വിജയ് ചിത്രം ലിയോയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ നീക്കം.സിനിമയുടെ ചില ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടികളെന്നാണ് സൂചന.
ഷൂട്ടിംഗ് സ്ഥലത്ത് നിന്നുള്ള സ്റ്റില്ലുകളും ചിത്രങ്ങളും ചോരുന്നത് തടയാന്‍ ലിയോയുടെ നിര്‍മ്മാതാക്കള്‍ ഒരു ടീമിനെ നിയോഗിച്ചു. കൂടാതെ സിനിമയുടെ ചിത്രീകരണ വേളയില്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തിന് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കശ്മീര്‍ ഷെഡ്യൂളിന് ശേഷം ലിയോയുടെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് മുമ്പ് 1015 ദിവസം വരെ ഇടവേളയ്ക്ക് പോകാനാണ് ലോകേഷ് കനകരാജും സംഘവും പദ്ധതിയിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ബാക്കി ഭാഗങ്ങള്‍ പൂര്‍ണ്ണമായും ചെന്നൈയിലായിരിക്കും ചിത്രീകരിക്കുക. ഏപ്രില്‍ രണ്ടാം വാരത്തോടെ ഷെഡ്യൂള്‍ ആരംഭിക്കും.
തൃഷയാണ് ലിയോയിലെ നായിക. പതിനാല് വര്‍ഷത്തിന് ശേഷമുള്ള വിജയ് -തൃഷ ചിത്രമാണ് ലിയോ. ബോളിവുഡ് താരം സഞ്ജയ് ദത്ത്, മലയാളി നടന്‍ മാത്യു തോമസ്, അര്‍ജുന്‍ സര്‍ജ, സംവിധായകരായ ഗൗതം മേനോന്‍, മിഷ്‌കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
ലിയോയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദ്രന്‍ ആണ്. ഛായാഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്. ലോകേഷിനൊപ്പം രത്നകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ലിയോയുടെ ലോക്കേഷനിലെ ദൃശ്യങ്ങള്‍ നേരത്തെയും ചോര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2021ല്‍ മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് ലിയോ.