മലയാളത്തിലെ അതുല്യ നടനായിരുന്ന കലാഭവന്‍ മണി വിടപറഞ്ഞിട്ട് മൂന്നുവര്‍ഷം പിന്നിട്ടെങ്കിലും ഈ അതുല്യ പ്രഭയുടെ സ്മരണകള്‍ ഇന്നും ആരാധക മനസ്സുകളിലുണ്ട്. വീടിനൊപ്പം തന്നെ മണി ഇഷ്ടപ്പെട്ടതായിരുന്നു ചാലക്കുടി പുഴയോരത്തെ തോട്ടമായ പാഡി. ഇവിടെയായിരുന്നു മണിയുടെ അവസാനനിമിഷങ്ങളും. പാഡിയില്‍ ഇപ്പോഴും നിത്യവും സന്ദര്‍ശകരെത്തുന്നുണ്ട്. പ്രളയം ബാക്കിവെച്ച മണിയുടെ പാഡിയിലെ ചില കാഴ്ചകള്‍ കാണാം.
സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് ദിവസവും പാഡിയിലേക്ക് എത്തുന്നത്. പാഡിയിലെ വൈക്കോല്‍ മേഞ്ഞ ഷെഡും തൊട്ടടുത്തുണ്ടായിരുന്ന താമസ കേന്ദ്രവുമെല്ലാം പ്രളയമെടുത്തു. വൈക്കോല്‍ കെട്ടിടം സ്ഥിതിചെയ്തിരുന്ന സ്ഥാനത്ത് ഇന്നുള്ളത് ഒരു ഓല ഷെഡ് മാത്രമാണ്. വശങ്ങളില്‍ മണിയുടെ അഭിനയ മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ ഉള്‍ക്കാള്ളുന്ന ഫ്‌ലക്‌സുകള്‍ വലിച്ച് കെട്ടിയിട്ടുള്ളതാണ്് ആകെയുള്ള അലങ്കാരം. ഷെഡിനുള്ളില്‍ കലാഭവന്‍ മണിയുടെ ഒരു ചിത്രവും നിലവിളക്കും ഉണ്ട്.ആരാധകര്‍ ഈ വിളക്ക് കൊളുത്തി ചിത്രത്തിന് മുന്നില്‍ പൂക്കള്‍ അര്‍പ്പിച്ച് അനുസ്മരിച്ചാണ് ഇവിടെ നിന്നും മടങ്ങുന്നത്.
നിറമിഴികളോടെയും വിങ്ങിക്കരഞ്ഞും നാടന്‍ പാട്ടുകള്‍ ആലപിച്ചും മറ്റുമാണ് ആരാധകര്‍ ഇവിടെ മണിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിയ്ക്കുന്നത്. സ്വന്തം വീടായ മണിക്കൂടാരത്തേക്കാള്‍ മണി നെഞ്ചിലേറ്റിയത് ഇഷ്ടപ്പെട്ടിരുന്നത് ചാലക്കുടി പുഴയോരത്തെ പാഡി എന്നുപേരിട്ടിട്ടുള്ള താമസസ്ഥലത്തെയായിരുന്നു. മണിയുടെ ജീവിതത്തിലെ നിരവധി അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് വേദിയായത് പാഡിയാണ്. ജീവിതത്തിന്റെ അവസാനത്തിന് മണിക്കൂറുകള്‍ക്കുമുമ്പും മണികഴിഞ്ഞിരുന്നത് ഇവിടെയാണ്.
ഒന്നര ഏക്കറോളം വരുന്ന ഈ പുരയിടത്തിലെ പണിക്കാരനായിരുന്നു മണിയുടെ അച്ഛന്‍ രാമന്‍. അതിനാലാണ് ഈ പുരയിടം മണി സ്വന്തമാക്കിയത്. നിറയെ ജാതി, തെങ്ങ് മറ്റു ഫല വൃക്ഷങ്ങള്‍ കൊണ്ട് തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ഇവിടെ വൈക്കോല്‍ മേഞ്ഞ ഒരു ഷെഡും ചെറിയൊരു വീടുമാണ് മണി നിര്‍മ്മിച്ചത്. സിനിമ രംഗത്തെ സുഹൃത്തുക്കളും മറ്റും വരുമ്പോള്‍ ഒത്ത് കൂടി ഉല്ലസിച്ചിരുന്നത് ഇവിടെയായിരുന്നു.
മണിയുടെതായി പുറത്തുവന്ന നിരവധി ഹിറ്റുഗാനങ്ങളും പിറവിയൈടുത്തത് പാഡിയിലാണ്.പുഴയുടെ സൗന്ദര്യം ആസ്വദിച്ച്,ഈറന്‍ കാറ്റേറ്റിരുന്നാണ് മണിപാട്ടുകള്‍ ചിട്ടപ്പെടുത്തിയിരുന്നത്. പാഡിയിലേയ്ക്ക് പോകുന്ന വഴിയിലാണ് മതാപിതാക്കളുടെ സ്്മരണയ്ക്കായി മണി നിര്‍മ്മിച്ച് കലാഗൃഹം സ്ഥിതിചെയ്യുന്നത്.ഇവിടെ സ്ഥാപിച്ചിട്ടുള്ള മണിയുടെ പൂര്‍ണ്ണകായ പ്രതിമയ്ക്ക് മുന്നില്‍ തിരികൊളുത്തിയും കര്‍പ്പൂരം കത്തിച്ചും സ്മരണ പുതുക്കുന്ന ആരാധകരും നിരവധിയാണ്.