കൊച്ചി: റഹ്മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഓണച്ചിത്രമായി പുറത്തിറങ്ങിയ ബാഡ് ബോയ്‌സ് എന്ന ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്‌ളോഗറെ ഭീഷണിപ്പെടുത്തി നിര്‍മാതാവ്. എബ്ബാം മൂവീസ് ഉടമ എബ്രഹാം മാത്യുവാണ് 'ഉണ്ണി വ്‌ളോഗ്' വ്‌ളോഗറായ ഉണ്ണികൃഷ്ണനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. റിവ്യൂ നീക്കം ചെയ്തില്ലെങ്കില്‍ വിവരം അറിയുമെന്നും പോലീസുമായി വീട്ടിലെത്തുമെന്നുമാണ് എബ്രഹാം പറയുന്നത്. നടി ഷീലുവിന്റെ ഭര്‍ത്താവാണ് എബ്രഹാം. എബ്രഹാമിന്റെ ഫോണ്‍ കോള്‍ തന്റെ പുതിയ വ്‌ളോഗില്‍ ഉണ്ണികൃഷ്ണന്‍ പങ്കുവെച്ചിട്ടുണ്ട്.
എബ്രഹാം പറയുന്നത് ഇങ്ങനെ-'താനൊരു വീഡിയോ ഇട്ടില്ലേ, അത് രണ്ട് മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ ഞാന്‍ പോലീസിനേയും കൊണ്ട് വീട്ടില്‍ വരും. നിന്നെ തൂക്കിയെടുത്ത് പോരും. ഞാന്‍ ആരാണെന്ന് നിനക്ക് അറിയില്ല. ഇത് നിനക്ക് തരുന്ന താക്കീതാണ്. ഇപ്പോള്‍ എന്തിനാണ് വീഡിയോ ഇട്ടത്. ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിന്റെ ഗതി അധോഗതിയായിരിക്കും. നിന്റെ തോന്നുന്നത് പറയാനല്ല കോടിക്കണക്കിന് രൂപ ഞാന്‍ മുടക്കുന്നത്.
ആരാണ് നിനക്ക് ഇത്ര പൈസ തന്നത് ഇതെഴുതാന്‍. പ്രശ്‌നം ഉണ്ടാക്കാനാണെങ്കില്‍ നിന്റെ അധോഗതിയായിരിക്കും. വെറുതെ കോടാലി ഒപ്പിക്കേണ്ട. ടെന്‍ഷന്‍ വരുത്തി വെക്കാനാണെങ്കില്‍ നീ നിന്റെ പണിയുമായി മുന്നോട്ട് പോകു. എന്റെ സിനിമയെ പറ്റി വായില്‍ തോന്നിയത് വിളിച്ച് പറയാനാണോ ഞാന്‍ കോടി കണക്കിന് രൂപ മുടക്കി സിനിമ ഉണ്ടാക്കുന്നത്. എനിക്ക് നിന്റെ അഭിപ്രായം വേണ്ട. നീ പണം വാങ്ങിയത് ആരുടെ കൈയ്യില്‍ നിന്നാണെന്ന് എനിക്ക് നിന്നോട് പറയാന്‍ സാധിക്കില്ല. നിന്റെ റിവ്യൂ എന്റെ സിനിമയെ ബാധിക്കില്ല. പക്ഷെ നീ വിവരമറിയും', എബ്രഹാം പറഞ്ഞു
ഉണ്ണികൃഷ്ണന്റെ മറുപടി ഉങ്ങനെയായിരുന്നു- 'ഞാന്‍ എന്റെ അഭിപ്രായിാണ് പറഞ്ഞത്. ാനൊരാളുടേയും കൈയ്യില്‍ നിന്നും പൈസ വാങ്ങിയിട്ടില്ല. ആരുടെ കൈയ്യില്‍ നിന്നാണ് ഞാന്‍ പൈസ വാങ്ങിയത് എന്ന് പറയൂ. അതിന് ശേഷം ഞാന്‍ ഡിലീറ്റ് ചെയ്‌തോളം. എല്ലാവരും സിനിമ ചെയ്യുന്നത് കോടിക്കണക്കിന് രൂപ മുടക്കിയിട്ട് തന്നെയാണ്. ഞാന്‍ ഈ കോള്‍ റെക്കോഡ് വീഡിയോ ഇടും . അതിനൊപ്പം വീഡിയോ ഡിലീറ്റും ചെയ്യാം', എന്നാണ് വ്‌ളോഗര്‍ പറയുന്നത്. തനിക്ക് പേടിയും ടെന്‍ഷനും ഉണ്ടെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്ന ഒരുപാട് കാശുള്ളവരോട് തിരിച്ചൊന്നും പറയാന്‍ പറ്റില്ലെന്നും വ്‌ളോഗര്‍ പറഞ്ഞു. ബിബിന്‍ ജോര്‍ജ്, അന്‍സണ്‍ പോള്‍, സെന്‍ന്തില്‍, ബാബു ആന്റണി, ടിനി ടോം, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഒമര്‍ ലുലുവാണ് ചിത്രം സംവിധാനം ചെയ്തത്.