നിപ്പയെ അതിജീവിച്ച കേരളത്തിന്റെ കഥയുമായെത്തുന്ന 'വൈറസിന്റെ ട്രെയിലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. നിപ്പാകാലത്ത് കേരളം കടന്നു പോയ ഭീതിയും മാനസിക സംഘർഷവുമെല്ലാം ട്രെയിലറിലും പ്രകടമാണ്.ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിൽ കേരളത്തെ പിടിച്ചുലക്കിയ നിപ്പ വൈറസിന്റെ ഭയാനക നിമിഷങ്ങൾ മനോഹരമായാണ് ചിത്രീകരിച്ചിട്ടുള്ളത്.
നിരവധിപ്പേരാണ് യൂട്യൂബിൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ ട്രെയ്‌ലർ കണ്ടത്. കേരളം നിപ്പയെ അറിഞ്ഞതും ഭയപ്പെട്ടതും അതിജീവിച്ചതും ഒരിക്കൽ കൂടി അനുഭവിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലറിലൂടെ. നിപ്പാ വൈറസ് ബാധയുടെ സമയത്തെ കോഴിക്കോട് നിവാസികളുടെ ജീവിതവും ദൃശ്യങ്ങളിൽ കാണാം.റീമ കല്ലിങ്കലാണ് ചിത്രത്തിൽ നിപ്പ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയായി എത്തുന്നത്. 'ആൾക്കാർക്ക് അസുഖം വന്നാൽ നോക്കാതിരിക്കാനാവുമോയെന്ന' റിമയുടെ വാക്കുകൾ വേദനയാകുന്നു.
കേരളം ഒറ്റക്കെട്ടായി നേരിട്ട യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. മലയാളത്തിലെ മുൻനിര താരങ്ങൾ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.ആസിഫ് അലി, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, രേവതി, പാർവതി തിരുവോത്ത്, റീമാ കല്ലിങ്കൽ, എന്നീങ്ങനെ നീണ്ട താരനിര അണിനിരക്കുന്നു.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നു. മുഹസിൻ പരാരിയും സുഹാസും, ഷറഫുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. രജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.ഒപിഎം പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.