാധാനവുമെന്ന് പ്രതികരിച്ച് നടി

Malayalilife
 കേസെടുക്കാന്‍ ഒന്നുമില്ലെന്ന ബോച്ചെയുടെ ആത്മവിശ്വാസം പൊളിച്ച് വയനാട്ടിലെ ആയിരം ഏക്കര്‍ റിസോര്‍ട്ടിലേക്ക് പോലീസ് കുതിച്ചെത്തി; സ്വര്‍ണ്ണക്കട മുതലാളിയെ വളഞ്ഞിട്ട് പിടിച്ച് കേരളാ പോലീസ്; ഹണി റോസിന്റെ പരാതി കുടുക്കായതോടെ ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്;  'വലിയ ആശ്വാസവും സമാധാനവുമെന്ന് പ്രതികരിച്ച് നടി

ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ ബോച്ചെയുടെ ആയിരം ഏക്കര്‍ എസ്റ്റേറ്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തും. കോടതിയിലും ഹാജരാക്കും. റിമാന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്. നടി ഹണി റോസിനെ അപമാനിച്ചെന്ന കേസില്‍ നിയമോപദേശം തേടിയതായി വ്യവസായി ബോബി ചെമ്മണൂര്‍ അറിയിച്ചിരുന്നു. ഒരാളെ പുരാണ കഥാപാത്രത്തിനോട് ഉപമിച്ചതിന് കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് അഭിഭാഷകന്‍ അറിയിച്ചതെന്ന് ബോബി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞത്. 

ഈ പ്രതികരണം ചര്‍ച്ചയാകുമ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ കേസിന് പുതിയ ഭാവവും രൂപവും വരികയാണ്. അതിനിടെ ഹൈക്കോടതിയുടെ ചില നിരീക്ഷണങ്ങള്‍ ബോബി ചെമ്മണ്ണൂരിന് വിനയായി മാറുമെന്നാണ് വിലയിരുത്തല്‍. അതിനിടെ ബോച്ചെയെ അറസ്റ്റു ചെയ്യാതിരിക്കാനുള്ള അണിയറ നീക്കങ്ങള്‍ സജീവമാണ്. ഇതു മനസ്സിലാക്കിയാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം പ്രതിഷേധ സമരം നടത്തിയ പിവി അന്‍വറിനെ പോലീസ് അറസ്റ്റു ചെയ്തത് വീട് വളഞ്ഞാണ്. ഒരു രാത്രി ജയിലിലും അടച്ചു. ഇതെല്ലാം പരിഗണിച്ചാണ് വിവാദം ഒഴിവാക്കാന്‍ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ എടുത്തത്. ബോബി ചെമ്മണ്ണൂരിന്റെ എസ്റ്റേറ്റ് വളഞ്ഞാണ് കസ്റ്റഡിയില്‍ എടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം നീക്കങ്ങളില്‍ നിര്‍ണ്ണായകമായി.


പോലീസ് നടപടിയില്‍ വലിയ ആശ്വാസമാണ് ഇപ്പോള്‍ തോന്നുന്നതെന്ന് നടി ് പറഞ്ഞു..എന്നെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് തോന്നുന്നത്. എനിക്ക് സംരക്ഷണം നല്‍കുന്ന സര്‍ക്കാരും പോലീസ് ഡിപ്പാര്‍ട്ടുമെന്റുമുള്ള സംസ്ഥാനത്താണ് ജീവിക്കുന്നതെന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. ഞാന്‍ അനുഭവിച്ച സൈബര്‍ ബുള്ളിയിങ് അത്ര വലുതാണ്.

ആവര്‍ത്തിക്കരുതെന്ന് പലതവണ പറഞ്ഞിട്ടും തുടര്‍ന്നു. അത് പണത്തിന്റെ ഹുങ്കായും വെല്ലുവിളിയായും മാത്രമേ എനിക്ക് കാണാന്‍ കഴിയൂ. എല്ലാത്തിനും ഒരു അവസാനം വേണം. അതുകൊണ്ടാണ് പോരാട്ടത്തിന് ഇറങ്ങാമെന്ന് തീരുമാനിച്ചത്.' -പരാതിക്കാരി പറഞ്ഞു....

ഭയങ്കരമായ സന്തോഷമുണ്ട്. സന്തോഷത്തിനപ്പുറം എന്റെ തലയില്‍ നിന്ന് വലിയ ഭാരം ഒഴിഞ്ഞതുപോലെയാണ് തോന്നുന്നത്. പരാതി നല്‍കിയത് മുതല്‍ മുഖ്യമന്ത്രിയോട് സംസാരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിന് അവസരം കിട്ടി. അപ്പോള്‍ ഞാന്‍ എനിക്കും കുടുംബത്തിനുമുണ്ടായ വിഷമങ്ങള്‍ പറഞ്ഞു.നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ഡി.ജി.പി. ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ചിരുന്നു. വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാമെന്ന ഉറപ്പ് അവരെല്ലാം തന്നിരുന്നു. ഇത്രവേഗം നടപടിയെടുത്തത് കാര്യക്ഷമമായ സംവിധാനം ഇവിടെയുള്ളതുകൊണ്ടാണ്.

ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ കമന്റ് സെക്ഷനില്‍ വലിയ മാറ്റമാണ് ഉണ്ടായത്. ഇത് ഇങ്ങനെ തന്നെ മുന്നോട്ടും ഉണ്ടാകണം. അങ്ങനെയാകുമോ എന്ന് അറിയില്ല. പക്ഷേ അതിനുള്ള പോരാട്ടത്തിനാണ് ഇറങ്ങിയിരിക്കുന്നത്.' -പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.

നടി ഹണിറോസ് നല്‍കിയ സൈബര്‍ അധിക്ഷേപ പരാതി പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അതിവേഗ കരുക്കള്‍ നീക്കി. പ്രത്യേക സംഘത്തില്‍ സെന്‍ട്രല്‍ സിഐയും സൈബര്‍ സെല്‍ അംഗങ്ങളും ഉള്‍പ്പെടുന്നു. ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് കൊച്ചി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പരാതി അടിസ്ഥാനത്തില്‍ ബോബി ചെമ്മണൂരിനെ നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതും പൊലീസ് പരിശോധിച്ചു. ഒടുവില്‍ കസ്റ്റഡിയില്‍ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. മഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടും ചുമത്തിയിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് ബോബി ചെമ്മണൂരിനെതിരെ ഹണിറോസ് പൊലീസിന് പരാതി നല്‍കുന്നത്. ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ അധിക്ഷേപ കേസുകളില്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. പൊലീസിന് മൊഴി നല്‍കിയ ഹണിറോസ് ഇന്‍സ്റ്റാഗ്രാമില്‍ അടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് അടക്കം കൈമാറിയിട്ടുണ്ട്. നടിക്കെതിരെ അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.


സ്ത്രീയുടെ ശരീരഘടനയെപ്പറ്റി പറയുന്നതും, ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി വിശദീകരിച്ചിരുന്നു. സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് അനാവശ്യമായ വര്‍ണനകള്‍ നടത്തുന്നത് ലൈംഗികച്ചുവയോടെയല്ലെന്ന് കരുതാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സഹപ്രവര്‍ത്തകയുടെ പരാതിയില്‍ തനിക്കെതിരെ ആലുവ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന്‍ പുത്തന്‍വേലിക്കര സ്വദേശി ആര്‍ രാമചന്ദ്രന്‍ നായര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബദറുദ്ദീന്റെ കഴിഞ്ഞ ദിവസം ഉത്തരവ് ഇട്ടത്. സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറയുകയും ഫോണില്‍ ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതിനും ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം ആലുവ പൊലീസ് 2017 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു രാമചന്ദ്രന്‍ നായരുടെ ഹര്‍ജിയിലെ ആവശ്യം. മികച്ച ബോഡി സ്ട്രക്ചര്‍ എന്ന കമന്റില്‍ ലൈംഗികച്ചുവ ഇല്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതിനെ പരാതിക്കാരി ശക്തമായി എതിര്‍ത്തു. മുന്‍പും തനിക്കെതിരേ സമാനമായ പ്രവൃത്തി ഹര്‍ജിക്കാരന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. ഫോണ്‍ ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളില്‍നിന്ന് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചു. കെഎസ്ഇബി വിജിലന്‍സ് ഓഫീസര്‍ക്ക് അടക്കം പരാതി നല്‍കിയിട്ടും മോശമായ പെരുമാറ്റം തുടര്‍ന്നുവെന്നും പരാതിക്കാരി കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് ശരീരഘടനയെക്കുറിച്ച് പറഞ്ഞത് ലൈംഗികച്ചുവയോടെയല്ലെന്ന് കരുതാനാവില്ലെന്നും, അതിനാല്‍ ഹര്‍ജിക്കാരനെതിരെ ചുമത്തിയ വകുപ്പുകള്‍ റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതിന് സമാന കുറ്റമാണ് ബോബി ചെമ്മണ്ണൂരിനെതിരേയും ഹണി റോസ് ആരോപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കേസ് കടുക്കും.


ഹണി റോസ് വിഷയത്തില്‍ കരുതലോടെയാണ് ബോബി ചെമ്മണ്ണൂര്‍ ഇപ്പോള്‍ പ്രതികരിക്കുന്നത്. ഒരിക്കല്‍ നടിയെ കുന്തീദേവിയായി ഉപമിച്ചിരുന്നു. സംഭവം നടന്നിട്ട് മാസങ്ങളായി, അന്ന് അവര്‍ ഒരു പ്രശ്‌നവും ഉന്നയിച്ചിരുന്നില്ല. മറ്റ് സന്ദര്‍ഭങ്ങളിലും നടിയോട് തമാശ പറഞ്ഞിട്ടുണ്ട്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ആ പരാമര്‍ശങ്ങള്‍. ബോബി ചെമ്മണൂര്‍ പറഞ്ഞു. മോശമായ വാക്കുകളോ കാര്യങ്ങളോ നടി ഹണിറോസിനോട് പറഞ്ഞിട്ടില്ല. തന്റെ വാക്കുകള്‍ ആളുകള്‍ വളച്ചൊടിച്ച് സംസാരിച്ചത് ഹണി റോസിനെ വേദനിപ്പിച്ചെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പ്രാവശ്യമാണ് ഹണിറോസിനെ താന്‍ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുള്ളത്. അവര്‍ ഒരു ഫെയിം ആയതിനാല്‍ മാര്‍ക്കറ്റിങ്ങ് സെയില്‍സിന് വേണ്ടി അവരെ ക്ഷണിച്ചു. സ്റ്റേജില്‍ ഡാന്‍സ് കളിച്ചിട്ടുണ്ട്. അവരെ കുന്തീദേവിയായി ഉപമിക്കുകയുണ്ടായി. അതൊക്കെ കഴിഞ്ഞിട്ട് കുറച്ച് മാസങ്ങളായി. അതില് മോശമായ വാക്കുകളോ കാര്യങ്ങളോ പറഞ്ഞിട്ടില്ല. ബോബി ചെമ്മണൂര്‍ പറയുന്നു. പക്ഷെ, കുന്തീദേവി എന്ന് ഉപമിച്ചതിന് ബോച്ചെ വേറെ തരത്തിലാകും ചിന്തിച്ചിട്ടുണ്ടാകുക എന്നു പറഞ്ഞ് പലരും കമന്റുകള്‍ ഇട്ടിട്ടുണ്ടായിരുന്നു. ഞാന്‍ അവരോട് വളരെ മര്യാദയോടെയാണ് പെരുമാറിയിട്ടുള്ളത്. തിരിച്ചും അങ്ങനെ തന്നെയാണ്. ഇപ്പോള്‍ പെട്ടെന്ന് ഇങ്ങനെയൊരു പരാതി വന്നപ്പോള്‍ എന്നോട് വ്യക്തിവൈരാഗ്യം ഉണ്ടാകേണ്ടതില്ലെന്നാണ് മനസ്സിലാക്കുന്നത്. ഞാന്‍ പറഞ്ഞകാര്യങ്ങള്‍ ആളുകള്‍ വളച്ചൊടിച്ച് പറഞ്ഞതില്‍ ഹണിറോസിന് വിഷമം ഉണ്ടായിക്കാണും. പലരുടെയടുത്തും ഡാന്‍സ് കളിക്കാറും ഇത്തരത്തില്‍ പറയാറുമുണ്ട്. പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒരു വ്യക്തിക്ക് മാനസിക വിഷമമുണ്ടാക്കുന്നുണ്ടെങ്കില്‍, ഇനി അതിന് പോകില്ല. ഇടയ്ക്ക് ഇതുപോലുള്ള ചില തമാശകളൊക്കെ പറയും. വേറെ ഉദ്ദേശങ്ങളോ കാര്യങ്ങളോ, ആരെയും മോശമാക്കാനോ ഉദ്ദേശിച്ചിട്ടില്ല എന്നും ബോബി ചെമ്മണൂര്‍ വിശദീകരിച്ചിട്ടുണ്ട്.


അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയ സംഭവത്തില്‍ ബോബി ചെമ്മണ്ണൂരിനെതിരേ പരാതി നല്‍കിയ നടി ഹണി റോസിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ഹണി റോസ് വളരെ കൃത്യമായ ഒരു പരാതിയാണ് പൊതുമാധ്യമത്തിലൂടെ ഉന്നയിച്ചിരിക്കുന്നതെന്നു കുറിച്ച ബല്‍റാം, ആരോപണ വിധേയനായ സ്വര്‍ണമുതലാളി കം ചാരിറ്റി നായകനെതിരെ ഇവിടുത്തെ ഭരണകൂടവും ഔദ്യോഗിക നിയമ സംവിധാനങ്ങളും എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോവുന്നത് എന്നറിയേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പണക്കൊഴുപ്പിനും പിആര്‍ ബലത്തിനും മുന്‍പില്‍ നിയമവ്യവസ്ഥ മുട്ടിലിഴയരുത് എന്ന് ശക്തമായി ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം പരിഗണിച്ചാണ് സര്‍ക്കാരും നടപടികളിലേക്ക് കടന്നത്. നേരത്തേ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ഹണി റോസ്, ബോബി ചെമ്മണ്ണൂരിനെതിരേ പരാതി നല്‍കിയത്. പരാതി നല്‍കിയ വിവരം ഹണി റോസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് തനിക്കെതിരേ ഒരാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ദ്വയാര്‍ഥ പ്രയോഗം നടത്തി അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഹണി റോസ് രംഗത്തെത്തിയത്. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ പ്രതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് മന:പൂര്‍വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നായിരുന്നു ഹണി റോസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. പേര് പരാമര്‍ശിക്കാതെയായിരുന്നു ഹണി റോസിന്റെ കുറിപ്പ്.

boby chemmannur arrest

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES