Latest News

തമിഴ് നടി വിജെ ചിത്രയുടെ പിതാവും ആത്മഹത്യ ചെയ്ത നിലയില്‍; പിതാവിന്റെ മരണം മകളുടെ മരണത്തിന് ഉത്തരവാദികള്‍ കുറ്റവിമുക്തരായതിന് പിന്നാലെ

Malayalilife
തമിഴ് നടി വിജെ ചിത്രയുടെ പിതാവും ആത്മഹത്യ ചെയ്ത നിലയില്‍; പിതാവിന്റെ മരണം മകളുടെ മരണത്തിന് ഉത്തരവാദികള്‍ കുറ്റവിമുക്തരായതിന് പിന്നാലെ

പാണ്ഡ്യന്‍ സ്റ്റോഴ്സ് എന്ന സീരിയലിലെ മുല്ലയായി അഭിനയിച്ച് ആരാധകരുടെ ഹൃദയം കവര്‍ന്ന തമിഴ് നടി വിജെ ചിത്ര 2020 ഡിസംബര്‍ 9 നാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന ചെന്നൈയിലെ നസറത്ത് പേട്ടയിലെ ഒരു നക്ഷത്ര ഹോട്ടലിലാണ് നടി ആത്മഹത്യ ചെയ്തത നിലയില്‍ കാണപ്പെട്ടത്. ഇപ്പോഴിതാ ചിത്രയുടെ പിതാവ് കാമരാജും ആത്മഹത്യ ചെയ്തിരിക്കുന്നു എന്ന വാര്‍ത്തയാണ് തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. 

ചിത്രയുടെ മരണത്തെതുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നീട് ചിത്രയുടെ മാതാപിതാക്കളുടെ അപേക്ഷ പ്രകാരം കേസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അന്വേഷിക്കാന്‍ ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് നസറത്ത്‌പേട്ട പോലീസ് പറഞ്ഞത് ചിത്രയുടെ ഭര്‍ത്താവ് ഹേംനാഥിന് ചിത്രയെ കുറിച്ച് സംശയമുണ്ടായിരുന്നെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചേക്കാമെന്നുമായിരുന്നു.

കൂടാതെ ചിത്രയുടെ സുഹൃത്തുക്കളില്‍ പലരും ഹേംനാഥിനെതിരെ രംഗത്ത് എത്തിയിരുന്നു. മരണത്തിന് തലേദിവസം ചിത്രയ്ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്ത നടി ശരണ്യ, സാധാരണ സന്തോഷവതിയായിരുന്ന ചിത്ര അസാധാരണമാംവിധം ഉത്കണ്ഠയോടെയാണ് അന്ന് കാണപ്പെട്ടത് എന്ന് പറഞ്ഞു.

കൂടാതെ ഹേംനാഥ് ചിത്രയെ ഒന്നിലധികം തവണ ശാരീരികമായി ഉപദ്രവിച്ചതായി ഹേംനാഥിന്റെ സുഹൃത്ത് രോഹിത് വെളിപ്പെടുത്തിയിരുന്നു. ഇത് കോളിളക്കമുണ്ടാക്കിയ വെളിപ്പെടുത്തലായിരുന്നു. ചിത്രയോട് മോശമായി പെരുമാറിയെന്ന ആരോപണം നിലനില്‍ക്കെ, ആത്മഹത്യയുമായി തനിക്ക് ബന്ധമില്ലെന്ന് കാണിച്ച് ഹേംനാഥ് ചെന്നൈ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു.

ഇയാളുടെ ജാമ്യാപേക്ഷ കോടതി പലതവണ തള്ളിയിരുന്നു. മകളുടെ മരണത്തിന് ഉത്തരവാദി ഹേംനാഥാണെന്ന് ആരോപിച്ച ചിത്രയുടെ മാതാപിതാക്കള്‍ അയാള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കോടതിയില്‍ നിരന്തരം പോരാടി. ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഏഴോളം പേര്‍ക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് ആത്മഹത്യപ്രേരണ ആരോപിച്ച് കേസില്‍ കുറ്റപത്രം നല്‍കിയത്.

തുടര്‍ന്ന് മൂന്ന് വര്‍ഷമായി ചെന്നെയിലെ പ്രത്യേക വനിത കോടതിയില്‍ നടന്ന വിചാരണ അടുത്തിടെയാണ് അവസാനിച്ചത്. ചിത്രയെ കൊലപ്പെടുത്തിയതിന് തെളിവുകളോ തെളിവുകളോ പ്രേരണകളോ ഇല്ലെന്ന് കേസ് പരിഗണിച്ച ജഡ്ജി രേവതി വിധിയില്‍ വ്യക്തമാക്കിയത്. തല്‍ഫലമായി, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹേംനാഥ് ഉള്‍പ്പെടെ ഏഴ് പേരെയും വെറുതെവിട്ടു.

ആഗസ്റ്റ് മാസത്തിലാണ് ഹേംനാഥിനെയും മറ്റുള്ളവരെയും പെട്ടെന്ന് കുറ്റവിമുക്തരാക്കിയത്. മകള്‍ക്ക് നീതിക്കായി പോരാടുന്ന ചിത്രയുടെ പിതാവിന് കാര്യമായ വിഷമമുണ്ടാക്കിയിരുന്നു എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. 

ചിത്രയുടെ പിതാവായ കാമരാജ്, ഒരു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്.  ഇദ്ദേഹത്തെ തിങ്കളാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന ദു:ഖത്തിലായിരുന്നു ഇദ്ദേഹം കുറച്ചു മാസങ്ങളായി ഉണ്ടായിരുന്നത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇത് കാമരാജിനെ കടുത്ത വിഷാദ രോഗത്തിലേക്ക് തള്ളിവിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

പോലീസ് കാമരാജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് വീട്ടുകാര്‍ക്ക് കൈമാറി.  അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വിളിച്ച് അന്വേഷണവും പൊലീസ് തുടരുന്നുണ്ട്. കാമരാജിന്റെ മരണം ചിത്ര കേസ് വീണ്ടും വാര്‍ത്തകളിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. 

Read more topics: # വിജെ ചിത്ര
VJ Chitra Father Suicide

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES