അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇഖ്ബാലും വിവാഹിതരായി. ഇരുവരുടേതും റജിസ്റ്റര്‍ വിവാഹമാണ്. ഏഴ് വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനുശേഷമാണ് വിവാഹം. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ബാന്ദ്രയിലുള്ള സൊനാക്ഷിയുടെ അപ്പാര്‍ട്ട്മെന്റില്‍ ആഘോഷങ്ങള്‍ നടന്നു.
വിവാഹ ചിത്രങ്ങള്‍ സോനാക്ഷിയും സഹീറും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. 'എഴു വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് ഇരുവരും പരസ്പരം അടുത്തതെന്നും, ഇരു കുടുംബങ്ങളുടെയും ദൈവങ്ങളുടെയും അനുഗ്രഹത്തോടെ ഒന്നിച്ചുവെന്നും' പോസ്റ്റില്‍ താരം കുറിച്ചു.
''ഏഴ് വര്‍ഷം മുമ്പ് ഈ ദിവസമാണ് (23.06.2017) ഞങ്ങളുടെ കണ്ണുകളില്‍ പരസ്പര സ്നേഹം അതിന്റെ ശുദ്ധമായ രൂപത്തില്‍ കണ്ടത്. അത് മുറുകെ പിടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇന്ന് ആ സ്നേഹം എല്ലാ വെല്ലുവിളികളിലൂടെയും വിജയങ്ങളിലൂടെയും ഞങ്ങളെ നയിച്ചു. ഈ നിമിഷത്തിലേക്ക് എത്തിയിരിക്കുന്നു. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും രണ്ട് ദൈവങ്ങളുടെയും അനുഗ്രഹത്തോടെ ഞങ്ങള്‍ ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവുമാണ്. ഇപ്പോള്‍ മുതല്‍ എന്നെന്നേക്കുമായി, പരസ്പരം സ്നേഹിക്കാനും പ്രത്യാശിക്കാനും എല്ലാ കാര്യങ്ങളും മനോഹരമാക്കാനും ഒരുമിച്ചുണ്ട്.''- വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് സൊനാക്ഷി കുറിച്ചു.
വിവാഹ ലളിതമാക്കിയെങ്കിലും ബോളിവുഡ് സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി മുംബൈയില്‍ വലിയൊരു റിസപ്ഷന്‍ തയാറാക്കിയിട്ടുണ്ട്.മറ്റൊരു മതത്തില്‍പെട്ട ആളെ മകള്‍ വിവാഹം ചെയ്യുന്നതില്‍ സൊനാക്ഷിയുടെ പിതാവ് ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് എതിര്‍പ്പുണ്ടെന്നും, അദ്ദേഹം വിവാഹത്തില്‍ പങ്കെടുക്കില്ല എന്നുമൊക്കെ നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. വിവാഹത്തിന് വേണ്ടി സൊനാക്ഷി മതം മാറില്ല എന്ന് ആദ്യമേ വ്യക്തമാക്കിയതാണ്. എന്നാല്‍ എല്ലാ ഗോസിപ്പുകളും അവസാനിപ്പിച്ച്, അച്ഛന്റെ സാന്നിധ്യത്തിലും അനുഗ്രഹത്തിലും തന്നെയാണ് സൊനാക്ഷിയുടെ വിവാഹം നടന്നത്.
വിവാഹച്ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. നടി അദിതി റാവു ഹൈദരിയും നടന്‍ സിദ്ധാര്‍ത്ഥും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചടങ്ങിന് സാക്ഷിയായ്. ശനിയാഴ്ച സോനാക്ഷിയുടെ കുടുംബവീടായ രാമായണത്തില്‍ നടന്ന പൂജകളോടെയാണ് വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ ആരംഭിച്ചത്.
താരദമ്പതികള്‍, ജൂണ്‍ 20ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഇന്‍ഡോര്‍ പാര്‍ട്ടിയും, ജൂണ്‍ 21ന് മെഹന്ദി ചടങ്ങും നടത്തിയിരുന്നു.