മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖ നടനായിരുന്ന ശ്രീ.ബോബി കൊട്ടാരക്കര അന്തരിച്ചിട്ട് പത്തൊമ്പത് വര്ഷങ്ങള് പിന്നിടുന്നു..അബ്ദുള് അസീസ് എന്നതാണ് അദ്ദേഹത്തിന്റെ യഥാര്ത്ഥ പേര്.1952 മാര്ച്ച് 11ന് തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം നാടക ലോകത്ത് നിന്നാണ് സിനിമയിലേക്ക് എത്തിയത്. മുച്ചീട്ടുകളിക്കാരന്റെ മകള് എന്ന ചിത്രത്തിലൂടെയാണ് ബോബി ചലച്ചിത്ര ലോകത്തേക്ക് വന്നത്. പിന്നീട് ഏകദേശം 300 ലധികം ചിത്രങ്ങളില് അഭിനയിച്ചു.കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാര്ത്തകള്, കാഴ്ചക്കപ്പുറം, ചിത്രം എന്നിവ ചില ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇത് കൂടാതെ ചില ടെലിവിഷന് സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2001 ജൂണ് 18ന് 'വക്കാലത്ത് നാരായണന് കുട്ടി' എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് അദ്ദേഹം മരണമടഞ്ഞത്.
കൊട്ടാരക്കര വീനസ് ജംഗ്ഷനില് പരേതനായ പരീത്കുഞ്ഞ് റാവുത്തരുടെ മകനായി ജനിച്ച ബോബിക്ക് ഹാസ്യഭിനയം ജന്മസിദ്ധമായിരുന്നു. 24 വര്ഷം മുമ്പ് അഭിനയരംഗത്തെത്തി മുന്നൂറിലധികം ചിത്രങ്ങളിലഭിനയിച്ച് അഭ്രപാളികളില് അനശ്വരതനേടിയ ബോബി എന്ന അബ്ദുള് അസീസ് മലയാളസിനിമക്കു നല്കിയത് കാലഘട്ടത്തെ അതിജീവിക്കുന്ന അഭിനയചാതുരിയാണ്.
നാടകത്തിലൂടെയായിരുന്നു ബോബിയുടെ കടന്നു വരവ്. കൊല്ലം കാളിദാസകലാകേന്ദ്രം, ആലപ്പുഴ മലയാളകലാഭവന്, ആറ്റിങ്ങല് ജനശക്തി, ആലുമ്മൂടന്റെ നാടകഗ്രൂപ്പ് ..ബോബി സഹകരിക്കാത്ത നാടകസംഘങ്ങള് കുറയും.ഒട്ടേറെ ടെലിവിഷന് സീരിയലുകളിലൂടെയും മിമിക്രിയിലൂടെയും കലാലോകത്ത് സജീവസാന്നിധ്യമറിയിച്ചിരുന്നെങ്കിലും സിനിമാഭിനയമാണ് അദ്ദേഹത്തെ പ്രശസ്തിയുടെ നടുമുറ്റത്തെത്തിച്ചത്. അടൂര് ഭാസി സംവിധാനം ചെയ്ത 'മുച്ചീട്ടുകളിക്കാരന്റെ മകനി'ലൂടെ വെള്ളിത്തിരയിലെത്തിയ ബോബിക്ക് പിന്നീട് തിരികെ നോക്കേണ്ടി വന്നിട്ടില്ല.
''ആരോഹണം 'എന്ന ചിത്രത്തിലൂടെയാണ് ബോബി സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. വളര്ച്ചയുടെ പടവുകളായിരുന്നു പിന്നീടുള്ളത്. ''മഴവില്കാവടി'യിലൂടെയാണ് ബോബി തിരക്കുള്ള നടനാകുന്നത്. ''ഉലക്ക' എന്ന ഹാസ്യകഥാപ്രസംഗത്തിലെ ബോബി എന്ന പേരാണ് പിന്നീട് അസീസ് സ്വന്തമാക്കിയത്. അനേകം സിനിമകളില് നര്മ്മത്തിന്റെ ലഹരിനുണഞ്ഞ് നമുക്ക് മുമ്പിലെത്തിയ ബോബി മലയാളസിനിമക്ക് നല്കിയത് മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു.ഈ ലോകത്തോട് തന്നെ വിട പറയുമ്പോള് 49 വയസ്സായിരുന്നു ശ്രീ . ബോബി കൊട്ടാരക്കരയുടെ പ്രായം. വളരെ നല്ല വേഷങ്ങളില് കൂടി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമാവുകയും അതുവഴി പ്രേക്ഷകരുടെ മനസ്സില് ഇടനേടുകയും ചെയ്തു അദ്ദേഹം .