സംവിധായകന്‍ ബ്ലെസ്സിയുടെയും നടന്‍ പൃഥ്വിരാജിന്റെയും ജീവിതത്തിലെ കഴിഞ്ഞ കുറേവര്‍ഷങ്ങള്‍ ആടുജീവിതമെന്ന ചിത്രത്തെ ചുറ്റിപ്പറ്റിയാണ്. നിരവധി പ്രതിസന്ധികളിലൂടെയാണ് ആടുജീവിതത്തിന്റെ ഷൂട്ടിംഗ് കടന്നുപോയത്. എന്നാല്‍, പാതിവഴിയില്‍ ആ സ്വപ്നം ഉപേക്ഷിക്കാതെ, പ്രതിസന്ധികളെയെല്ലാം മറികടന്ന് ഒടുവില്‍ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പൃഥ്വിരാജാണ് ഈ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്.
ചിത്രത്തിനു വേണ്ടി വലിയ മേക്കോവര്‍ തന്നെ പൃഥ്വി നടത്തിയിരുന്നു. മാസങ്ങളോളം പട്ടിണി കിടന്നു ശുഷ്‌കിച്ച നായകന്റെ ലുക്കിലേക്ക് എത്താന്‍ പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മരുഭൂമി, അവിടെയുള്ള കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നിങ്ങനെ ചിത്രീകരണ വെല്ലുവിളികളും ഏറെയായിരുന്നു. അതിനിടയില്‍, കോവിഡും ലോക്ക്ഡൗണും എത്തിയതോടെ ചിത്രീകരണം തന്നെ നിന്നുപോയി.
ലോക്ക്ഡൗണ്‍ കാലത്ത് മലയാള സിനിമ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നുംആടുജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു. വലിയ കാന്‍വാസിലുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിനായി ബ്ലെസ്സിയും പൃഥ്വിരാജും ഉള്‍പ്പെടെയുള്ള സംഘം ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. അതോടെ ആടുജീവിതം സംഘത്തിന് മരുഭൂമിയിലെ ലൊക്കെഷനില്‍ തന്നെ ദിവസങ്ങള്‍ കഴിഞ്ഞുകൂടേണ്ടി വന്നു.
ആകെ 160 ദിവസമാണ് ചിത്രീകരണത്തിനായി എടുത്തത്, ഏതാണ്ട് നാലര വര്‍ഷത്തോളമെടുത്ത് വിവിധ ഷെഡ്യൂളുകളായി ബ്രേക്ക് ചെയ്താണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സംവിധായകന്‍ ബ്ലെസി.
അതേസമയം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ കടുവ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റെക്കോഡ് കളക്ഷന്‍ നേടിയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്.പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമായ കാപ്പയും അണിയറയില്‍ ഒരുങ്ങുന്ന പൃഥ്വിയുടെ മറ്റൊരു ചിത്രമാണ്.