കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം 'തീവണ്ടി'യിലെ ചില രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടന്‍ ടോവിനോ തോമസ്. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നറിയാം, എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും ടൊവിനോ പറഞ്ഞു.
'നമസ്‌കാരം, തീവണ്ടി എന്ന സിനിമയോടും, എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദി! പക്ഷെ ആ സിനിമയിലെ ചില രംഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കാണാനിടയായി . അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം. എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണം എന്ന് അഭ്യര്‍ഥിക്കുന്നു! സ്നേഹപൂര്‍വ്വം' ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.പിന്നെ ട്രോളുകളൊക്കെ കാണുന്നുണ്ടെന്നും അടിപൊളി ആണെന്നും പറഞ്ഞ ടൊവിനോ ട്രോളന്മാര്‍ക്ക് പ്രത്യേക നന്ദി പറയാനും മറന്നില്ല.
ടൊവീനോ തോമസും പുതുമുഖം സംയുക്ത മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ തീവണ്ടി വെള്ളിയാഴ്ച്ചയാണ് പുറത്തിറങ്ങിയത്. ഒരുപാട് നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.മികച്ച പ്രതികരണമാണ് ഇതിനകം ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. തീവണ്ടി കണ്ട് താന്‍ പുകവലി നിര്‍ത്തിയെന്ന് പറഞ്ഞ് നിരവധിപേരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ചിത്രം കണ്ട് തന്റെ കാമുകന്‍ പുകവലി നിര്‍ത്താമെന്ന് സമ്മതിച്ചുവെന്ന് പറഞ്ഞ് ചിലര്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.