സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് പുതിയ കാര്യമല്ല. പലപ്പോഴും നമ്മുടെ പ്രിയപ്പെട്ട താരങ്ങളെ കുറിച്ചാണ് അത്തരം വാര്‍ത്തകള്‍ പുറത്തു വരാറ്. ഇപ്പോഴിതാ, നടന്‍ ബാബു രാജ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന വീഡിയോകള്‍ പുറത്തു വന്നതിനു പിന്നാലെ അതിനു ബാബു രാജ് തന്നെ രസകരമായ മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ്. ജിമ്മില്‍ വ്യായാം ചെയ്യുന്ന വിഡിയോ പങ്കുവച്ചായിരുന്നു തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ മറുപടിയുമായി എത്തിയത്.
കാര്‍ഡിയോ വര്‍ക്ഔട്ട് ചെയ്യുകയാണ് അല്ലാതെ ആശുപത്രിയിലെ കാര്‍ഡിയോ വാര്‍ഡില്‍ അല്ല എന്ന തലക്കെട്ടോടെ ജിമ്മിലെ ട്രെഡ് മില്ലില്‍ ഓടുന്ന രസകരമായ വിഡിയോ ബാബുരാജ് പങ്കുവച്ചത്. തലക്ക് മീതേ ശൂന്യാകാശം താഴെ മരുഭൂമി എന്ന പാട്ടാണ് ബാബുരാജ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടുകൂടി നടന്‍ ബാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എല്ലാവരും പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണെന്നുമുള്ള തലക്കെട്ടോടുകൂടി ഒന്നിലധികം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്.
പല നടന്‍മാരുടെയും നടിമാരുടെയും മരണ വാര്‍ത്തകള്‍ വരെ ഇത്തരത്തില്‍ വ്യാജമായി പ്രചരിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒടുവിലേതാണ് ഇത്. കഴിഞ്ഞ ദിവസം ബാബു രാജിന്റെ ഒരു ഇന്റര്‍വ്യൂ പുറത്തു വന്നിരുന്നു. നടി സാന്ദ്രാ തോമസ് നിര്‍മ്മിക്കുന്ന 'നല്ല നിലാവുള്ള രാത്രി' എന്ന സിനിമയെ ആസ്പദമാക്കിയുള്ള ഇന്റര്‍വ്യൂ ആയിരുന്നു അത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടനെ അട്ട കടിക്കുകയും അതിന്റെ അലര്‍ജി ഉണ്ടായിരുന്നതിനാല്‍ ചികിത്സ തേടേണ്ടിയും വന്നു. അതിനുള്ള മരുന്ന് കഴിക്കുമ്പോള്‍ ചെറുതായി പോലും മദ്യപിക്കരുത് എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതനുസരിക്കാതെ ആദ്യദിവസം ചെറുതായി മദ്യപിച്ചതോടെ ശരീരമാകെ തടിച്ചു വരികയും ആയിരുന്നു.
ഇടുക്കിയിലെ ഷൂട്ടിംഗ് സ്ഥലത്തു നിന്നും എറണാകുളത്ത് എത്തിയാണ് അന്ന് ചികിത്സിച്ചത്. സുഖം പ്രാപിച്ച് തിരിച്ചെത്തിയപ്പോള്‍ ബിയര്‍ കഴിച്ച് വീണ്ടും അതേ അവസ്ഥ വന്നു. വീണ്ടും ആശുപത്രിയിലെത്തി. സുഖം പ്രാപിച്ചപ്പോള്‍ വീണ്ടും മദ്യപിക്കുകയും വീണ്ടും ആശുപത്രിയിലാവുകയും ചെയ്തു. അങ്ങനെ മൂന്നു തവണ ചികിത്സ തേടേണ്ടി വന്ന കാര്യം നടനും സാന്ദ്രയും ഇന്റര്‍വ്യൂവിനിടെ പറഞ്ഞിരുന്നു. ആ സംഭവമാണ് ഇത്തരമൊരു വാര്‍ത്തയായി പ്രചരിച്ചത്. എന്തായാലും നടന്റെ വീഡിയോ താരങ്ങളടക്കം ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
സ്്ഥിരം വില്ലന്‍ വേഷങ്ങളില്‍ നിന്ന് വിട്ട് സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നിറ സാന്നിധ്യമായി കഴിഞ്ഞ ബാബുരാജ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും താരമാണ്. നായകനായും വില്ലനായും സഹനടനായുമെല്ലാം ബാബുരാജ് കയ്യടി നേടിയിട്ടുണ്ട്. സ്ഥിരം വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന ബാബുരാജ് കോമഡിയിലേക്ക് ചുവടുമാറ്റിയതോടെയാണ് കരിയറില്‍ വലിയൊരു വഴിത്തിരിവ് സംഭവിക്കുന്നത്. ഇന്ന് മലയാളത്തിലെ ഏറ്റവും ജനപ്രീയ നടന്മാരില്‍ ഒരാളാണ് ബാബുരാജ്. അഭിനയത്തിന് പുറമെ തിരക്കഥയിലും സംവിധാനത്തിലും നിര്‍മ്മാണത്തിലുമൊക്കെ ബാബുരാജ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.