'അവനും ഞാനും, നമ്മുടെ ജീവിതമെന്ന മനോഹരമായ മരവും... 13.09.2026 - എന്റെ സ്വപ്നങ്ങളില്‍ കണ്ടതുപോലെ തന്നെ സംഭവിച്ച ഒരു ദിവസം! പ്രപഞ്ചമേ, നന്ദി'.- വിവാഹദിനത്തെക്കുറിച്ച് അഹാന തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെയാണ്. വിവാഹ വിഡിയോയ്‌ക്കൊപ്പമാണ് തന്റെ വിവാഹം സ്വപ്നതുല്യമാക്കി തീര്‍ത്തവരോട് അഹാന നന്ദി പറഞ്ഞിരിക്കുന്നത്.
വള്ളത്തിലായിരുന്നു വിവാഹവേദിയിലേക്കുള്ള അഹാനയുടെ വരവ്. ഇരുവരുടേയും അടുത്ത സുഹൃത്ത് കൂടിയായ ദുല്‍ഖര്‍ സല്‍മാനാണ് വിവാഹ ചടങ്ങില്‍ അവതാരകനായത്. സെപ്റ്റംബര്‍ 13-ാം തിയതി നടന്ന അഹാന കൃഷ്ണ- നിമിഷ് രവി വിവാഹത്തിന്റെ ചിത്രങ്ങള്‍ തന്നെ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
വിവാഹദിനം തന്റെ സ്വപ്നങ്ങളില്‍ കണ്ടതുപോലെ തന്നെ മനോഹരമായിരുന്നുവെന്നും അഹാന കുറിച്ചു. വിവാഹത്തിന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്തയ്ക്കും അഹാന പ്രത്യേക നന്ദി അറിയിച്ചു. 'തോന്നല്‍' എന്ന തന്റെയും നിമിഷിന്റെയും ''ആദ്യ കുഞ്ഞായ'' ഗാനത്തിന്റെ വിവാഹ വേര്‍ഷനാണ് ചടങ്ങില്‍ ഉപയോഗിച്ചതെന്നും, അഞ്ച് വര്‍ഷം മുമ്പ് ഗാനത്തിന്റെ റഫ് വേര്‍ഷന്‍ കേട്ടപ്പോള്‍ തന്നെ അത് തങ്ങളുടെ വിവാഹ വിഡിയോയിലെ സംഗീതമായിരിക്കുമെന്ന് തീരുമാനിച്ചിരുന്നുവെന്നും അഹാന പറഞ്ഞു.
വിവാഹ വേദിയെക്കുറിച്ചും അഹാന കുറിപ്പില്‍ വിശദമായി പറയുന്നുണ്ട്. ഒരു മരത്തിന് കീഴില്‍ വിവാഹിതയാകണമെന്നത് തന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്നെന്നും, ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഡെക്കര്‍ ടീം സ്റ്റേജില്‍ ഒരു മരം ഒരുക്കാനുള്ള ആശയം മുന്നോട്ടുവെച്ചതോടെ അവരെയാണ് വിവാഹ ഡെക്കറിനായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്നും അഹാന വ്യക്തമാക്കി.
അഹാന പങ്കുവെച്ച പോസ്റ്റ്: https://www.instagram.com/reel/DdWEyAUTRxX/?utm_osurce=ig_web_button_share_sheet
വിവാഹത്തിന്റെ ഫോട്ടോഗ്രഫിക്കും ഫിലിംസിനും പിന്നില്‍ പ്രവര്‍ത്തിച്ച ടീമിനും, വിവാഹ സാരി ഒരുക്കിയ ഡിസൈനര്‍ക്കും, ഇവന്റ് പ്ലാനിങ് ടീമിനും, വേദിയായ താജ് ഗ്രീന്‍ കോവിനും, മേക്കപ്പ്-ഹെയര്‍ ടീമിനും സാരി ഡ്രേപ്പിംഗ്, ഫ്‌ലോറല്‍ ഡിസൈന്‍ ടീമുകള്‍ക്കും അഹാന നന്ദി അറിയിച്ചു. ''ഞാന്‍ ഒരു ഭയങ്കര പ്ലാനറാണ്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും നോക്കിനടത്താന്‍ അതിലും 'ഭയങ്കര'മായ ഒരു പ്ലാനിംഗ് ടീം എനിക്ക് വേണമായിരുന്നു,'' എന്ന രസകരമായ കുറിപ്പോടെയാണ് ഇവന്റ് പ്ലാനര്‍മാരോടുള്ള നന്ദി അഹാന പങ്കുവെച്ചത്.