രണ്ടാമൂഴത്തിൽ ഭീമനായി അഭിനയിക്കുമെന്ന് താൻ ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ല. ഇതേക്കുറിച്ചുള്ള വാർത്തകൾ പലതും വന്നിരുന്നെങ്കിലും ചിത്രം യാഥാർഥ്യമാകുമോയെന്ന് മറ്റുള്ളവരെപ്പോലെ താനും സംശയിക്കുന്നുണ്ടെന്നുമാണ് താരം പറഞ്ഞത്. 'ഇതൊരു വലിയ ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്നു. സിനിമയെന്നത് സംഭവിക്കുന്ന ഒരു കാര്യമാണ്. ഞാൻ രണ്ടാമൂഴത്തിൽ ഭീമനായി അഭിനയിക്കുന്നു എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഒരുപാട് വാർത്തകൾ വന്നിട്ടുണ്ട്. അതൊരു വലിയ ചോദ്യചിഹ്നമാണ്. അത് സംഭവിക്കട്ടെ. അത് കഴിഞ്ഞ് ആ സെറ്റിൽ പോയി അഭിനയിച്ചു തുടങ്ങുമ്പോഴേ ഞാൻ അതിൽ അഭിനയിച്ചു എന്നെനിക്ക് പറയാനാകൂ.
എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങുന്ന രണ്ടാമൂഴം മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. എംടിയുടെ രണ്ടാമൂഴം എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ ഭീമനായി മോഹൻലാൽ എത്തുന്നുവെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ വ്യാജമാണെന്നും ഭീമന്റെ വേഷം അവതരിപ്പിക്കുമെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നുമാണ് മോഹൻലാൽ ഇപ്പോൾ വെളിപ്പെടുത്തുന്നത്. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം പൃഥിരാജിന്റെ പ്രതിഭയിൽ വിശ്വാസമുണ്ടെന്നും ലൂസിഫർ വൻ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. '40 വർഷങ്ങളായി ഞാൻ സിനിമയിൽ വന്നിട്ട്. സിനിമയെ സ്നേഹിക്കുന്ന ഒരുപാട് ആളുകളെ ഈ യാത്രയിൽ എനിക്ക് കണ്ടെത്താൻ കഴിഞ്ഞു. പൃഥ്വിയെ എനിക്ക് കുട്ടിക്കാലം മുതൽ അറിയാം. മുരളിയും പൃഥ്വിയും എന്നോട് കഥ പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്യാമെന്ന് ഞാൻ ഏൽക്കുകയായിരുന്നു. വലിയ അവകാശവാദങ്ങളൊന്നും ഞാൻ മുന്നോട്ട് വയ്ക്കുന്നില്ല. എല്ലാ സിനിമകളും നന്നാകണം എന്ന് കരുതിയാണ് ചെയ്യുന്നത്. ചിലത് വിജയമാകും മറ്റു ചിലത് പരാജയപ്പെടും. എന്നാൽ ലൂസിഫറിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ട്' - മോഹൻലാൽ പറഞ്ഞു.