മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ചിത്രം തൂവാനത്തുമ്പികള്‍ ഇനി സര്‍വകലാശാല പഠനവിഷയം. കണ്ണൂര്‍ സര്‍വകലാശാലയുടെ പഠനവിഷയത്തില്‍ ഓപ്ഷണല്‍ വിഷയമായിട്ടാണ് പത്മരാജന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ചിത്രം എത്തുന്നത്. 'ഫയല്‍വാനും,' 'പവിത്രനും' എം.ജി സര്‍വകലാശാല ഉപ പാഠപുസ്‌കങ്ങളായിട്ടുണ്ടെങ്കിലും തൂവനാത്തുമ്പികള്‍ പഠനവിധേയമാകുന്നത് ഇത് ആദ്യമായിട്ടാണ്. ഒരു കാലത്ത് ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കുകയും സൂപ്പര്‍ റോളുകളില്‍ നിന്ന് മാറിയുള്ള നാടന്‍ കഥാപാത്രത്തിലൊരുങ്ങിയ മോഹന്‍ലാല്‍ ചിത്രമെന്നായിരുന്നു തൂവാനത്തുമ്പികളെ അറിയപ്പെടുന്നത് പോലും. എന്നാല്‍ തീയറ്റര്‍ പോലും പിന്തള്ളിയ ചിത്രത്തിന് പില്‍ക്കാലത്ത് മലയാളത്തിന് ഏറെ സ്വീകാര്യത നേടിയെടുക്കുകയും ചെയ്തു.
പത്മരാജന്റെ ഉദകപോള എന്ന കഥാസമാഹാരത്തെ അടിസ്ഥാനമാക്കിയാണ് ഇത് ചലച്ചിത്ര രൂപത്തിലേക്ക എത്തിച്ചത്. തൃശൂര്‍ സ്വദേശിയായ തന്റെ സുഹൃത്തിന്റെ ജീവിതം പകര്‍ത്തിയ ചിത്രമാണെന്ന് പിന്നീട് പത്മരാജന്‍ പോലും തുറന്ന് സമ്മതിച്ചിട്ടുണ്ട്. മഴയും പ്രണയവും, രതിയും അതിന്റെ തീവ്രഭാഷയില്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ മലയാളം ഇന്നോളം കണ്ടിട്ടുള്ള പ്രണയഭാവങ്ങളുടെ വേറിട്ട ഭാവനയായിരുന്നു. മണ്ണാറത്തൊടിയില്‍ ജയകൃഷ്ണനായി മോഹന്‍ലാലും, ക്ലാരയായി സുമലതയും, രാധ എന്ന കഥാപാത്രമായി പാര്‍വതിയുമാണ് വേഷമിട്ടത്.