സംവിധായകന്‍ ഭരതന്‍ മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിനായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും അദ്ദേഹം മരണപ്പെട്ടതോടെ ആ അധ്യായം അടയുകയായിരുന്നു. മഹാകവി കുഞ്ചന്‍ നമ്പ്യാരായി വെള്ളിത്തിരയില്‍ നിറയണമെന്ന മോഹം നടക്കാതെ പോയത് അഭിനയ ജീവിതത്തിലെ വേദനയാണെന്ന് നടന്‍ ജയറാം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഈ ബയോപികിനായി ഒട്ടനവധി സ്‌കെച്ചുകള്‍ വരച്ചുവെച്ചിരുന്നു, തിരക്കഥയും പൂര്‍ത്തിയാക്കി. എന്നാല്‍ ചിത്രത്തിന്റെ ചര്‍ച്ചകള്‍ക്ക് അവസാന രൂപമാകും മുന്‍പ് ബയോപിക്കുകള്‍ കൂടുതല്‍ സ്വീകാര്യമാവുന്ന കാലത്ത് 'കുഞ്ചന്‍ നമ്പ്യാര്‍' ചിത്രം സാധ്യമാകുമെങ്കില്‍ ഏറെ സന്തുഷ്ടിയുണ്ടെന്നും ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ജയറാം പറഞ്ഞു.
ലോനപ്പന്റെ മാമോദീസ എന്ന ചിത്രത്തിന്റെ ഗള്‍ഫ് റിലീസുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ എത്തിയതാണ് താരം.ലിയോ തദേവൂസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യമായി കലാഭവന്‍ സംഘത്തോടൊപ്പം മിമിക്രി അവതരിപ്പിക്കാന്‍ ദുബൈയില്‍ വന്നപ്പോഴാണ് ഒരു വാര്‍ത്താ സമ്മേളനത്തെ അഭിമുഖീകരിക്കുന്നത്. കലാഭവന്‍ സ്ഥാപകനായ ഫാദര്‍ ആബേലിനോടൊപ്പമായിരുന്നു അന്നെത്തിയത്. ദുബൈയിലെ പാം ബീച്ച് ഹോട്ടലില്‍ പ്രേം നസീര്‍ ഉണ്ടെന്നറിഞ്ഞ് ആബേലച്ചനും കൈരളി കലാ സാംസ്‌കാരിക വേദിയും ഇടപെട്ട് കൂടിക്കാഴ്ചക്ക് അനുമതി നേടിക്കൊടുത്തതും അന്നാരംഭിച്ച സൗഹൃദം നസീറിന്റെ അവസാന ചിത്രം വരെ തുടര്‍ന്നതും ജയറാം അനുസ്മരിച്ചു.
ലിയോ തദേവൂസ്,പ്രൊഡ്യൂസര്‍ ഷിനോയ് മാത്യൂസ്, സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ്, ചിത്രത്തിലെ നായിക അന്ന രാജന്‍ (ലിച്ചി) തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.