കാര്‍ റേസിങ്ങിനിടെ വീണ്ടും നടന്‍ അജിത്ത് കുമാര്‍ അപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ട്. ബെല്‍ജിയത്തിലെ പരിശീലനത്തിനിടെയാണ് കഴിഞ്ഞ ദിവസം അപകടം സംഭവിച്ചത്. അജിത്ത് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ട്രാക്കില്‍ നിന്ന് തെന്നിമാറി വശങ്ങളില്‍ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന്റെ മുന്‍ഭാഗത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ അജിത്ത് ആരോഗ്യവാനാണെന്ന് താരത്തിന്റെ ടീം അറിയിച്ചു.
ഇതാദ്യമായല്ല, അജിത്ത് റേസിംഗിനിടെ അപകടത്തില്‍ പെടുന്നത്. നേരത്തെ ദുബായിലും പോര്‍ച്ചുഗലിലും സ്പെയിനിലും വച്ചും അജിത്തിന്റെ കാര്‍ അപകടത്തില്‍ പെട്ടിരുന്നു. നീണ്ട 13 വര്‍ഷത്തിന് ശേഷമാണ് റേസിങ് ട്രാക്കിലേക്ക് നടന്‍ തിരിച്ചെത്തിയിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി നടന്ന വിവിധ റേസിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ അജിത് മത്സരിച്ചിട്ടുണ്ട്. 2003ലെ ഫോര്‍മുല ബിഎംഡബ്ല്യു ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ അജിത് പങ്കെടുക്കുകയും മുഴുവന്‍ സീസണും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
2004ല്‍ ബ്രിട്ടീഷ് ഫോര്‍മുല 3ല്‍ പങ്കെടുത്തെങ്കിലും ജോലി സംബന്ധമായ കാര്യങ്ങളുണ്ടായിരുന്നതിനാല്‍ സീസണ്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. സിനിമയ്ക്കിടയില്‍ കുറച്ച് മത്സരങ്ങളില്‍ മാത്രമേ നടന് പങ്കെടുക്കാനായിട്ടുള്ളു. റേസിങ് താരം മാത്രമല്ല, 'അജിത് കുമാര്‍ റേസിങ്' എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് ഇപ്പോള്‍ താരം