തമിഴില്‍ വമ്പന്‍ ഹിറ്റായ ചിത്രമായിരുന്നു എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത് സൂര്യ നായകനായ ഗജിനി. ചിത്രത്തിന്റെ ഹിന്ദി പതിപ്പും വിജയമായിരുന്നു. ഗജിനിയുടെ ഹിന്ദി പതിപ്പിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് സല്‍മാന്‍ ഖാനെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച പ്രദീപ് റാവത്ത്. സിദ്ധാര്‍ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് പ്രദീപ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
'മുരുകദോസ് ഗജനി ഹിന്ദിയിലും ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.നായകനായി ആരെ കാസ്റ്റ് ചെയ്യാമെന്ന് മുരുക ദോസ് എന്നോട് ചോദിച്ചു. അപ്പോള്‍ ഞാന്‍ സല്‍മാന്‍ ഖാനെക്കുറിച്ച് ചിന്തിച്ചു. പക്ഷെ സല്‍മാന് പെട്ടന്ന് ദേഷ്യം വരും. മുരുക ദോസിന് ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കാന്‍ അറിയില്ല. അമീര്‍ ഖാനാണ് ഉചിതമെന്ന് എനിക്ക് തോന്നി. അമീറിന് പെട്ടന്നൊന്നും ദേഷ്യം വരില്ല. എല്ലാവരോടും നന്നായി പെരുമാറും. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ അമീര്‍ ആരോടും ദേഷ്യപ്പെടുന്നതോ ഉച്ചത്തില്‍ സംസാരിക്കുന്നതോ കണ്ടിട്ടില്ല. അതുകൊണ്ടാണ് സല്‍മാന്‍ ഖാന് പകരം ഞാന്‍ അമീറിനെ നിര്‍ദ്ദേശിച്ചത്'- താരം പറഞ്ഞു.
സിനിമയുടെ അവസാന ഘട്ട ചിത്രീകരണത്തിനിടെ അമീര്‍ ഖാന് പരിക്കേറ്റ സംഭവത്തെക്കുറിച്ചും പ്രതീപ് റാവത്ത് പറഞ്ഞു. ഗജനിയില്‍ അമീര്‍ ഖാന്‍ സഞ്ചയ് സിംഘാനിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നായികയായി എത്തിയത് അസിനായിരുന്നു. 65 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചത്. ഗജനിയില്‍ ജിയാ ഖാന്‍, സുനില്‍ ഗ്രോവര്‍,സോണാല്‍ സെഹ്ഗാള്‍,റിയാസ് ഖാന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
തമിഴില്‍ ഗജനി സൂപ്പര്‍ ഹിറ്റായിരുന്നു. സൂര്യയോടൊപ്പം അസിനാണ് നായികയായി എത്തിയത്. ചിത്രത്തില്‍ നയന്‍താര, റിയാസ് ഖാന്‍, രാമനാഥന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.