Latest News

'ആരുടെയും അനുവാദമോ വലിയ ബഡ്ജറ്റോ ആവശ്യമില്ല'; എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മൂന്ന് മാസം കൊണ്ട് സിനിമ ചെയ്യാമെന്ന് അരവിന്ദ് സ്വാമി

Malayalilife
 'ആരുടെയും അനുവാദമോ വലിയ ബഡ്ജറ്റോ ആവശ്യമില്ല'; എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മൂന്ന് മാസം കൊണ്ട് സിനിമ ചെയ്യാമെന്ന് അരവിന്ദ് സ്വാമി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) സാങ്കേതികവിദ്യ ഉപയോഗിച്ച് വെറും മൂന്ന് മാസം കൊണ്ട് ഒരു സിനിമ മുഴുവനായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് നടന്‍ അരവിന്ദ് സ്വാമി. സാങ്കേതികവിദ്യയോട് വലിയ താല്‍പ്പര്യമുള്ള താന്‍ ഇതിനായി ഇതിനകം ചില സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കി വച്ചിട്ടുണ്ടെന്നും, അത്തരമൊരു ചിത്രം താന്‍ ഉറപ്പായും സംവിധാനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോപിനാഥിന്റെ പോഡ്കാസ്റ്റിലാണ് അരവിന്ദ് സ്വാമി തന്റെ പുതിയ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചത്. 

സിനിമയില്‍ എ.ഐയുടെ വരവ് എങ്ങനെയെല്ലാമാകും മാറ്റങ്ങള്‍ സൃഷ്ടിക്കുക എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാങ്കേതികവിദ്യ ഇനിയും വികസിക്കുന്നതോടെ സിനിമ നിര്‍മ്മാണരീതി പൂര്‍ണ്ണമായും മാറുമെന്നാണ് അദ്ദേഹം കരുതുന്നത്. 'സിനിമയ്ക്കുള്ളിലെ എ.ഐയെക്കുറിച്ച് എനിക്ക് കാര്യമായി അറിയില്ലെങ്കിലും എന്റെ ചിന്തകള്‍ ഇതാണ്. ഞാന്‍ ഇതിനകം നാലഞ്ചു സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. അഭിനയിക്കാനല്ല, സംവിധാനം ചെയ്യാന്‍ വേണ്ടി മാത്രമുള്ളതാണ് അവ. ഇതിനായി നമ്മള്‍ ആരോടും പോയി ഡേറ്റ് ചോദിക്കേണ്ടി വരില്ല. 

ബഡ്ജറ്റിനെക്കുറിച്ച് ആരുടെയും മുന്നില്‍ കൈനീട്ടേണ്ടി വരില്ല. ഒരാളുടെയും സഹായമില്ലാതെ സ്വന്തം മേശപ്പുറത്തിരുന്ന് കഥാപാത്രങ്ങളെ സൃഷ്ടിച്ച്, അതിന് വിശ്വാസയോഗ്യമായ അന്തരീക്ഷം ഒരുക്കി ഷൂട്ട് ചെയ്തതുപോലെ സിനിമ ചെയ്യാം,' അരവിന്ദ് സ്വാമി പറഞ്ഞു. 

 യഥാര്‍ത്ഥ ലൊക്കേഷനാണോ അതോ മുറിക്കുള്ളിലിരുന്നാണോ ഇത് ചെയ്തതെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള സാങ്കേതികവിദ്യകള്‍ ഇതിനോടകം വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പക്ഷേ ഇതിന് ഒരു പരിധിയുണ്ടെന്നും 8 സെക്കന്റ് അല്ലെങ്കില്‍ 12 സെക്കന്റ് മാത്രമേ ഇത് സാധിക്കൂ എന്നും അദ്ദേഹം പറയുന്നു. ഭാവിയില്‍ സാങ്കേതികവിദ്യ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതോടെ ഒരാള്‍ക്ക് സ്വന്തം മേശപ്പുറത്തിരുന്ന് വെറും മൂന്ന് മാസം കൊണ്ട് ഒരു സിനിമ ആദ്യാവസാനം വരെ എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

arvind swamy about making ai film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES