ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നിരവധി സ്ത്രീകള്‍ക്ക് തങ്ങള്‍ക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയതോടെ മലയാള സിനിമ സത്യത്തില്‍ ആകെ നാണം കെട്ടുനില്‍ക്കുന്ന അവസ്ഥയിലാണ്. ഓരോ മണിക്കൂറിലും ഓരോ വെളിപ്പെടുത്തലുകള്‍ എന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത്. നടന്‍മാരായ സിദ്ധീഖ്, ബാബുരാജ്, മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു എന്നിവരും, പ്രമുഖ സംവിധായകരായ രഞ്ജിത്ത്, വി കെ പ്രകാശ്, ശ്രീകുമാരമേനോന്‍ എന്നിവര്‍ അടക്കമുള്ള ഒരുപാട് പേര്‍, ലൈംഗികാതിക്രമങ്ങളുടെയും മോശം പെരുമാറ്റത്തിന്റെയും പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കയാണ്. സിനിമക്ക്, പുറത്തുനിന്നുള്ള സ്ത്രീകള്‍ക്കും അതിക്രമം നേരിടുന്നുണ്ടെന്ന് നേരത്തെ നടന്‍ തിലകന്റെ മകള്‍ സോണിയ തിലകന്‍ പറഞ്ഞിരുന്നു.
അതുപോലെ ഒരു സംഭവമാണ് 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായകന്‍ ആര്‍ എസ് വിമലിന്റെ പേരില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വിമലിന്റെ വീട്ടില്‍ പണ്ട് ജോലിക്കു നിന്ന യുവതിയാണ് അദ്ദേഹത്തില്‍ നിന്നുള്ള മോശം പെരുമാറ്റത്തെക്കുറിച്ച്, ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. ആര്‍. എസ് വിമലിന്റെ വീട്ടില്‍ ജോലിക്ക് താന്‍ പോയിരുന്നുന്നെന്നും, എന്നാല്‍ 55 വയസിന് മുകളിലുള്ള സ്ത്രീകളെ മാത്രം ജോലിക്ക് മതിയെന്ന സംവിധായകന്റെ ഭാര്യയുടെ തീരുമാനത്തെ തുടര്‍ന്ന് തനിക്ക് ജോലി മതിയാക്കി തിരിച്ചുപോരേണ്ടി വന്നെന്നും എന്നാല്‍ പിന്നീട് ആര്‍. എസ് വിമല്‍ തന്നെ വിളിച്ച് ചെന്നൈയിലേക്ക് വരുന്നോയെന്നും അഡ്ജസ്റ്റ് ചെയ്താല്‍ സിനിമയില്‍ അവസരം തരാമെന്ന് വാഗ്ദാനം ചെയ്തുവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ യുവതി വെളിപ്പെടുത്തുന്നു. ഇതും സിനിമാ പ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലുമായി വൈറല്‍ ആവുകയാണ്.
യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
'എനിക്കും ഉണ്ട് പറയാന്‍ സിനിമയിലെ ചൂഷണം....ചൂഷണം എന്നല്ല ശ്രമം എന്നു പറയാം....വല്ല വീട്ടിലും പാത്രം കഴുകാന്‍ നടന്ന നിനക്കോ എന്ന് വേണമെങ്കില്‍ ചോദിക്കാം... നിര്‍ഭാഗ്യവാശാല്‍ അതേ എന്ന് തന്നെയാണ് ഉത്തരം..
വര്‍ഷങ്ങള്‍ക്ക് മുന്നേ ആണ് കേട്ടോ...കുറച്ചു ഏറെ വര്‍ഷം മുന്നേ ആണ്...ഞാന്‍ വീട് വിട്ട് ഇറങ്ങി തിരുവനന്തപുരത്തു ഓരോ വീടുകളില്‍ ജോലിക്ക് പോകുന്ന കാലത്താണ് എന്ന് നിന്റെ മൊയ്തീന്‍ സംവിധായകന്‍ വിമല്‍ R S ന്റെ വീട്ടില്‍ ഏജന്‍സി വഴി ജോലിക്ക് എത്തിയത്...ഒരു ഫ്‌ളാറ്റ് ആയിരുന്നു അത്...അത്ര വലിയ സൗകര്യം ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ അടുക്കളയില്‍ ആയിരുന്നു എന്റെ ഉറക്കം...
ആകെ രണ്ടോ മൂനോ ദിവസമേ ഞാന്‍ അവിടെ ഉണ്ടായിരുന്നുള്ളൂ...ആ സമയം ഒക്കെ മാന്യതയുടെ മുഖം മൂടി അണിഞ്ഞിരുന്നു പുള്ളി....ഒരു ദിവസം ഏജന്‍സിയില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു..പറഞ്ഞത് ഇങ്ങനെ ആണ് പുള്ളിയുടെ വൈഫ് പറഞ്ഞത്രേ അവിടെ 55 വയസ് കഴിഞ്ഞവരെ മതി ജോലിക്ക് അതുകൊണ്ട് തിരിച്ചു ചെല്ലാന്‍...ഞാന്‍ ആകെ വിഷമിച്ചു...ഇതെന്താ ഇങ്ങനെ.. സത്യം പറഞ്ഞാല്‍ ആ സ്ത്രീ ഒരു സംശയരോഗി ആകും എന്നാണ് ഞാന്‍ കരുതിയത്...അവര്‍ ജോലിക്ക് പോയിരിക്കുക ആയിരുന്നു അപ്പോള്‍...
ഞാന്‍ പെട്ടെന്ന് തന്നെ പോകാന്‍ റെഡി ആയി...റെഡി ആയി വരുമ്പോള്‍ ഈ പറഞ്ഞ സംവിധായകന്‍ ഹാളില്‍ ഇരിപ്പുണ്ട്...ഞാന്‍ പോകുകയാണ് സര്‍ ഏജന്‍സി വിളിച്ചിരുന്നു എന്ന് പറഞ്ഞു...പുള്ളി ഞെട്ടി... അയ്യോ അറിഞ്ഞില്ലാലോ എന്ന്...
അത് എനിക്ക് അറിയില്ല എന്നോട് ജോലിക്ക് നില്‍ക്കണ്ട പറഞ്ഞു എന്ന് പറഞ്ഞു ഞാന്‍ ഇറങ്ങാന്‍ തയ്യാറാകുമ്പോള്‍ അയ്യാള്‍ എനിക്ക് 1000 രൂപ തന്നു... ഞാന്‍ അത് വാങ്ങുമ്പോള്‍ പുള്ളി ഒരു വാക്ക് പറഞ്ഞു വൈകിട്ട് ഞാന്‍ വിളിക്കും കേട്ടോ നമുക്ക് ഒന്ന് സംസാരിക്കണം, ജോലി വേറെ ആക്കാട്ടോ എന്ന്...ആ ശരി എന്ന് പറഞ്ഞു ഞാന്‍ അവിടുന്ന് ഇറങ്ങി...പുറത്തു ഇറങ്ങി നടക്കുമ്പോള്‍ ആ മാഡം വന്നു...ഞാന്‍ ചിരിച്ചു... മാഡം പോകുവാട്ടോ എന്നും പറഞ്ഞു...
പുള്ളിക്കാരി അപ്പോള്‍ അടുത്തേക്ക് വന്നു പറഞ്ഞു സോറി കേട്ടോ നിങ്ങള്‍ക്ക് എന്തേലും പ്രശ്‌നം ഉള്ളത് കൊണ്ടല്ല ഇവിടെ നിങ്ങളെ പോലെ ഒരാള്‍ നിന്നാല്‍ ശരി ആകില്ല അതാണ് എന്നും പറഞ്ഞു...അത് സാരമില്ല പറഞ്ഞു ഞാന്‍ ഓഫീസില്‍ വന്നു...അന്ന് വൈകിട്ട് എനിക്ക് വിമലിന്റെ കോള്‍ വന്നു...നിങ്ങള്‍ വേറെ ജോലിക് ഒന്നും കയറേണ്ട നിങ്ങളെ ഞാന്‍ ചെന്നൈക്ക് കൊണ്ട് പോകാം അവിടെ താമസിക്കാം എന്ന്....
സോറി എനിക്ക് താല്പര്യം ഇല്ല പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി....പിന്നീട് പലപ്പോഴായി പുള്ളി വിളിച്ചു കുറെ ഓഫറുകള്‍ വച്ചു...അതിനോക്കെ ഇടയില്‍ പറയുന്നുണ്ടായിരുന്നു നിങ്ങള്‍ വിചാരിച്ചാല്‍ ഇനി അടുക്കളപണി ഒന്നും ചെയ്യേണ്ടി വരില്ല എന്ന്....
സാറെ എനിക്ക് എന്നെ കുറിച്ച് നല്ല ധാരണയുണ്ട് എന്നും അഭിനയമോ പാട്ടോ ഡാന്‍സോ ഒന്നും വഴങ്ങാത്ത ആളാണ് ഞാന്‍ അതുകൊണ്ട് സിനിമ ഒന്നും സ്വപ്നം കാണുന്ന ആളല്ല ഞാനെന്നും പുള്ളിയോട് പറഞ്ഞു...ഒന്ന് മനസ് വച്ചാല്‍ നടക്കാവുന്ന കാര്യമേ ഉള്ളൂ എന്നും അജസ്റ്റ് ചെയ്താല്‍ സുഗമായി ജീവിക്കാം എന്നും പുള്ളി പറഞ്ഞു...
അതൊരു ചതി കുഴി ആണെന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെ ആ സംസാരം ഞാന്‍ പിന്നീട് മുന്നോട്ട് കൊണ്ട് പോയില്ല....എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് എന്ന് ചോദിക്കാം...സിനിമ എന്ന മാന്ത്രിക ലോകം കാട്ടി ചതിയില്‍ കൊണ്ട് ഇടുന്നത് സിനിമ ഉപജീവനം ആക്കുന്നവരെ മാത്രം അല്ല എന്ന് പറയാന്‍ ആണ്....
ഇവരുടെ ഒക്കെ വീടുകളില്‍ ജോലിക്ക് നിന്നിരുന്ന സ്ത്രീകളെ ഒക്കെ ഒന്ന് തിരക്കി ഇറങ്ങിയാല്‍ പറയാന്‍ അവര്‍ക്കും ഉണ്ടാകും ഒരുപാട് കാര്യങ്ങള്‍....''- ഇങ്ങനെയാണ് ആ പോസ്റ്റ് അവസാനിക്കുന്നത്.