Latest News

'ടോണ്ട് ടോക്ക് നോണ്‍സെന്‍സ്' എന്നായിരുന്നു എന്റെ ആദ്യ ഡയലോഗ്. മമ്മുക്കയോട് ഞാന്‍ ആദ്യം പറഞ്ഞ വാക്കുകളും അതുതന്നെയാവും; മമ്മൂട്ടിയുടെ കൂടെ അഭിനയത്തിന്റെ അരങ്ങേറ്റത്തേക്കുറിച്ച് റഹ്മാന്‍

Malayalilife
'ടോണ്ട് ടോക്ക് നോണ്‍സെന്‍സ്' എന്നായിരുന്നു എന്റെ ആദ്യ ഡയലോഗ്. മമ്മുക്കയോട് ഞാന്‍ ആദ്യം പറഞ്ഞ വാക്കുകളും അതുതന്നെയാവും;  മമ്മൂട്ടിയുടെ കൂടെ അഭിനയത്തിന്റെ അരങ്ങേറ്റത്തേക്കുറിച്ച് റഹ്മാന്‍

ഒട്ടേറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചവരാണ് മമ്മൂട്ടിയും റഹ്മാനും. പലകാലങ്ങളിലായി തമിഴിലേക്ക് ചേക്കേറിയ റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് പലപ്പോഴും മമ്മൂട്ടിക്കൊപ്പമായിരുന്നു. രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2004ല്‍ പ്രദര്‍ശനത്തിനെത്തിയ 'ബ്ലാക്ക്' അത്തരത്തിലൊരു ചിത്രമായിരുന്നു.

'ബ്ലാക്കി'ന്റെ ചിത്രീകരണാനുഭവത്തിലൂടെ കരിയറില്‍ പലപ്പോഴും മാര്‍ഗ്ഗനിര്‍ദേശവുമായി ഒപ്പമുണ്ടായിരുന്ന മമ്മൂട്ടിയെക്കുറിച്ച് പറയുകയാണ് റഹ്മാന്‍. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹവുമായുള്ള അനുഭവങ്ങളെക്കുറിച്ച് റഹ്മാന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വലിയ ശ്രദ്ധയാണ് നേടിയത്.

റഹ്മാന്‍ പറയുന്ന മമ്മൂട്ടി അനുഭവങ്ങള്‍

മമ്മൂട്ടിയെന്ന മഹാനടന്റെയൊപ്പം അഭിനയിച്ചുകൊണ്ട് സിനിമാജീവിതം തുടങ്ങാന്‍ കഴിഞ്ഞതു ഒരു വലിയ ഭാഗ്യമായാണ് ഞാനിപ്പോഴും കണക്കാക്കുന്നത്. 'കൂടെവിടെ'യില്‍ അഭിനയിക്കാനെത്തുമ്പോള്‍ മമ്മുക്ക സിനിമയില്‍ രണ്ടോ മൂന്നോ വര്‍ഷമായിട്ടേയുള്ളു. പക്ഷേ, അപ്പോള്‍ തന്നെ സിനിമയില്‍ ഒരു സ്ഥാനം അദ്ദേഹം നേടിയെടുത്തുകഴിഞ്ഞിരുന്നു.
ഊട്ടിയില്‍ പഠിച്ചിരുന്നതിനാല്‍ കുറെ വര്‍ഷങ്ങളായി ഞാന്‍ മലയാള സിനിമകളൊന്നും കാണുന്നുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മമ്മൂട്ടിയെന്ന നടനെക്കുറിച്ച് ഞാന്‍ കേട്ടിരുന്നില്ല. നസീര്‍, മധു, സുകുമാരന്‍, ജയന്‍, സോമന്‍ തുടങ്ങിയ താരങ്ങളെയൊക്കെയെ എനിക്കപ്പോള്‍ അറിവുണ്ടായിരുന്നുള്ളു.

നാട്ടില്‍ ഞങ്ങളുടെ കുടുംബത്തിന് ഒരു സിനിമാ തിയറ്ററുണ്ടായിരുന്നു: ഫെയറിലാന്‍ഡ്. ഊട്ടിയില്‍ പോകുന്നതിനു മുന്‍പുവരെ അവിടെ വരുന്ന സിനിമകളൊക്കെ കാണുമായിരുന്നു. ജയന്‍ അഭിനയിച്ച 'അങ്ങാടി'യായിരുന്നു അവിടെ പ്രദര്‍ശിപ്പിച്ച ആദ്യ ചിത്രം. ചിത്രം സൂപ്പര്‍ഹിറ്റ് വിജയമായതോടെ അതിന്റെ ആഘോഷത്തിന് ജയനും നസീറുമൊക്കെ നിലമ്പൂരില്‍ വന്നു. ഒരു സിനിമാതാരത്തെ നേരിട്ടുകാണുന്നത് അന്നാദ്യമായായിരുന്നു. അബുദാബിയിലും പിന്നീട് ഊട്ടിയിലുമൊക്കെ പഠനവുമായി പോയതോടെ മലയാള സിനിമയുമായി ഒരു പ്രേക്ഷകനെന്ന നിലയിലുള്ള ബന്ധവും അവസാനിച്ചു.

'കൂടെവിടെ'യുടെ സെറ്റിലേക്ക് ആദ്യം കടന്നുചെന്ന ദിവസം എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട്. മമ്മൂക്ക കുടുംബസഹിതമായിരുന്നു ഷൂട്ടിങ്ങിന് എത്തിയിരുന്നത്. എന്നെ കണ്ടപ്പോള്‍ അദ്ദേഹം തുറിച്ചൊന്നു നോക്കി. 'ഇതാണോ പയ്യന്‍?' എന്ന മട്ടില്‍.

മമ്മൂക്ക അവതരിപ്പിച്ച കഥാപാത്രത്തോടു ക്ഷുഭിതനായി സംസാരിച്ചുകൊണ്ട് ഞാന്‍ ഇറങ്ങിപ്പോകുന്ന കോമ്പിനേഷന്‍ സീനാണ് ആദ്യമെടുത്തത്. മമ്മുക്കയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നതിനാല്‍ ഒരു പേടിയും കൂടാതെ എന്റെ ആദ്യ സീന്‍ ഞാന്‍ അഭിനയിച്ചു. 'ടോണ്ട് ടോക്ക് നോണ്‍സെന്‍സ്' എന്നായിരുന്നു എന്റെ ആദ്യ ഡയലോഗ്. മമ്മുക്കയോട് ഞാന്‍ ആദ്യം പറഞ്ഞ വാക്കുകളും അതുതന്നെയാവും.

ആദ്യ ചിത്രത്തിന്റെ സെറ്റില്‍വച്ച് അത്രയൊന്നും അടുപ്പം ഞങ്ങള്‍തമ്മില്‍ രൂപപ്പെട്ടില്ല. ഒരു പുതിയ പയ്യന്‍ എന്നതില്‍ കവിഞ്ഞ് ഞാനന്ന് ഒന്നുമല്ല. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. ഒരോ ചിത്രം കഴിയുമ്പോഴും ഞങ്ങളുടെ അടുപ്പം കൂടിക്കൂടി വന്നു. ഐ.വി. ശശിയുടെ കാണാമറയത്തായിരുന്നു ഞങ്ങള്‍ ഒരുമിച്ച രണ്ടാമത്തെ ചിത്രം. ആ ചിത്രത്തോടെയാണ് ശരിക്കും ഒരു താരമൂല്യമൊക്കെ എനിക്കു കിട്ടുന്നത്. ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അടിയൊഴുക്കുകള്‍ തുടങ്ങിയ ചിത്രങ്ങള്‍ തൊട്ടുപിന്നാലെ വന്നു.


സാജന്റെ 'തമ്മില്‍ തമ്മില്‍', ശശികുമാറിന്റെ 'എന്റെ കാണാക്കുയില്‍', സാജന്റെ തന്നെ 'എന്നു നാഥന്റെ നിമ്മി', കൊച്ചിന്‍ ഹനീഫയുടെ 'ആണ്‍കിളിയുടെ താരാട്ട്' തുടങ്ങിയ ചിത്രങ്ങളിലൊക്കെ എന്റെ കഥാപാത്രത്തെക്കാള്‍ ചെറിയ വേഷങ്ങളില്‍ ഒരു മടിയും കൂടാതെ മമ്മുക്ക അഭിനയിച്ചു.

തമിഴില്‍ തിരക്കായ ശേഷം മലയാളത്തില്‍ വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമായിരുന്നു ഞാന്‍ അഭിനയിച്ചത്. ഐ.വി. ശശിയുടെ 'മുക്തി', ജി.എസ്. വിജയന്റെ 'ചരിത്രം' തുടങ്ങിയ ചിത്രങ്ങളില്‍ മമ്മുക്കയ്ക്കൊപ്പമായിരുന്നു അത്.

രഞ്ജിത്തിന്റെ 'ബ്ളാക്കി'ലൂടെ തിരിച്ചുവന്നപ്പോഴും നായകനായി മമ്മുക്കയുണ്ടായിരുന്നു. ബ്ളാക്കില്‍ മമ്മുക്കയെ എതിര്‍ക്കുന്ന പൊലീസ് ഒാഫിസറായിട്ടായിരുന്നു ഞാന്‍ അഭിനയിച്ചത്. പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് അദ്ദേഹത്തെ ചവിട്ടിയിടുന്ന സീനുണ്ടായിരുന്നു അതില്‍. രഞ്ജിത്ത് സീന്‍ പറഞ്ഞുതന്നപ്പോള്‍ എനിക്കൊരൂ മടി തോന്നി. മമ്മൂക്കയെ ചവിട്ടാനൊരു മടി. അതിനു ധൈര്യം തന്നതു മറ്റാരുമല്ല. സാക്ഷാല്‍ മമ്മുക്ക തന്നെ.

എന്റെ സിനിമാജീവിതത്തിന്റെ പല ഘട്ടങ്ങളിലും എനിക്കു മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും തന്നതും അദ്ദേഹമായിരുന്നു. ചിലപ്പോഴൊക്കെ സിനിമകള്‍ തിരഞ്ഞെടുക്കും മുന്‍പു പോലും അദ്ദേഹത്തോടു ഞാന്‍ ചോദിക്കുമായിരുന്നു; 'ഈ കഥ നിനക്കു ചേരും. ധൈര്യമായി അഭിനയിച്ചോളൂ..' എന്നൊരു വാക്കു കേള്‍ക്കുന്നതിനു വേണ്ടി.


'രാജമാണിക്യ'ത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ആദ്യമെനിക്ക് ഒരു ആശങ്കയുണ്ടായിരുന്നു. നായകന്റെ പിറകില്‍ നില്‍ക്കുന്ന വെറുമൊരു സഹായി മാത്രമായി മാറുമോ എന്റെ വേഷം എന്നൊരു ടെന്‍ഷന്‍. ആദ്യ ദിവസങ്ങളില്‍ എടുത്ത പല സീനുകളിലും മമ്മുക്കയുടെ പിറകില്‍ വെറുതെ നില്‍ക്കുക മാത്രമായിരുന്നു പണി.
തിരിച്ചുവരവില്‍ ഇത്തരമൊരു വേഷം ചെയ്യാന്‍ എനിക്കു മടി തോന്നി. റോള്‍ വേണ്ടെന്നു വച്ച് മടങ്ങിയാലോ എന്നുവരെ ആലോചിച്ചു.

സെറ്റില്‍ വച്ച് ഇക്കാര്യം മമ്മൂക്കയോടു പറഞ്ഞു. 'നിന്റെ പ്രതാപകാലത്ത്, എത്രയോ ചിത്രങ്ങളില്‍ ഞാനിതുപോലെ ചെറിയ വേഷങ്ങളില്‍ നിനക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. രാജമാണിക്യം നിനക്ക് ബ്രേക്കാവും. പടം ഹിറ്റാകും. ധൈര്യമായി അഭിനയിക്കുക''-- ഇതായിരുന്നു മമ്മുക്കയുടെ മറുപടി.

പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. മമ്മൂക്കയുടെ 'തിര്വന്തോരം' സ്റ്റൈലിലുള്ള ഡയലോഗ് പ്രസന്റേഷന്‍ ഹിറ്റായതോടെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച ചിത്രമായി അതു മാറി. ആദ്യം പേടിച്ചതുപോലെയൊന്നുമായിരുന്നില്ല എന്റെ കഥാപാത്രവും. മമ്മൂക്കയുടെ ഇടപെടല്‍ കൂടിയുണ്ടോ എന്നറിയില്ല. ഡാന്‍സും സ്റ്റണ്ടുമൊക്കെയായി ഒന്നാന്തരമൊരു ഉപനായകവേഷം രാജമാണിക്യത്തിലൂടെ എനിക്കു കിട്ടുകയും ചെയ്തു.

Read more topics: # mammoty,# rehman,# say about cinema
actor rehman say about mammoty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES