ബോളിവുഡ് സുന്ദരി പൂനം പാണ്ഡെ അന്തരിച്ചു എന്ന ഷോക്കിങ് വാര്‍ത്തയാണ് വെള്ളിയാഴ്ച പുറത്ത് വന്നത്. നടിയുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പ് സത്യമാണോ എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകരും. എന്നാല്‍ കേട്ടതൊക്കെ സത്യമാണെന്നും പൂനം ജീവിച്ചിരിക്കുന്നില്ലെന്നും നടിയോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് വ്യാഴഴ്ച രാത്രിയില്‍ പൂനം ഈ ലോകം വിട്ട് പോയെന്നും അതിന്റെ വേദനയിലാണ് തങ്ങളെന്നുമാണ് നടിയുടെ മനോജര്‍ അറിയിച്ചത്. പൂനത്തിന്റെ വിയോഗ വാര്‍ത്ത വന്നത് മുതല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ചത് നടിയുടെ മുന്‍ഭര്‍ത്താവായ സാം ബോംബെയെയാണ്. ഒടുവില്‍ പ്രതികരണവുമായി സാമും രംഗത്ത് വന്നിരിക്കുകയാണ്. സാം ബോംബെയും പൂനം പാണ്ഡെയും ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്. ലോക്ഡൗണ്‍ കാലത്താണ് താരങ്ങളുടെ വിവാഹം നടത്തിയത്. ശേഷം രണ്ടാളും ഒരുമിച്ച് പുറത്തിറങ്ങിയത് വലിയ വിവാദമായിരുന്നു. പോലീസ് അറസറ്റ് ചെയ്യുന്ന തലത്തിലേക്കും കാര്യങ്ങളെത്തി. എന്നാല്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് പിന്നാലെ പൂനം രംഗത്ത് വന്നത്.
വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളില്‍ ഭര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് പൂനം വെളിപ്പെടുത്തി. പിന്നാലെ ഭര്‍ത്താവിനെതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പൂനത്തിന്റെ മരണത്തെ കുറിച്ച് ഇന്‍സ്റ്റാഗ്രാം പേജിലൂടെ എഴുത്തുമായി വന്നിരിക്കുകയാണ് സാം. 'എനിക്ക് ഇത് പൂര്‍ണ്ണമായി പ്രോസസ്സ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതൊന്നും തീര്‍ച്ചയായും സത്യമായിരിക്കില്ല. അങ്ങനെയാണെന്ന് വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. എന്റെ വികാരങ്ങള്‍ എന്താണെന്ന് ഞാന്‍ എഴുതുകയോ ഉടന്‍ തന്നെ എന്തെങ്കിലും പോസ്റ്റ് ചെയ്യുകയും ചെയ്യാം. ദയവായി പൂനത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കുക. നിങ്ങളെല്ലാവരുടെയും അനുശോചനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുകയാണ്. മാത്രമല്ല എല്ലാവരും ഇതൊക്കെ വിലയിരുത്താനും ചോദ്യങ്ങള്‍ ചോദിക്കണമെന്നും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. കാരണം എന്തോ ശരിയല്ലാത്തത് നടന്നുവെന്ന് തനിക്ക് തോന്നുന്നുണ്ടെന്നുമാണ്', സാം പങ്കുവെച്ച പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്. സാം പറഞ്ഞ കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്ത് കൊണ്ടാണ് ആരാധകരും എത്തുന്നത്. ഇത് ഉറപ്പിക്കാന്‍ കഴിയില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പൂനത്തിനെ നല്ല അവസ്ഥയിലാണ് കണ്ടത്. ക്യാന്‍സര്‍ ബാധിച്ച ഒരാള്‍ക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എങ്ങനെ പൂര്‍ണതതോടെ നില്‍ക്കാനും അടുത്ത നിമിഷം മരിക്കാനും കഴിയുമെന്നാണ് ഒരാള്‍ ചോദിക്കുന്നത്.
പൂനം കാന്‍സര്‍ ബാധിച്ച് മരിച്ചതല്ലെന്നും എന്തോ കുഴപ്പമുണ്ടെന്നാണോ നിങ്ങള്‍ അര്‍ത്ഥമാക്കുന്നതെന്നാണ് മറ്റ് ചിലരുടെ ചോദ്യം. കാരണം ഇത് വളരെ സംശയാസ്പദമായ സംഭവമാണ്. അവള്‍ ഏത് ഹോസ്പിറ്റലില്‍ ആയിരുന്നെന്ന് അറിയില്ല. മരിച്ചതിന് ശേഷമുള്ള ചടങ്ങുകളൊന്നുമില്ല. മൃതദേഹം എവിടെയും പൊതുദര്‍ശനത്തിന് വച്ചിട്ടില്ല. കുടുംബം എവിടെയാണെന്ന് പോലും അറിയില്ല. പിന്നെ എങ്ങനെ വിശ്വസിക്കുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നാളെ ലോക കാന്‍സര്‍ ദിനമാണ്. സെര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാന്‍ വേണ്ടിയായിരിക്കാം ഇത്. ഇതിന് ഉയര്‍ന്ന മരണനിരക്ക് ഉള്ളത് കൊണ്ട് നടി അങ്ങനൊരു ലക്ഷ്യവുമായി വന്നതായിരിക്കാം. എന്തായാലും പൂനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാമെന്നുമാണ് കമന്റുകള്‍.