നടന്‍ ബാലക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ഭാര്യ എലിസബത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബാലയുടെ ആദ്യഭാര്യ അമൃത സുരേഷിന്റെ സഹോദരി അഭിരാമി. എലിസബത്തിനെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് പലരും അമൃതയുടെയും അഭിരാമിയുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കമന്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് അഭിരാമിയുടെ പോസ്റ്റ്.
കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വീഡിയോക്ക് താഴെ എത്തിയ പോസ്റ്റിന് മറുപടി നല്‍കി കൊണ്ടാണ് അഭിരാമിയുടെ പ്രതികരണം. എലിസബത്തിനെ ബന്ധപ്പെടാന്‍ അമൃതയും താനും ശ്രമിച്ചിരുന്നുവെന്ന് അഭിരാമി പറയുന്നു. എന്നാല്‍ ചില വ്യക്തികളുടെ ഇടപെടല്‍ മൂലം അതിനുള്ള സാഹചര്യം ഇല്ലാതായി. തങ്ങള്‍ക്കും എലിസബത്തിനുമിടയില്‍ അവര്‍ കൂടുതല്‍ അകലമുണ്ടാക്കി എന്നാണ് അഭിരാമി പറയുന്നത്.
''എലിസബത്തിന് എന്തെങ്കിലും തരത്തില്‍ മാനസികമായും വൈകാരികമായും ഒരു ആശ്വാസവാക്ക് എങ്കിലും കൊടുക്കാന്‍ ശ്രമിക്കണേ, അഭി-അമൃത. എലിസബത്ത് പറയുന്ന കാര്യങ്ങള്‍ മറ്റാരേക്കാളും നിങ്ങള്‍ക്ക് കുറച്ചുകൂടി മനസിലാക്കാന്‍ കഴിയുമല്ലോ...' എന്ന കമന്റിനാണ് അഭിരാമി മറുപടി നല്‍കിയത്.
അഭിരാമിയുടെ മറുപടി:
പ്രിയപ്പെട്ട സഹോദരീ, നിങ്ങളുടെ കമന്റിലെ ആത്മാര്‍ഥതയും കരുതലും ഞങ്ങള്‍ മാനിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ എലിസബത്തിനെ വീണ്ടും ബന്ധപ്പെടാന്‍ ആത്മാര്‍ഥമായി ശ്രമിച്ചിരുന്നു. എന്നാല്‍, ഞങ്ങളെ അകറ്റിനിര്‍ത്തുന്നതില്‍ വ്യക്തിപരമായ ലക്ഷ്യങ്ങളുള്ള ചില വ്യക്തികളുടെ ഇടപെടല്‍മൂലം ശ്രമം വിഫലമായി. അവര്‍ സാഹചര്യം വളച്ചൊടിച്ച് ഞങ്ങള്‍ക്കിടയില്‍ കൂടുതല്‍ അകലമുണ്ടാക്കി. അതിന് ശേഷം ഞങ്ങളോട് ബന്ധപ്പെടേണ്ടെന്ന് എലിസബത്ത് തീരുമാനിക്കുകയായിരുന്നു.
പിന്തുണ അറിയിച്ച് അവരെ ബന്ധപ്പെടാന്‍ ഞങ്ങള്‍ രണ്ട് പേരും പലതവണ ശ്രമിച്ചിരുന്നു. എന്നാല്‍, തനിക്കൊപ്പം നില്‍ക്കുന്ന കരുത്തരായ ആളുകള്‍ക്കൊപ്പം അവര്‍ ഒറ്റയ്ക്ക് പോരാടാന്‍ തീരുമാനിച്ചു. വാസ്തവത്തില്‍, ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ക്ക് ലഭിച്ചതിനേക്കാള്‍ പിന്തുണ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ഞങ്ങള്‍ ആത്മാര്‍ഥമായും സന്തുഷ്ടരാണ്. അയാള്‍ക്കൊപ്പം വെറും രണ്ട് വര്‍ഷം ജീവിച്ച അവര്‍ക്ക് ഇത്രയേറെ ട്രോമയുണ്ടായെങ്കില്‍, 14 വര്‍ഷം ഞങ്ങളുടെ കുടുംബം കടന്നുപോയ വേദനകളെ കുറിച്ച് ആലോചിച്ചു നോക്കൂ.
അയാള്‍ ഒരിക്കലും എന്റെ സഹോദരിയുടെ ത്യാഗങ്ങളെ പരിഗണിച്ചിട്ടില്ല. അയാളുടെ കുഞ്ഞിനെ പേറുകയും എല്ലാവേദനയും സഹിച്ച്, അയാളുടെ ഒരു രൂപ പോലും വാങ്ങാതെ അവളെ ഒറ്റയ്ക്ക് വളര്‍ത്തുകയും നല്ല വിദ്യാഭ്യാസവും ജീവിതവും നല്‍കുകയും ചെയ്തു. വാസ്തവത്തില്‍, ഒരുതരത്തിലും ഉപകാരപ്പെടരുതെന്ന് ഉറപ്പാക്കാന്‍ അയാള്‍ അയാളുടെ വഴിനോക്കി. ഒരു അച്ഛനെന്ന നിലയില്‍ അയാള്‍ തന്റെ മകളോട് യാതൊരു ഉത്തരവാദിത്വവും കാണിച്ചിട്ടില്ല. അതുതന്നെ അയാള്‍ ഏത് തരക്കാരനാണെന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട്.