ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിലെ ഓരോ കഥാപാത്രങ്ങളും വിഭിന്ന തലത്തില്‍ പ്രേക്ഷകന്റെ ഉള്ളിലേയ്ക്ക് ചേക്കേറി. ഒറ്റ സംഭാഷണം പോലുമില്ലാതെ ശ്രീനാഥ് ഭാസിയ്ക്ക് ഏറെ കൈയടി നേടികൊടുത്ത കഥാപാത്രമാണ് കുമ്പളങ്ങി നൈറ്റ്സിലെ ബോണി. കുമ്പളങ്ങി നൈറ്റ്സ് കണ്ടില്ലെങ്കില്‍ അത് വളരെ നഷ്ടമാണെന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്.
'സിനിമ കണ്ടില്ലെങ്കില്‍ നഷ്ടമാണ്. ഞാന്‍ അഭിനയിച്ചതുകൊണ്ടല്ല കാണണമെന്നു പറയുന്നത്. മലയാള സിനിമയിലെതന്നെ ഏറ്റവും നല്ല ടീമില്‍നിന്നാണ് 'കുമ്പളങ്ങി നൈറ്റ്സ്' ഉണ്ടായിരിക്കുന്നത്. പിന്നെ സിനിമയ്ക്ക് ഒരു പുതുമയുമുണ്ട്. കൂടാതെ സൗബിന്‍, ഫഫ (ഫഹദ് ഫാസില്‍), അന്ന, ഷെയ്ന്‍ അങ്ങനെ എല്ലാവരും ചിത്രത്തില്‍ ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നു.' മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി പറഞ്ഞു.
ചിത്രം തനിക്ക് ഏറെ അഭിനന്ദനങ്ങള്‍ നേടി തന്നെന്നും ശ്രീനാഥ് പറയുന്നു. നന്നായി സംസാരിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ ഒരു സിനിമയില്‍ ഒന്നും സംസാരിക്കാതെ എന്നെ അടയാളപ്പെടുത്തുകയാണ്. സ്‌ക്രീനില്‍ പ്രേക്ഷകന് പുതിയൊരു ശ്രീനാഥ്ഭാസിയെ കാണാനാകുന്നു. സിനിമകണ്ട് എല്ലാവരും പറഞ്ഞത് 'മച്ചാനേ രൂപമാറ്റം കിടുക്കി' എന്നാണ്. നാല് സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.