നടന്, അവതാരകന്‍, സഹസംവിധായകന്‍, തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന ഗാനരചയിതാവായിരുന്നു ബീയാര്‍ പ്രസാദ്. കഴിഞ്ഞ ജനുവരിയിലായിരുന്നു അദ്ദേഹം വിട പറഞ്ഞ് പോയത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാായിരുന്നു മരണം. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ വിധു പ്രസാദ് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പങ്ക വച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ബീയാര്‍ പ്രസാദിനെ മാനസികമായി വളരെയധികം പീഡിപ്പിച്ചയാളാണ് ശാന്തിവിള ദിനേശ് എന്നും, വീട്ടില്‍ കൂലിപ്പണിക്ക് വന്ന ആളോട് പെരുമാറുന്നത് പോലെയായിരുന്നു പാട്ടെഴുതാന്‍ വിളിച്ചപ്പോഴുള്ള പെരുമാറ്റമെന്നും വിധു പറയുന്നു.
'പ്രസാദേട്ടന്റെ സഞ്ചയനം കഴിഞ്ഞ സമയത്താണ് ശാന്തിവിള ദിനേശ് ചെയ്ത വീഡിയോയെ പറ്റി ഞങ്ങള്‍ അറിയുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ബീയാര്‍ പ്രസാദ് എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. അദ്ദേഹത്തിനെ അടുത്തറിയാവുന്നവര്‍ക്കും ബീയാര്‍ പ്രസാദ് ആരാണെന്ന് അറിയാം. അദ്ദേഹത്തിനുണ്ടായിരുന്നു ഒരേയൊരു മൈനസ് പോയിന്റ് മദ്യപിക്കും എന്നുള്ളതായിരുന്നു. അല്ലാതെ ആരെയും ദ്രോഹിച്ചിട്ടില്ല.
ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കുമ്പോള്‍ കിട്ടുന്ന നേട്ടമായിരിക്കാം ശാന്തിവിള ദിനേശിന്റെ ആരോപണത്തിന് കാരണം. ബംഗ്‌ളാവില്‍ ഔദ എന്ന ശാന്തിവിള ചിത്രത്തിന് പാട്ടെഴുതാന്‍ പോയപ്പോള്‍ തന്നെ പ്രസാദേട്ടന്‍ എന്നോട് വിളിച്ച് പറഞ്ഞിരുന്നു, ഇയാള്‍ വല്ലാത്തൊരു സ്വഭാവമാണ്, കാശൊന്നും തരുന്നില്ലെന്ന്. അദ്ദേഹം ആരോടും കണക്ക് പറഞ്ഞ് കാശ് മേടിക്കുന്ന ആളല്ല. പതിനയ്യായിരം രൂപ രണ്ട് പാട്ടിന് വേണ്ടി വാങ്ങുക എന്ന് പറയുന്നത് വലിയ കാര്യമാണോ? അത് വാങ്ങി എന്നാണല്ലോ ശാന്തിവിള ദിനേശ് പറയുന്നത്. വണ്ടിക്കൂലിയും കഴിഞ്ഞാല്‍ പിന്നെ എന്താണ് പതിനയ്യായിരം രൂപയില്‍ ഉള്ളത്? പാട്ടെഴുതുന്ന വ്യക്തികള്‍ വാങ്ങിക്കൊണ്ടിരുന്ന തുകയുടെ നാലില്‍ ഒന്ന് പോലും ബീയാര്‍ പ്രസാദിന് കിട്ടിയിട്ടില്ല.
ബീയാര്‍ പ്രസാദിനെ മാനസികമായി വളരെയധികം ശാന്തിവിള ദിനേശ് പീഡിപ്പിച്ചിട്ടുണ്ട്. വീട്ടില്‍ കൂലിപ്പണിക്ക് വന്ന ആളോട് പെരുമാറുന്നത് പോലെയായിരുന്നു. പറഞ്ഞാലുടന്‍ പാട്ട് ഛര്‍ദ്ദിച്ച് വയ്ക്കാന്‍ കഴിയുമോ? ദിനേശ് തുടരെ മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് പ്രസാദേട്ടന്‍ ചെയ്ത ജോലിക്ക് കാശ് ചോദിച്ചത്...'' വിധു പറയുന്നു.