ഹാസ്യ കഥാപാത്രങ്ങളുടെ ചക്രവര്‍ത്തിയായി മലയാള സിനിമയില്‍ നിറഞ്ഞാടിയ താരം ജഗതി ശ്രീകുമാര്‍ അഭിനയ രംഗത്തേക്ക് വീണ്ടും എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഓരോ ദിവസവും ക്യാമറയ്ക്ക് മുന്നില്‍ നിന്നും എത്തുമ്പോള്‍ പപ്പയ്ക്ക് നല്ല മാറ്റമുണ്ടെന്നാണ് ജഗതിയുടെ മകള്‍ പാര്‍വ്വതി വ്യക്തമാാക്കിയത്. ചികിത്സയുടെ ഭാഗമായി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരാനുളള തയ്യാറെടുപ്പിലാണ് താരം. ഇപ്പോള്‍ കുടുംബത്തോടൊപ്പം തന്റെ 39-ാമത്തെ വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് താരം.
ജഗതിക്കു സ്‌നേഹചുംബനം നല്‍കുന്ന ഭാര്യ ശോഭയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു. മകള്‍ പാര്‍വതിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചത്. ഇത് തന്റെ കാന്‍ഡിഡ് ചിത്രമായിരുന്നെന്നും അമ്മ അറിയാതെയാണ് ചിത്രം പകര്‍ത്തിയതെന്നും ചിത്രം പങ്കുവച്ചുകൊണ്ട് പാര്‍വതി കുറിച്ചു. 1979 സെപ്റ്റംബര്‍ 13നായിരുന്നു ജഗതി ശ്രീകുമാറും ശോഭയും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷവും വിവാഹവാര്‍ഷിക ദിനത്തില്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടിയിരുന്നു. ലളിതമായ ആഘോഷത്തിന്റെ വിഡിയോ അന്നും പാര്‍വതി പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരുന്നു.
തിരുവമ്പാടി തമ്പാന്‍' എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ ജഗതി അഭിനയിച്ചത്. അവിടെ നിന്നു ലെനിന്‍ രാജേന്ദ്രന്റെ സിനിമയുടെ ലൊക്കേഷനിലേക്കു പോകുമ്പോഴായിരുന്നു ജീവിതം മാറ്റിമറിച്ച അപകടം. തുടര്‍ന്ന് 7 വര്‍ഷമായി അദ്ദേഹം വീല്‍ചെയറിലാണ്. തിരുവനന്തപുരത്തു പേയാട്ടുള്ള വസതിയിലാണു താമസം. വലതു കൈയ്ക്കു സ്വാധീനക്കുറവുണ്ട്. സംസാരിക്കുന്നതിനു ബുദ്ധിമുട്ടുള്ളതിനാല്‍ കൂടുതലും ആംഗ്യഭാഷയിലാണു സംസാരം. ചെറിയ വാചകങ്ങള്‍ മാത്രം പറയാന്‍ സാധിക്കും. പത്രങ്ങളും പുസ്തകങ്ങളും വായിച്ചും ടിവിയില്‍ സിനിമ കണ്ടുമാണു സമയം ചെലവഴിക്കുന്നത്. ഒപ്പം കൊച്ചുമക്കളുമായി കളിച്ചും ചിരിച്ചും ഇരിക്കും. ഇതിനിടെ മകന്‍ നിര്‍മിച്ച പരസ്യ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് മലയാളത്തിന്റെ പ്രിയതാരം.സിനിമാ രംഗത്ത് നിന്നും നിരവധി താരങ്ങള്‍ സ്‌നേഹാന്വേഷണവുമായി താരത്തെ കാണാന്‍ എത്താറുണ്ട്.
2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍ ് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനുമാണ് സാരമായി പരിക്കേറ്റത്. അടിവയറ്റില്‍ രക്തസ്രാവത്തേത്തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.ഫിസിയോ തെറാപ്പിയും മറ്റു ചികിത്സകളും ചെയ്തിരുന്നെങ്കിലും ആദ്യഘട്ടത്തില് ഇത് ഫലപ്രാബല്യത്തിലെത്തിയിരുന്നില്ല. അപകടത്തിന് ശേഷം വെല്ലൂര്‍ ആശുപത്രിയിലും വീട്ടിലുമായി ചികിത്സയിലായിരുന്നു.