കമ്മട്ടിപ്പാടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടനാണ് മണികണ്ഠന്‍ ആചാരി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ ചിത്രങ്ങളില്‍ താരം തിളങ്ങി. പേട്ടയിലൂടെ തമിഴിലും മണികണ്ഠനെത്തി. സിനിമാപാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാത്ത സാധാരണകുടുംബത്തില്‍ നിന്നും സിനിമയിലെത്തി കഴിവ് തെളിയിച്ച മണികണ്ഠന്‍ ഇപ്പോള്‍ ജീവിതത്തില്‍ പുതിയൊരു സന്തോഷത്തിലാണ്. അച്ഛനാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ചാണ് താരം എത്തിയത്.
ലോക്ഡൗണ്‍ സമയത്ത് ലളിതമായ രീതിയിലാണ് താരത്തിന്റെ വിവാഹം നടന്നത്. ലോക്ക്ഡൗണിനും ആറു മാസം മുന്‍പ് വിവാഹം തീരുമാനിച്ചിരിക്കെയായിരുന്നു ലോകമൊട്ടാകെ കൊറോണ വൈറസ് വ്യാപിക്കുയും രാജ്യം സമ്പൂര്‍ണ അടച്ചിടലിലേക്ക് പോകുകയും ചെയ്തത്. ഇതേ തുടര്‍ന്ന് തീരുമാനിച്ച വിവാഹം മാറ്റേണ്ടെന്നു കരുതി ലളിതമായ ചടങ്ങുകളോടെ തൃപ്പണിത്തുറ ക്ഷേത്രത്തില്‍ വച്ച് മണികണ്ഠനും അഞ്ജലിയും വിവാഹിതരാകുകയായിരുന്നു. വിവാഹാഘോഷങ്ങള്‍ക്കായി മാറ്റി വച്ച തുകയില്‍ നിന്നും ഒരു ഭാഗം ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുകയും ചെയ്തിരുന്നു.
'പ്രണയവിവാഹമാണ്. എനിക്ക് നേരത്തെ അറിയാവുന്ന കുടുംബമാണ്. വളരെ ചെറുപ്പം മുതല്‍ അഞ്ജലിയെ കണ്ടിട്ടുണ്ട്. ഒന്നൊന്നര വര്‍ഷം ഒരു ഉത്സവത്തിനു വച്ച് കണ്ടപ്പോഴാണ് കൂടുതലായി സംസാരിച്ചു തുടങ്ങിയത്. ഇഷ്ടം തോന്നിയപ്പോള്‍ അഞ്ജലിയോട് തുറന്നു പറയുകയായിരുന്നു. സംസാരത്തിനിടയ്ക്ക്, തമാശരൂപേണയാണ് കാര്യം അവതരിപ്പിച്ചത്, പൊക്കമൊക്കെ കറക്ടാണല്ലോ... എന്നാല്‍ പിന്നെ ആലോചിച്ചാലോ' എന്ന്. 'ആലോചിച്ചോളൂ' എന്നായിരുന്നു അഞ്ജലിയുടെ മറുപടി,'' അഞ്ജലിയുമായുള്ള പ്രണയത്തെ കുറിച്ച് മണികണ്ഠന്‍ പറഞ്ഞതിങ്ങനെ.
'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠന്‍ ആചാരി മലയാളികളുടെ പ്രിയനടനായി മാറിയത്. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞ താരമാണ് മണികണ്ഠന്‍. രജനീകാന്ത് ചിത്രം 'പേട്ട', വിജയ് സേതുപതി ചിത്രം 'മാമനിതന്‍' എന്നിവയില്‍ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മണികണ്ഠനു സാധിച്ചിരുന്നു. മമ്മൂട്ടി ചിത്രം 'മാമാങ്ക'ത്തിലും മികച്ചൊരു കഥാപാത്രത്തെ മണികണ്ഠന്‍ അവതരിപ്പിച്ചിരുന്നു.