തനിക്കെതിരെ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ ചെയ്ത ഒരു യുട്യൂബ് ചാനലിനും സോഷ്യല്‍ മീഡിയ ഫെയിം ആയ ദയ അശ്വതിക്കുമെതിരെ പരാതിയുമായി അമൃത സുരേഷ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് അമൃത പരാതി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയതിന്റെ രേഖകള്‍ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
അമൃതയുടെ മകള്‍ അന്തരിച്ചു എന്ന വാര്‍ത്തയ്ക്കെതിരെയാണ് താരത്തിന്റെ പ്രതികരണം. പരാതിയുടേയും പരാതിയ്ക്ക് കാരണമായ വാര്‍ത്തയുടേയും ചിത്രങ്ങളും അമൃത പങ്കുവച്ചിട്ടുണ്ട്. ഇനി മിണ്ടാതിരിക്കാനാകില്ല എന്നാണ് അമൃത പറയുന്നത്.
'അമൃതയുടെ മകള്‍ മരിച്ചു' എന്ന തരത്തില്‍ ഒരു വാര്‍ത്ത ഈ ചാനലില്‍ വന്നിരുന്നു. ഒരു കന്നഡ താരത്തിന്റ മകള്‍ മരിച്ചതായിരുന്നു വാര്‍ത്ത. എന്നാല്‍ മലയാളത്തിലെ അമൃത ഉള്‍പ്പടെയുള്ള സെലിബ്രിറ്റികളുടെ ഫോട്ടോയാണ് ഇതിന് നല്‍കിയിരുന്നത്. ഈ വിഷയത്തിലാണ് അമൃത ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
കാപട്യത്തിനെതിരെ നിലപാടെടുക്കുന്നു. അലോസരപ്പെടുത്തുന്ന സംഭവത്തിനെതിരെ ഇന്ന് ഞാനൊരു സുപ്രധാന ചുവടുവെക്കുകയാണഅ. അമൃതയുടെ മകള്‍ അന്തരിച്ചു എന്ന് വ്യാജ വീഡിയോ പ്രചരിപ്പിച്ച മിസ്റ്ററി മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെ ഞാന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. അത് ഞാനല്ല, ക്ലിക്ക് ബൈറ്റിന് വേണ്ടി എന്റെ ഐഡന്റിറ്റി ചൂഷണം ചെയ്തതാണ് എന്നാണ് അമൃത പറയുന്നത്.
കുറച്ചധികമായി വ്യാജ വാര്‍ത്തകളുടെയും വ്യക്തിഹത്യകളുടേയും വേദനിപ്പിക്കുന്ന കഥകളുടേയും തിരിച്ചടികള്‍ ഞാന്‍ സഹിക്കുകയാണ്. എല്ലാം എന്റെ കുടുംബത്തിന്റെ പേര് നശിപ്പിക്കുന്നതിനായി ലക്ഷ്യം വച്ചുള്ളതാണ്. എന്റെ മൗനം ഇവിടെ അവസാനിക്കുന്നു. അന്തരഫലത്തെക്കുറിച്ച് ചിന്തിക്കാതെ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാം എന്ന് കരുതുന്നവര്‍ക്ക് വ്യക്തമായൊരു സന്ദേശം നല്‍കണം എനിക്കെന്നും അമൃത പറയുന്നു.
ഈ സംഭവം സകലപരിധിയും കടന്നു പോയി. എന്റെ നിഷ്‌കളങ്കയായ മകളെ വലിച്ചിടുന്നത് സഹിക്കാനാകില്ല. ഒരു സിംഗിള്‍ മദര്‍ എന്ന നിലയ്ക്ക് അവളരെ സംരക്ഷിക്കുക, ഡിജിറ്റല്‍ ലോകത്തു നിന്നടക്കം, എന്നത് എന്റെ ഉത്തരവാദിത്തമാണെന്നും അമൃത പറയുന്നു. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വ്യാജ വാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുന്നവരോട് പറയുകയാണ്, ഞാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് അമൃത മുന്നറിയിപ്പ് നല്‍കുന്നു.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണം, ഷെയര്‍ ചെയ്യും മുമ്പ് ചിന്തിക്കണം. കുറേക്കൂടി സത്യസന്ധമായ പരസ്പരം ബഹുമാനിക്കുന്നൊരു ഓണ്‍ലൈന്‍ സ്പേസ് ഉണ്ടാക്കിയെടുക്കാം എന്നും അമൃത പറയുന്നു. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അതേസമയം തനിക്കെതിരെ നടത്തിയ പ്രസ്താവനകളുടെ പേരില്‍ ബിഗ് ബോസ് താരം ദയ അശ്വതിയ്ക്കെതിരേയും അമൃത പരാതി നല്‍കിയിട്ടുണ്ട്.
ഒരു തീര്‍പ്പ് കണ്ടെത്തുന്നതിലേക്കുള്ള എന്റെ ചുവടുവെപ്പ്. ദയ അശ്വതിയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ് രണ്ട് വര്‍ഷമായി, അവര്‍ ഫെയ്സ്ബുക്ക് വീഡിയോകല്‍ലൂടെ എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അതിനാല്‍ ഈ നടപടി സ്വീകരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ല. കാര്യങ്ങള്‍ ശരിയായ രീതിയില്‍ തന്നെ നേരിടണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. നീതിയുക്തമായ തീര്‍പ്പ് തന്നെ പ്രതീക്ഷിക്കുന്നതായാണ് അമൃത പറയുന്നത്.