മലയാളത്തിന്റെ പ്രിയ താരം ബേസില്‍ ജോസഫ് നായകനായ സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച് കൈയ്യടി നേടുകയാണ് ഉപ്പും മുളകും എന്ന പരമ്പരയിലെ ബാലുവിന്റെ അമ്മയായി എത്തി പ്രേക്ഷകര്‍ക്കി പ്രിയങ്കരിയായ നടി മനോഹരി. ബേസില്‍ ജോസഫിന്റെ അമ്മയായി എത്തിയ മനോഹരി ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ താരം തന്റെ ജീവിതത്തെക്കുറിച്ച് ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ്.
തന്റെ സിനിമ, നാടക ജീവിതത്തെക്കുറിച്ച് നടി മനസ്സ് തുറന്നു.
'ഭര്‍ത്താവ് ജോലി ആന്റണി കലാപ്രവര്‍ത്തകനായിരുന്നു. പിന്നീട് മാവേലിക്കരയില്‍ വസ്ത്ര വ്യാപാരിയായി. ജീവിതവും വസ്ത്ര വ്യാപാരവുമൊക്കെയായി നല്ല രീതിയില്‍ മുന്നോട്ടു പോകുന്ന കാലത്താണ് അദ്ദേഹത്തിന് ബ്രെയിന്‍ ട്യൂമര്‍ പിടിപെടുന്നത്. പിന്നീട് 1991ലാണ് എന്റെ ഭര്‍ത്താവ് മരിക്കുന്നത്. അതിനുശേഷം ജീവിതം മാറി.
ഞാന്‍ നാടകത്തില്‍ അഭിനയിച്ച കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോയത്. പ്രതിസന്ധിയുടെ കാലമായിരുന്നു അതൊക്കെ. കുട്ടികളെ വീട്ടില്‍ തനിച്ചാക്കി വേദികളില്‍ നിന്ന് വേദികളിലേക്ക് ഉള്ള ഓട്ടം നിറയെ ആശങ്കകള്‍ നിറഞ്ഞതായിരുന്നു. 40 വര്‍ഷക്കാലം 18 നാടക ട്രൂപ്പുകളിലായി 36 പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചു.
അതിനിടയിലാണ് കോട്ടയം രമേശ് എനിക്ക് പുതിയൊരു സാധ്യതയുടെ വാതില്‍ തുറന്നു തന്നത്. ''ഉപ്പും മുളകും'' എന്ന ടെലിവിഷന്‍ പ്രോഗ്രാം ആയിരുന്നു അത്. വളരെ താല്പര്യത്തോടെയാണ് ഞാന്‍ അതില്‍ അഭിനയിക്കാന്‍ ചെന്നത്. ബിജുവും നിഷയും പിള്ളേരുമടക്കം എല്ലാവരും ഒരു കുടുംബത്തെ പോലെയുള്ള നല്ല ടീമായിരുന്നു. ഉപ്പും മുളകിലൂടെയുമാണ് എല്ലാവരും എന്നെ തിരിച്ചറിയാന്‍ തുടങ്ങിയത്. അപ്പോഴും സിനിമ എന്നൊരു ലോകം എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നു.'
വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്മരാജന്റെ സിനിമയിലേക്ക് തനിക്ക് അവസരം വന്നെങ്കിലും അത് നഷ്ടപ്പെടുത്തിയ കഥയും നടി പങ്കുവച്ചു. പത്മരാജന്‍ സംവിധാനം ചെയ്ത പെരുവഴിയമ്പലം എന്ന സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. 24 വയസ്സേ അന്നുള്ളൂ. ചിത്രത്തില്‍ അശോകന്റെ സഹോദരിയുടെ കഥാപാത്രം ചെയ്യാനാണ് എന്നെ വിളിച്ചത്. പക്ഷേ അന്ന് സിനിമ എന്നു പറഞ്ഞാല്‍ പേടിയായിരുന്നു. അത്തരമൊരു പൊതു ബോധമാണ് എല്ലാവരും കൂടി സൃഷ്ടിച്ചു വെച്ചത്. അതുകൊണ്ട് മികച്ചൊരു അവസരം വന്നിട്ടും പോയില്ല.
പിന്നീട് സിനിമയിലേക്ക് എന്നെ വിളിക്കില്ലെന്നാണ് കരുതിയത്. ഉപ്പും മുളകിലും അഭിനയിക്കുമ്പോഴാണ് ആസിഫ് അലിയുടെ കെട്ടിയോളാണെന്റെ മാലാഖ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. സിനിമ എങ്ങനെയാണെന്നും അതില്‍ ഏതുവിധത്തിലാണ് അഭിനയിക്കേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു. ബിജുവും നിഷയും അടക്കമുള്ള താരങ്ങളുടെ നിര്‍ബന്ധത്തിന്റെ പുറത്താണ് അതില്‍ അഭിനയിക്കാന്‍ പോകുന്നത്. മികച്ച അനുഭവമാണ് ആ സിനിമ നല്‍കിയത്. അത് പുറത്തിറങ്ങിയപ്പോള്‍ ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടി. ഇതോടുകൂടി സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നും നടി പറയുന്നു.