Latest News

വിജയ് സേതുപതി ഫാന്‍സ് അസോസിയേഷനില്‍ അധികാരപ്പോര്; ഒടുവില്‍ സംഘടനാ തലപ്പത്തെത്താന്‍ പ്രസിഡന്റിനെ കുത്തിക്കൊന്നു; മണികണ്ഠന്റെ മരണത്തില്‍ ഞെട്ടി തമിഴ് സിനിമാലോകം

Malayalilife
topbanner
വിജയ് സേതുപതി ഫാന്‍സ് അസോസിയേഷനില്‍ അധികാരപ്പോര്; ഒടുവില്‍ സംഘടനാ തലപ്പത്തെത്താന്‍ പ്രസിഡന്റിനെ കുത്തിക്കൊന്നു; മണികണ്ഠന്റെ മരണത്തില്‍ ഞെട്ടി തമിഴ് സിനിമാലോകം

കോവിഡ് ഭീതിയില്‍ സിനിമാ വ്യവസായം തന്നെ ആറുമാസമായി നിശ്ചലമാണ്. പതിയെ ട്രാക്കിലേക്ക് വരികയാണ് സിനിമാലോകം. ഇതിനിടയില്‍ ഇപ്പോള്‍ തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുന്നത് ആരാധകസംഘടനയിലെ തര്‍ക്കത്തിന്റെ പേരില്‍ നടന്ന ഒരു ദാരുണ കൊലപാതകമാണ്. പുതുച്ചേരിയില്‍ വിജയ് സേതുപതി ഫാന്‍സ് അസോസിയേഷനിലെ ആള്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് പ്രസിഡന്റിനെ നടുറോഡിലിട്ട് കുത്തി കൊന്നിരിക്കുന്നത്. അധികാര തര്‍ക്കത്തെ തുടര്‍ന്ന് ഫാന്‍സ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും സംഘവുമാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

പുതുച്ചേരി റെഡ്യാര്‍പാളയത്താണ്  വിജയ് സേതുപതി ഫാന്‍സ്  അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റിനെ  മുന്‍സെക്രട്ടറിയും സംഘവും കത്തിമുനയില്‍ തീര്‍ത്തത്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു അധികാരം കൈമാറണമെന്ന ഭീഷണി അവഗണിച്ചതാണു മുപ്പത്തിയഞ്ചുകാരന്റെ ജീവനെടുക്കാന്‍ കാരണമായത്.

വിജയ് സേതുപതിയുടെ ആരാധക കൂട്ടമായ ഫാന്‍സ് അസോസിയേഷന്റെ പുതുച്ചേരി ഘടകത്തില്‍ കുറേ നാളുകളായി  അധികാരതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈയിടെയാണ് പെയിന്ററായ റെഡ്യയാര്‍പാളയം ഗോവിന്ദശാലയിലെ മണികണ്ഠനെന്ന 35കാരനെ പ്രസിഡന്റായി തിരഞ്ഞെടുത്ത്. എന്നാല്‍ ഇത്, മുന്‍ സെക്രട്ടറി ആട്ടുപെട്ടി രാജശേഖരനും സംഘവും അംഗീകരിച്ചിരുന്നില്ല. 

മണികണ്ഠന്‍ സ്ഥാനമൊഴിയണമെന്ന് ബന്ധു കൂടിയായ രാജശേഖരന്‍ പലവട്ടം ആവശ്യപെട്ടിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ ഇരുവരുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ ചര്ച്ച നടന്നിരുന്നു.എന്നാല്‍ സ്ഥാനമൊഴിയാന്‍ മണികണ്ഠന്‍ തയാറായില്ല. ചര്‍ച്ച കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു  കൊലപാതകം. റെഡ്യയാര്‍പാളം  നെല്ലിത്തോപ്പ്  മാര്‍ക്കറ്റിനു മുന്നില്‍ വച്ചു രണ്ടു ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘം മണികണ്ഠനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു.

സമീപത്തുള്ളവര്‍ അറിയിച്ചതനുസരിച്ചു  ഊരുളയാന്‍പേട്ട പൊലീസ് സ്ഥലത്തെത്തി മണികണ്ഠനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രാജശേഖരനും മണികണ്ഠനും അകന്ന ബന്ധുക്കളാണെന്നും ഫാന്‍സ് അസോസിയേഷനിലെ അധികാരം സംബന്ധിച്ചു തര്‍ക്കം നിലനിന്നിരുന്നതായും ഊരുളയാന്‍പേട്ട പൊലീസ് പറഞ്ഞു. ഇരുവരുടെയും പേരില്‍ കൊലക്കേസടക്കമുള്ളവയുണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമികള്‍ക്കായി  വ്യാപക തിരച്ചില് തുടങ്ങി.കോവിഡിനെ  തുടര്‍ന്ന് സിനിമ വ്യവസായം ഒന്നാകെ നിശ്ചലമായ സമയത്ത് ആരാധക സംഘടനയിലെ തര്‍ക്കം കൊലപാതകത്തിലെത്തിയത് സിനിമ മേഖലയെയും നടുക്കിയിട്ടുണ്ട്.

Vijay Sethupathi fans association president killed in Puducherry

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES