മലയാള സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്ത നടിയാണ് ഭാവന. തമിഴ് നാട്ടിലും കേരളത്തിലും ഒരു പോലെ സൂപ്പര്‍ ഹിറ്റായ ചിത്രം '96'ന്റെ കന്നട പതിപ്പ് ഒരുങ്ങുന്നു. തമിഴില്‍ വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച ചിത്രം, കന്നടയിലെത്തുമ്പോള്‍ ജാനുവായി ഭാവനയും റാമായി ഗണേഷുമായിരിക്കും വെള്ളിത്തിരയില്‍ എത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
'റോമിയോ' എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പേരിലും വ്യത്യാസമുണ്ട്. 96ന് പകരം 99 എന്നാണ് പേര്. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്. പ്രീതം ഒരു അവസരവുമായി വന്നപ്പോള്‍ എനിക്ക് താത്പര്യം ഉണ്ടായിരുന്നു. കാരണം ഗണേശായിരുന്നു ചിത്രത്തിലെ നായകന്‍. ഗണേഷുമായി ഞാന്‍ നേരത്തേയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, വളരെ അടുപ്പമുള്ള നടനാണ് അദ്ദേഹം. കൂടാതെ പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കും എന്നും എനിക്കറിയാം,' ഭാവന ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു.
സാധാരണയായി റീമേക്കുകളോട് താല്‍പര്യമില്ലാത്ത ഭാവന, ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ മറ്റൊരു കാരണവും ഉണ്ടാന്നാണ് അറിയുന്നത്.
ഈ ചിത്രം എന്താണ് എന്നെനിക്ക് അറിയേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ യഥാര്‍ത്ഥ ചിത്രം കണ്ടു. പക്ഷെ 96ന്റെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. സാര്‍വ്വത്രികമായ ഒരു വശ്യതയുള്ളതുകൊണ്ട് തന്നെ എനിക്കാ കഥ ഇഷ്ടപ്പെട്ടു. കൂടാതെ 18-20 ദിവസത്തെ ഡേറ്റ് കൊടുത്താല്‍ മതി അവര്‍ക്ക്. ചിത്രീകണം ബെംഗളൂരുില്‍ ആണ്. അത് കൂടുതല്‍ സൗകര്യമായി തോന്നി, എന്നും' ഭാവന പറയുന്നു. അടുത്ത വര്‍ഷത്തോടെയായിരിക്കും ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങുക.
മലയാളിയായ പ്രേം കുമാര്‍ സംവിധാനം ചെയ്ത 96 അടുത്ത കാലത്ത് റിലീസ് ചെയ്ത പ്രണയ ചിത്രങ്ങളില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രമായിരുന്നു. തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും '96'നുണ്ട്. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറായാണ് വിജയ് സേതുപതിയെത്തുന്നത്. സഹപാഠികളായിരുന്ന വിജയ് സേതുപതിയും തൃഷയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും 96 ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം