ഓപ്പറേഷന്‍ നുംഖോറില്‍ മൂന്നു വാഹനങ്ങള്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ഇതില്‍ രണ്ടെണ്ണം നടന്‍ അമിത് ചക്കാലക്കലിന്റേതാണ്. മൂന്നാമത്തെ വാഹനം പാലക്കാട് സ്വദേശിയുടേതുമാണ്. ഒളിപ്പിച്ച വാഹനങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നുവെന്ന് കസ്റ്റംസ് പ്രിവന്റീവ് വൃത്തങ്ങള്‍ പറയുന്നു.
ഭൂട്ടാനില്‍ നിന്ന് അനധികൃതമായി എത്തിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ഓപ്പറേഷന്‍ നംഖോര്‍ ഭാഗമായാണ് നടപടി. അതേസമയം ഭൂട്ടാന്‍ കാര്‍ കള്ളക്കടത്തിനു പിന്നില്‍ കോയമ്പത്തൂരിലെ ഷൈന്‍ മോട്ടോര്‍സ് എന്ന സംഘത്തിന്റെ വിവരങ്ങള്‍ ലഭിച്ചതായി ഇഡി പറഞ്ഞു. സതിക് ഭാഷ, ഇമ്രാന്‍ ഖാന്‍ എന്നിവരുടെ വിവരങ്ങളാണ് ഇഡിക്ക് ലഭിച്ചത്.
ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ പരിശോധന നടത്തിയിരുന്നു. കൊച്ചി പനമ്പള്ളി നഗറില്‍ മമ്മൂട്ടിയുടെ പഴയ വീടായ മമ്മൂട്ടി ഹൗസ്, മമ്മൂട്ടിയും ദുല്‍ഖറും ഇപ്പോള്‍ താമസിക്കുന്ന എളംകുളത്തെ വീട്, ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്റെ തോപ്പുംപടിയിലെ ഫ്ളാറ്റ്, അമിത് ചക്കാലക്കലിന്റെ എറണാകുളം നോര്‍ത്തിലെ വീട് എന്നിവിടങ്ങളില്‍ അടക്കമായിരുന്നു പരിശോധന. ഇ ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. പരിശോദന രാത്രി വരെ നീണ്ടിരുന്നു.
ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട് കസ്റ്റംസും നേരത്തെ നടന്മാരുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ദുല്‍ഖര്‍ സല്‍മാനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
വ്യാജ എന്‍ഒസികള്‍ ഉപയോഗിച്ച് ഭൂട്ടാനില്‍ നിന്ന് അനധികൃതമായി വാഹനങ്ങള്‍ നാട്ടിലെത്തിച്ച സതിക് ഭാഷ, ഇമ്രാന്‍ ഖാന്‍ എന്നിവരുടെ മൊഴിയും ഇഡി രേഖപ്പെടുത്തി. ഭൂട്ടാനിലെ ആര്‍മി മുന്‍ ഉദ്യോഗസ്ഥനെ ഇടനിലക്കാരനാക്കിയായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. ഭൂട്ടാനില്‍ നിന്ന് 16 വാഹനങ്ങള്‍ വാങ്ങിയതായി കോയമ്പത്തൂര്‍ സംഘം സമ്മതിച്ചു. ഇന്നലെ നടന്ന പരിശോധനയില്‍ ഡിജിറ്റല്‍ രേഖകളടക്കം പിടിച്ചെടുത്തതായി ഇഡി വൃത്തങ്ങള്‍ വിശദമാക്കി. ഇത്തരത്തില്‍ അനധികൃതമായി ഇറക്കുമതി ചെയ്ത നൂറിലധികം വാഹനങ്ങള്‍ ഇപ്പോഴും കേരളത്തിലുള്ളതായി കസ്റ്റംസ് കണക്കാക്കുന്നു.
സംസ്ഥാന പോലിസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സഹായത്തോടെ ഇവ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഓപ്പറേഷന്‍ നംഖോറിനു കീഴില്‍ ഇന്ന് നടന്ന പരിശോധനയില്‍ കണ്ടുകെട്ടിയ മൂന്നു വാഹനങ്ങള്‍ ഉള്‍പ്പടെ ആകെ 43 വാഹനങ്ങള്‍ പിടിച്ചെടുത്തു. സെപ്റ്റംബര്‍ 23 മുതലാണ് കസ്റ്റംസ് ഓപ്പറേഷന്‍ നുംഖോര്‍ ആരംഭിച്ചത്.