പ്രാണയ്ക്ക് ശേഷം നിത്യ മേനോൻ നായികയാവുന്ന ടി.കെ. രാജീവ് കുമാർ ചിത്രം കോളാമ്പിയുടെ ട്രെയ്ലർ നടൻ മോഹൻലാൽ പുറത്തിറക്കി. ലൗഡ്‌സ്പീക്കർ കാലത്തിന് മുൻപ് ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കുന്നതിൽ നാട് നിറഞ്ഞു നിന്ന കോളാമ്പി യുഗത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുന്ന ചിത്രമാണിത്
സംവിധായകൻ രഞ്ജി പണിക്കർ, നിർമ്മാതാവ് സുരേഷ്‌കുമാർ തുടങ്ങിയവരെ വ്യത്യസ്ത ഗെറ്റപ്പുകളിൽ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ട്രെയ്ലറിന്റെ ഹൈലൈറ്റ്. നടി രോഹിണിയും ഒരു സുപ്രധാന വേഷത്തിലെത്തുന്നു. കൂടാതെ ഗായകൻ വിജയ് യേശുദാസ് ഒരു രംഗത്തു വന്ന് പോവുന്നുണ്ട്.
ഉച്ചഭാഷിണി സുപ്രീംകോടതി നിരോധിച്ചതോടെ അതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആളുകളുടെ ജീവിതസാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതാണ് സിനിമ. നെയ്യാറ്റിൻകര കൃഷ്ണപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
സുരേഷ് കുമാർ, ദിലീഷ് പോത്തൻ,രോഹിണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ചായാഗ്രഹണം രവി വർമ്മനും കലാസംവിധാനം സാബു സിറിളും ശബ്ദലേഖനം റസൂൽ പൂക്കുട്ടിയും സംഗീതം രമേഷ് നാരായണനും നിർവ്വഹിക്കും. രൂപേഷ് ഓമനയാണ് ചിത്രത്തിന്റെ നിർമ്മാണം.