Latest News

സെറ്റില്‍ അങ്ങനെ സംഭവിച്ചു എന്ന് പരോക്ഷമായി സമ്മതിക്കുന്ന പദ്മകുമാറിന്റെ ഗതികേടില്‍ സഹതാപം; ഗുരുവിനെ വെള്ളപൂശാന്‍ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വന്നേക്കും; പത്മകുമാറിനെതിരേ പോസ്റ്റുമായി ആലപ്പി അഷ്‌റഫ്; ആറാം തമ്പുരാന്റെ ലൊക്കേഷന്‍ കഥ ചര്‍ച്ചയാകുമ്പോള്‍

Malayalilife
സെറ്റില്‍ അങ്ങനെ  സംഭവിച്ചു എന്ന് പരോക്ഷമായി സമ്മതിക്കുന്ന പദ്മകുമാറിന്റെ ഗതികേടില്‍ സഹതാപം; ഗുരുവിനെ വെള്ളപൂശാന്‍ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വന്നേക്കും; പത്മകുമാറിനെതിരേ പോസ്റ്റുമായി ആലപ്പി അഷ്‌റഫ്; ആറാം തമ്പുരാന്റെ ലൊക്കേഷന്‍ കഥ ചര്‍ച്ചയാകുമ്പോള്‍

സംവിധായകന്‍ രഞ്ജിത്തും അന്തരിച്ച നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനും തമ്മിലുള്ള തര്‍ക്കത്തെയും കൈയ്യാങ്കളിയെയും കുറിച്ച് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് നടത്തിയ വെളിപ്പെടുത്തലാണ് രണ്ട് ദിവസമായി മലയാള സിനിമാ ലോകത്തെ ചര്‍ച്ചാവിഷയം.ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാം തമ്പുരാന്റെ ലൊക്കേഷനില്‍ വച്ച് നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് മര്‍ദ്ദിച്ചെന്നായിരുന്നു തന്റെ യുട്യൂബ് ചാനലിലുടെ ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തിയത്.വീഡിയോ പുറത്ത് വന്നതോടെ സംഭവം വലിയ തോതില്‍ ചര്‍ച്ചയായി.അതിനൊക്കെയുള്ള പ്രതിഫലമാണ് രഞ്ജിത്ത് ഇപ്പോള്‍ അനുഭവിക്കുന്നത് എന്നുവരെ അഭിപ്രായപ്രകടനം ഉണ്ടായി.

സംഭവം വലിയ ചര്‍ച്ചയായതോടെ സംവിധായകന്‍ എം.പത്മകുമാര്‍ പ്രതികരിച്ച് എത്തിയിരുന്നു. രഞ്ജിത്തിനെ സംരക്ഷിച്ചുകൊണ്ടായിരുന്നു പത്മകുമാറിന്റെ പ്രതികരണം.പക്ഷെ സെറ്റില്‍ അത്തരത്തില്‍ ഒരു വഴക്ക് നടന്നുവെന്നത് പത്മകുമാറും കുറിപ്പില്‍ സമ്മതിക്കുന്നുണ്ട്. ആറാം തമ്പുരാന്റെ സെറ്റില്‍ ആലപ്പി അഷറഫിനേക്കാള്‍ സമയം സഹ സംവിധായകനായി താനും ഉണ്ടായിരുന്നുവെന്നും ആറാം തമ്പുരാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഏറെ സ്‌നേഹത്തോടെയും സൗഹൃദത്തോടെയും പരസ്പര ബഹുമാനത്തോടെയും കഴിഞ്ഞുപോന്ന രണ്ടുപേരാണ് ഒടുവിലും രഞ്ജിത്തും എന്നുമാണ് പത്മകുമാര്‍ പറഞ്ഞത്.

ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആലപ്പി അഷ്‌റഫ്. 

കുറിപ്പ് ഇങ്ങനെ:

അടികൊണ്ട ഒടുവിലാന്‍ ഇപ്പോഴും കുറ്റക്കാരനോ..? പത്മകുമാറിന്റെ വെള്ളപൂശലിനുള്ള മറുപടി. അമ്പത് വര്‍ഷത്തിലേറേയായി ഈ രംഗത്തുള്ള വ്യക്തിയാണ് ഞാന്‍. അനാവശ്യമായി അപവാദങ്ങള്‍ പ്രചരിപ്പിക്കുക എന്നത് എന്റെ ശീലമല്ല. എന്നെ അറിയുന്ന ആരും അത് വിശ്വസിക്കുകയുമില്ല.

എന്റെ കണ്ണുകളെ ഞാന്‍ വിശ്വസിക്കരുതെന്നാണോ താങ്കള്‍ പറയുന്നത്. താങ്കള്‍ എത്ര കല്ലുവെച്ച നുണ വിശ്വാസയോഗ്യമായി അവതരിപ്പിച്ചാലും സത്യത്തിന്റെ ഒരു കണികയെങ്കിലും അവക്കിടയില്‍ ഒളിച്ചിരിപ്പുണ്ടാവും എന്ന വസ്തുത ഓര്‍മിക്കുക. ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ പറഞ്ഞ സംഭവം മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കുകയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്. സൗഹൃദ സദസുകളിലൊന്നിലുണ്ടായ ക്ഷണികമായ ഒരു കൊമ്പുകോര്‍ക്കല്‍ കൈയ്യാങ്കളിയോളം എത്തി കരണകുറ്റിക്ക് അടികൊടുക്കല്‍ ഒഴിവാക്കി വെള്ളപൂശി. അതിനെ നിസ്സാരവല്‍ക്കരിക്കാന്‍ താങ്കള്‍ക്ക് കഴിയുമായിരിക്കും കാരണം കരണം പുകഞ്ഞത് താങ്കളുടേതല്ലല്ലോ...?

താങ്കളുടെ വരികള്‍: സഭ്യതയുടെ അതിര് കടക്കുന്നുവെന്ന് തോന്നിയപ്പോള്‍ രഞ്ജിത്ത് അത് തിരുത്തിയതും ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും. ഒടുവിലാനെന്ന വയോധികന്റെ കരണത്തടിച്ച് അദ്ദേഹത്തെ തിരുത്താന്‍ താങ്കളുടെ ഗുരു ആര്.... ഏഴാം തമ്പുരാനോ....?

ഒടുവിലാന്‍ സഭ്യതയുടെ ഏത് അതിരുകളാണ് ഭേദിച്ചത്..? അതൊന്ന് വ്യക്തമാക്കാമോ...? എന്റെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങള്‍ക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ്- ഇത് താങ്കളുടെ വരികളാണ്. ഒന്നുകൂടി വായിച്ചുനോക്കൂ... എത്ര മ്ലേച്ഛമാണ് ഈ വരികള്‍ എത്ര അപഹാസ്യമാണ് താങ്കളുടെ വാക്കുകള്‍. ഏത് ദുരാരോപണങ്ങള്‍ക്ക് അദ്ദേഹം ഇരയായാലുമെന്ന് വെച്ചാല്‍ ഇനി ഏതറ്റംവരെ അയാള്‍ പോകണം. രഞ്ജിത്തിന്റെ ഔദാര്യം ആവോളം പറ്റിയിട്ടുണ്ട് താങ്കള്‍ എന്നെനിക്കറിയാം. 

ആദ്യമായി സംവിധായക കുപ്പായാമണിഞ്ഞ അമ്മക്കിളിക്കൂട് തൊട്ട് അങ്ങനെ പലതും. അതിന് അയാള്‍ ചെയ്ത എന്തും ന്യായീകരിക്കുമെന്ന താങ്കളുടെ ഈ വാക്കുകളിലൂടെ സ്വയം അപഹാസ്യനാകുകയാണെന്ന് താങ്കളെന്ന് അറിയുക. സിനിമകള്‍ ഇല്ലാതായി കഴിയുമ്പോള്‍ വാര്‍ത്തകളുടെ ലൈം ലൈറ്റില്‍ തുടരാന്‍ വേണ്ടി ചില സിനിമാ പ്രവര്‍ത്തകര്‍ നടത്തിപ്പോരുന്ന യുട്യൂബ് ചാനലുകള്‍... ഒരു കാര്യം മനസിലാക്കുക താങ്കളുടെ മാത്രം മ്ലേച്ഛമായ ചിത്രകഥകള്‍ മാത്രം മതി ചാനലിന് റേറ്റിങ് കൂട്ടാന്‍.


സിനിമ ചെയ്യാത്തവര്‍ക്ക് പ്രതികരണശേഷി പാടില്ല എന്ന താങ്കളുടെ കണ്ടെത്തല്‍ അപഹാസ്യമാണ്. ഏറ്റവും കൗതുകം തോന്നിയത് താങ്കളുടെ ഈ വാക്കുകളാണ്.... ഒരു ചെറിയ സംഭവമാണ് സാംസ്‌കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്‌ഫോടകാത്മക വാര്‍ത്തയായി ശ്രീ അഷറഫ് അവതരിപ്പിക്കുന്നതെന്ന്. പത്മകുമാര്‍ ഈ സാംസ്‌കാരിക കേരളം എന്ന വാക്കൊക്കെ ഉച്ചരിക്കാന്‍ താങ്കളെപോലെ ഒരാള്‍ക്ക്... അതും ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ച് നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്ന താങ്കള പോലെയുള്ളവര്‍ക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് ജനം വിലയിരുത്തട്ടെ. ആറാം തമ്പുരാന്റെ സെറ്റില്‍ ഒടുവില്‍ ഉണ്ണികൃഷ്ണനും രഞ്ജിത്തും തമ്മില്‍ നിര്‍ദോഷമായ ഒരു തമാശയുടെ പേരില്‍ കയ്യാങ്കളിയുടെ വക്കോളാം എത്തിയെന്ന് സ്വയപ്രഖ്യാപിത ശിഷ്യന്‍ തന്നെ സമ്മതിക്കുന്നു. ആ സെറ്റില്‍ അങ്ങനെ ഒരു പ്രശ്‌നം സംഭവിച്ചുവെന്ന് പരോക്ഷമായി സമ്മതിക്കുന്ന പത്മകുമാറിന്റെ ഗതികേടില്‍ തികഞ്ഞ സഹതാപം മാത്രം

സ്വന്തം ഗുരുവിനെ വെള്ളപൂശാന്‍ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരുമെന്ന് ഓര്‍മപ്പെടുത്തുന്നു. (ഗുരു മാത്രമല്ല ശിഷ്യനും ഒട്ടും പുറകിലല്ല എന്നെനിക്കറിയാം... ആ കഥകളൊന്നും എന്നെക്കൊണ്ടു പറയിപ്പിക്കല്ലേ താങ്കള്‍) എന്ന് കൂടി കുറിച്ചുകൊണ്ടാണ് ആലപ്പി അഷ്‌റഫിന്റെ മറുപടി കുറിപ്പ് അവസാനിച്ചത്.

alleppey ashraf Against padmakumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക