ഷാങ്ഹായ് ചലച്ചിത്ര മേളയിൽ പുരസ്‌കാരത്തിളക്കവുമായി വെയിൽമരങ്ങൾ; ഔട്ട്സ്റ്റാന്റിങ് ആർട്ടിസ്റ്റിക് അവാർഡ് കരസ്ഥമാക്കിയതോടെ സ്വന്തമാക്കിയത് മേളയിൽ പുരസ്‌കാരം നേടുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന ബഹുമതിയും; ഗോൾഡൻ ഗ്ലോബെറ്റ് പുരസ്‌കാരം ഇറാനിയൻ ചിത്രമായ കാസിൽ ഓഫ് ഡ്രീംസിന്

Malayalilife
ഷാങ്ഹായ് ചലച്ചിത്ര മേളയിൽ പുരസ്‌കാരത്തിളക്കവുമായി വെയിൽമരങ്ങൾ; ഔട്ട്സ്റ്റാന്റിങ് ആർട്ടിസ്റ്റിക് അവാർഡ് കരസ്ഥമാക്കിയതോടെ സ്വന്തമാക്കിയത് മേളയിൽ പുരസ്‌കാരം നേടുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന ബഹുമതിയും; ഗോൾഡൻ ഗ്ലോബെറ്റ് പുരസ്‌കാരം ഇറാനിയൻ ചിത്രമായ കാസിൽ ഓഫ് ഡ്രീംസിന്

ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ പുരസ്‌കാര തിളക്കവുമായി വെയിൽമരങ്ങൾ. ഡോ. ബിജു സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ഔട്ട്സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാർഡാണ് 22മത് ഷാങ്ഹായ് ചലച്ചിത്രമേളയിൽ സ്വന്തമാക്കിയത്. ഷാങ്ഹായ് മേളയിൽ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രവുമാണ് വെയിൽ മരങ്ങൾ

ഇറാനിയൻ ചിത്രം കാസിൽ ഓഫ് ഡ്രീംസ് മികച്ച സിനിമയ്ക്കുള്ള ഗോൾഡൻ ഗോബ്ലെറ്റ് പുരസ്‌കാരം നേടി. സിനിമയൊരുക്കിയ റിസ മിർകരിമിയാണ് മികച്ച സംവിധായകൻ. മികച്ച നടൻ ഈ സിനിമയിലെ കേന്ദ്രകഥാപാത്രമായെത്തിയ ഹമീദ് സബേരിയാണ്. 112 രാജ്യങ്ങളിൽ നിന്നുമുള്ള 3964 ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 14 ചിത്രങ്ങളാണ് ഗോൾഡൻ ഗോബ്ലറ്റ് പുരസ്‌കാരത്തിനായി മത്സരിച്ചത്. പ്രശസ്ത ടർക്കിഷ് സംവിധായകനായ നൂറി ബിൽഗേ സെയാലിൻ ആയിരുന്നു ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോൾഡൻ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയർമാൻ.

ഡോ ബിജു രണ്ടാം തവണയാണ് ഷാങ്ഹായ് ഇന്റർനാഷനൽ ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ സിനിമയുമായി എത്തുന്നത്. 2012 ൽ ആകാശത്തിന്റെ നിറത്തിനു ശേഷം 2019 ൽ ആണ് മറ്റൊരു ഇന്ത്യൻ ചിത്രം ഷാങ്ഹായിയിൽ പ്രധാന മത്സരത്തിനെത്തുന്നത്. ലോകത്തെ പ്രശസ്തമായ ചലച്ചിത്ര മേളകളിലൊന്നിൽ വെയിൽ മരങ്ങൾ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചപ്പോൾ ആ സിനിമയെ പ്രതിനിധീകരിച്ചു പങ്കെടുക്കുക എന്ന നേട്ടം മലയാളത്തിൽ വളരെ അപൂർവം നടന്മാർക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ദ്രൻസ് വെയിൽമരങ്ങളിലൂടെ ആ അംഗീകാരത്തിന് അർഹനാകുന്നു എന്ന പ്രത്യകതയും ഈ മേളക്കുണ്ടായിുരന്നു. നിർമ്മാതാവ് ബേബി മാത്യു സോമതീരം ,പ്രകാശ് ബാരെ എന്നിവരും മേളയിൽ പങ്കെടുത്തിരുന്നു.

എപ്പോഴും വെയിലത്ത് നിൽക്കാൻ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് വെയിൽമരങ്ങൾ പറയുന്നത്. ഡോ. ബിജുവാണ് കഥ, തിരക്കഥസംഭാഷം, സംവിധാനം. ഇന്ദ്രൻസാണ് കേന്ദ്രകഥാപാത്രം. കേരളത്തിൽ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന സിനിമ ഹിമാചൽപ്രദേശ്, കേരളത്തിലെ മൺറോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളിൽ ഒന്നര വർഷം കൊണ്ടാണ് ചിത്രീകരിച്ചത്.

ഇന്ദ്രൻസ്, സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർധൻ,അശോക് കുമാർ, നരിയാപുരം വേണു, മെൽവിൻ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.ശബ്ദ മിശ്രണം പ്രമോദ് തോമസ്, ലൊക്കേഷൻ സിങ്ക് സൗണ്ട് ജയദേവൻ ചക്കാടത്ത്, സ്മിജിത് കുമാർ പി.ബി., എഡിറ്റിങ് ഡേവിസ് മാനുവൽ, സംഗീതം ബിജിബാൽ, കലാസംവിധാനം ജോതിഷ് ശങ്കർ, ചമയം പട്ടണം ഷാ, കോസ്റ്റ്യൂംസ് അരവിന്ദ് കെ.ആർ.

സുഡാനി ഫ്രം നൈജീരിയയും ഷാങ്ഹായ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. സിനിമയെ പ്രതിനിധീകരിച്ച് സംവിധായകൻ സക്കരിയ മുഹമ്മദ് ഫെസ്റ്റിവലിൽ എത്തിയിരുന്നു.

veyil marangal indrens goes to awards

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES