മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന സിനിമയാണ് പത്മരാജന്‍ ഒരുക്കിയ തൂവാനത്തുമ്പികള്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മണ്ണാറത്തൊടി ജയകൃഷ്ണന്‍ എന്ന നായക കഥാപാത്രം തൃശ്ശൂര്‍ പൂത്തോളില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനാണ്-കാരിക്കത്ത് ഉണ്ണിമേനോന്‍. തന്റെ ആത്മസുഹൃത്തായിരുന്ന ഉണ്ണിമേനോന്റെ ജീവിതത്തില്‍ നിന്നാണ് പത്മരാജന്‍ ജയകൃഷ്ണനെ സൃഷ്ടിച്ചത്. ഇപ്പോഴിതാ തൂവാനത്തുമ്പികള്‍ ആദ്യമായി കണ്ടതിനെക്കുറിച്ച് മനസുതുറക്കുകയാണ് ഉണ്ണിമേനോന്‍. മോഹന്‍ലാലുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം തന്റെ ജീവിതത്തെ കുറിച്ച് സംസാരിച്ചത്.
ദുബൈയിലെ ഗലേറിയ തിയേറ്ററില്‍ വെച്ചാണ് തൂവാനത്തുമ്പികള്‍ ആദ്യമായി കാണുന്നത്. പടം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ആദ്യം അന്തം വിട്ടുപോയി. കാരണം എന്റെ ജീവിതത്തില്‍ ഉണ്ടായ കാര്യങ്ങള്‍ അതേപടി കാണിച്ചപോലെ തോന്നി. അല്‍പ സ്വല്പം പൊടിപ്പും തൊങ്ങലും ഒക്കെയുണ്ട്. ആ സിനിമ എന്റെ ഉള്ളില്‍ തട്ടി. ജയകൃഷ്ണന്‍ എന്ന കഥാപാത്രം അതിമനോഹരമായിട്ട് ചെയ്തതായി തോന്നി. ആ കഥാപാത്രം നഗരത്തില്‍ വരുമ്പോള്‍ ഉള്ള മാറ്റങ്ങള്‍, ആട്ടിന്‍ തല വാങ്ങാന്‍ പോകുന്നത് ഒക്കെ അന്ന് നടന്ന സംഭവങ്ങള്‍ ആണ്. സിനിമ കണ്ടിട്ട് ഞങ്ങള്‍ കണ്ട ഉണ്ണിമേനോന്‍ അല്ല ഈ കാണുന്നത് എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. അവരുടെ മുന്‍പില്‍ എന്റെ വേറെ ഒരു മുഖമാണ് കണ്ടിട്ടുള്ളത്. ജീവിക്കുന്ന ഈ നിമിഷം സെലിബ്രേറ്റ് ചെയ്യുക എന്നതാണ് എനിക്ക്. ഇപ്പോഴും അങ്ങനെ തന്നെ ആണ് അതില്‍ ഒരു മാറ്റവും വന്നിട്ടില്ല', ഉണ്ണിമേനോന്റെ വാക്കുകള്‍.
മാധ്യമപ്രവര്‍ത്തകനും പപ്പപ്പ എഡിറ്റര്‍ ഇന്‍ ചീഫുമായ ശരത്കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച കഥയാത്ര എന്ന പരിപാടിയിലൂടെയാണ് ഉണ്ണിമേനോന്‍ മനസുതുറന്നത്. ജിജോ ജോസഫ് (ക്രിയേറ്റീവ് ഡയറക്ടര്‍), മില്‍ട്ടണ്‍ പിടി (ഛായാ?ഗ്രഹണം), ജോണ്‍കുട്ടി (എഡിറ്റിങ്), സൂരജ് എസ്.കുറുപ്പ് (സം?ഗീതം) തുടങ്ങിയവരാണ് ഈ പരിപാടിയുടെ അരങ്ങില്‍ പ്രവര്‍ത്തിച്ചവര്‍. പത്മരാജന്‍ ഒരുക്കിയ തൂവാനത്തുമ്പികള്‍ എന്ന സിനിമയ്ക്ക് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തിലെ ക്ലാര, ജയകൃഷ്ണന്‍ തുടങ്ങിയ കഥാപാത്രങ്ങളെ ഇന്ന് പ്രേക്ഷകര്‍ ആഘോഷിക്കുന്നുണ്ട്. മോഹന്‍ലാല്‍, സുമലത, പാര്‍വതി, അശോകന്‍, ബാബു നമ്പൂതിരി തുടങ്ങിയവരാണ് സിനിമയിലെ താരങ്ങള്‍. പത്മരാജന്‍ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയതും.