ബോളിവുഡ് താരം ജാന്‍വി കപൂര്‍ കഴിഞ്ഞ മാര്‍ച്ച് ആറിന് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. തന്റെ 27-ാം പിറന്നാള്‍ ദിനത്തിലായിരുന്നു ജാന്‍വി തിരക്കുകള്‍ മാറ്റിവെച്ച് തിരുപ്പതിയിലെത്തിയത്. കാമുകന് ശിഖര്‍ പഹാരിയയും സുഹൃത്ത് ഒറി അവത്രാമണിയും ജാന്വിക്കൊപ്പമുണ്ടായിരുന്നു.
ഇപ്പോളിതാ പിറന്നാള്‍ ദിനത്തില്‍ മുട്ടുകുത്തി തിരുപ്പതി ക്ഷേത്രപ്പടികള്‍ കയറുന്ന താരത്തിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സര്‍ ഓറിയാണ് ജാന്‍വി മുട്ടുകുത്തി ക്ഷേത്ര പടികള്‍ കയറുന്ന വീഡിയോ ഇപ്പോള്‍ പങ്കുവച്ചത്.
3550 പടിക്കെട്ടുകള്‍ കയറി മൂന്നുപേരും മുകളിലെത്തുന്നത് വീഡിയോയില്‍ കാണാം. മുട്ടുകുത്തിയാണ് മൂന്നുപേരും അവസാന പടിക്കെട്ടുകള്‍ കയറിയത്. മുകളിലെത്താന്‍ നാല് മണിക്കൂര്‍ എടുത്തെന്നും ഒറി വീഡിയോയില്‍ പറയുന്നുണ്ട്.
ക്ഷേത്രദര്‍ശനത്തിന് ശേഷം തിരിച്ചുപോകുന്ന വഴിയില്‍ വിമാനത്തില്‍വെച്ച് കേക്ക് മുറിച്ച് ജാന്‍വിയുടെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു. ഇതും ഒറി വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമ്മ ശ്രീദേവിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ തിരുപ്പതിയില്‍ നിരവധി തവണ ജാന്‍വി ദര്‍ശനത്തിന് എത്തിയിട്ടുണ്ട്.
ആത്മീയമായി ക്ഷേത്രത്തോട് അടുപ്പം കാണിക്കുന്ന ജാന്‍വി കപൂര്‍ 50 തവണയും ശിഖര്‍ 9 തവണയും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്.
സന്ദര്‍ശനത്തിനിടെ ജാന്‍വി വെങ്കിടേശന്റെ ദര്‍ശനത്തിനായി തിരുമല ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രത്തിലെത്തിയ ജാന്‍വിക്ക് വിഐപി പ്രവേശനം അനുവദിച്ചു. അവിടെ വെങ്കിടേശ ഭഗവാന്റെ ദര്‍ശനം കാണാനുള്ള സൌകര്യം അവര്‍ക്ക് ലഭിച്ചു.
അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും ജാംനഗറില്‍ നടന്ന വിവാഹത്തിന് മുമ്പുള്ള ബാഷിലും ശിഖര്‍ പഹാരിയയും താരത്തോടൊപ്പം എത്തിയിരുന്നു.
അതേസമയം തെലുങ്ക് ചലച്ചിത്രമേഖലയില്‍ അരങ്ങേറ്റം കുറിക്കുന്ന ജാന്‍വി കപൂര്‍ ദേവര എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. രാജ്കുമാര് റാവുവിനൊപ്പം 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് മഹി'യും താരത്തിനുണ്ട്. മറുവശത്ത് ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന രാം ചരണിന്റെ വരാനിരിക്കുന്ന തെലുങ്ക് ചിത്രത്തിലാണ് ജാന്‍വി കപൂര്‍ അഭിനയിക്കുന്നത്. കപൂറിന്റെ ജന്മദിനത്തിലാണ് ഈ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്.